കൊച്ചി: അന്തരിച്ച ചലച്ചിത്ര നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫിനെ കാണാൻ നടൻ മമ്മൂട്ടിയെത്തി. മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിലാണ് താരമെത്തിയത്. നടൻ പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ഒപ്പമുണ്ടായിരുന്നു.
ഹനീഫിന്റെ മകനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് നടൻ മടങ്ങിയത്. കലാരംഗത്തെ നിരവധിയാളുകളാണ് ഹനീഫിന്റെ വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കലാഭവൻ ഹനീഫ് അന്തരിച്ചത്. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠനകാലത്തുതന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടകവേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി.
‘ചെപ്പ് കിലുക്കണ ചങ്ങാതി’യാണ് ആദ്യ ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റാണ് അവസാന ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]