
മുംബൈ: വീട്ടുജോലിക്കാരിയുടെ ഒമ്പതുവയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് നടി സണ്ണി ലിയോൺ. കുട്ടിയെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികമായി നൽകുമെന്നും സണ്ണി ലിയോൺ പറഞ്ഞു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.
മുംബൈയിലെ ജോഗേശ്വരി ഭാഗത്തുവെച്ച് ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും സണ്ണി ലിയോൺ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കൾ ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നാണ് സണ്ണി ലിയോൺ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോൺനമ്പറുകളും താരം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
കുട്ടിയെ കണ്ടെത്തുന്നവർ മാതാപിതാക്കളേയോ തന്നെയോ വിവരമറിയിക്കണമെന്നാണ് സണ്ണി ആവശ്യപ്പെടുന്നത്. കുട്ടിയെ തിരിച്ചെത്തിക്കുന്നവർക്കോ എന്തെങ്കിലും കുട്ടിയേക്കുറിച്ചുള്ള വിവരം നൽകുന്നവർക്കോ പണമായി ഉടനടി 11,000 രൂപ നൽകും. ഇതിനുപുറമേ തന്റെ കയ്യിൽ നിന്ന് വ്യക്തിപരമായി 50,000 രൂപ കൂടി നൽകുമെന്നും സണ്ണി ലിയോൺ പറഞ്ഞു. എല്ലാവരും കണ്ണുകൾ തുറന്ന് പെൺകുട്ടിക്കായി തിരച്ചിൽ നടത്തണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
വിവിധ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്രയിൽ ഈ വർഷം ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ 3594 പെൺകുട്ടികളും സ്ത്രീകളുമാണ് കാണാതായത്. 16 മുതൽ 35 വയസുവരെയുള്ളവരാണ് ഇക്കൂട്ടത്തിലുള്ളത്. ഇതിൽ 383 പേരെ കാണാതായത് മുംബൈയിൽ നിന്നാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡിയാണ് സണ്ണി ലിയോൺ ഒടുവിൽ ചെയ്ത ചിത്രം. ഈ വർഷം കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വൻവരവേല്പാണ് ലഭിച്ചത്. ആസ്വാദകർ ഏഴുമിനിറ്റ് എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണ് കെന്നഡിയെ സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]