
മുംബൈ: ലോകകപ്പിൽ അപകടകാരികളായ ഇടം കൈയൻ പേസര്‍മാരെ നേരിടാൻ ഇന്ത്യൻ ബാറ്റര്‍മാരെ സജ്ജരാക്കുന്ന ഒരാളുണ്ട് പരിശീലക ക്യാമ്പിൽ. ശ്രീലങ്കക്കാരൻ നുവാൻ സേനെവിരെത്നെ. സ്കൂൾ ബസ് ഡ്രൈവറില്‍ നിന്ന് ഇന്ത്യൻ ടീമിന്റെ ഇടങ്കയ്യൻ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റായ നുവാന്റെ ജീവിതകഥ ആരെയും അമ്പരപ്പിക്കുന്നതാണ്.
രോഹിത്തും സംഘവും ഓരോ മത്സരത്തിനുമിറങ്ങുന്നത് നെറ്റ്സിൽ നുവാൻ എറിയുന്ന തീയുണ്ടകൾ നേരിട്ടതിനുശേഷമാണ്. ശ്രീലങ്കയ്ക്കായി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ച് പരിചയമെയുള്ളു നുവാന്‍. ജീവിക്കാനായി സ്കൂൾ ബസ് ഡ്രൈവറായി. അപ്പോഴും രാവിലെയും വൈകീട്ടും രണ്ട് മണിക്കൂര്‍ വീതം മുടങ്ങാതെ ജിമ്മിൽ പോവും. ഇടവേളകളിൽ ക്രിക്കറ്റ് ക്ലബ്ബിലുള്ള പരിശീലനം എത്തിച്ചത് ശ്രീലങ്കൻ ടീമിന്റെ ഫീൽഡിംഗ് പരിശീലക പദവിയിലായിരുന്നു.
2017 ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ ക്യാപ്റ്റനായിരുന്ന വിരാട് കോലിയെ പരിചയപ്പെട്ടത് കരിയറില്‍ വഴിത്തിരിവായി. നെറ്റ്സിൽ ബൗളിംഗ് യന്ത്രത്തെ തോൽപ്പിക്കുന്ന നുവാന്റെ കൃത്യതയിൽ അമ്പരന്ന കോലിയുടെ ശുപാര്‍ശയിൽ 2018 ഏഷ്യാകപ്പ് മുതൽ ഇന്ത്യൻ ക്യാമ്പിലെത്തി. ശ്രീലങ്കൻ ടീമില്‍ ലഭിച്ചിരുന്ന പത്തിരട്ടി അധിക പ്രതിഫലത്തിലായിരുന്നു പുതിയ ദൗത്യം.
175 കിലോമീറ്റര്‍ വരെ വേഗത്തിൽ നെറ്റ്സിൽ പന്തെറിയുന്ന ശ്രീലങ്കക്കാരൻ ഇന്ന് ഇന്ത്യൻ പരിശീലക സംഘത്തിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ്. ലീഗ് ഘട്ടത്തില്‍ ഇടം കൈയന്‍ പേസര്‍മാരായ പാകിസ്ഥാന്റെ ഷഹീന് അഫ്രീദിയെയും ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനെയും ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടിനെയും ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സനെയുമെല്ലാം നേരിടാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മക്കും ശുഭ്മാന്‍ ഗില്ലിനും ആത്മവിശ്വാസം കിട്ടിയത്, നുവാന്റെ പന്തുകളിലൂടെയായിരുന്നു.
ന്യൂസിലന്‍ഡിനെതിരെ നാളെ നടക്കുന്ന സെമിയിൽ ഇടങ്കയ്യൻ പേസര്‍ ട്രെന്റ് ബോൾട്ടിനേയും ഫൈനലിലെത്തിയാൽ മിച്ചല്‍ സ്റ്റാര്‍ക്കിനേയോ മാര്‍ക്കോ യാൻസനേയോ നേരിടാനും ഇന്ത്യൻ ബാറ്റിംഗ് സംഘത്തിന് കരുത്തേകുക ഈ 44കാരന്റെ തന്ത്രങ്ങളായിരിക്കും.
Last Updated Nov 14, 2023, 12:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]