2023 ല്‍ ബോളിവുഡിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ‘ദ ലേഡി കില്ലര്‍’. അര്ജുന് കപൂര്‍, ഭൂമി പഡ്നേക്കര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് ബാ ലാണ്. ബിഎ പാസ്, സെക്ഷന്‍ 375 അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അജയ് ബാല്‍. ശൈലേഷ് ആര് സിംഗും സാഹില്‍ മിര്‍ചന്ദാനിയും ചേര്‍ന്ന് 45 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചത്. വെറും അന്‍പത് കേന്ദ്രങ്ങളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. 293 ടിക്കറ്റുകളാണ് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും കൂടി വിറ്റുപോയത്. 38000 രൂപ മാത്രമാണ് ചിത്രം വരുമാനം നേടിയത്.
യാതൊരു പ്രചാരണവുമില്ലാതെയാണ് ദ ലേഡി കില്ലര്‍ റിലീസിനെത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് തീയതിയുമൊക്കെ റിലീസിന് ഒരാഴ്ച മുന്‍പ് മാത്രമാണ് പുറത്തിറക്കിയത്. അതിനും ശേഷമായിരുന്നു ട്രെയ്ലര് റിലീസ്. ചിത്രീകരണം പൂര്‍ത്തിയാക്കാതെ എഡിറ്റിങ് ടേബിളില്‍ തട്ടികൂട്ടി സിനിമ റിലീസിന് എത്തിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2022 ഏപ്രില്‍ മാസത്തിലാണ് സിനിമയുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചത്. 2022 ഒക്ടോബര്‍ മാസത്തില്‍ ചിത്രീകരണം ആരംഭിച്ചു. 80 ശതമാനം ചിത്രീകരിച്ചതിന് ശേഷം സാമ്പത്തിക പ്രതിസന്ധിയും അഭിനേതാക്കളുടെ ഡേറ്റില്ലായ്മയെയും കാരണം സിനിമ നിന്നുപോയി. ചിത്രീകരണം പുനരാരംഭിക്കാന്‍ 4- 5 കോടി ആവശ്യമായിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ പത്ത് ദിവസത്തെ കൂടി സമയം വേണ്ടിയിരുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ അതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ചിത്രീകരിച്ച ഭാഗങ്ങള്‍ ഉപയോഗിച്ചാണ് സിനിമ റിലീസ് ചെയ്തത്. അത് സിനിമയുടെ നിലവാരത്തെ സാരമായി ബാധിച്ചുവെന്നും ബോളിവുഡ് ഹാംഗാമ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡിലായിരുന്നു സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ കടുത്ത മഴകാരണം അതിന് സാധിച്ചില്ലെന്നും വാദമുണ്ട്.
ബോളിവുഡില്‍ സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ മിക്കതും വലിയ പരാജയമായിരുന്നു. കങ്കണ റണാവത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തേജസ് കടുത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. എയര്‍ ഫോഴ്സ് പൈലറ്റിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സര്‍വേഷ് മേഹ്തയാണ്. യു.ടി.വി. പ്രൊഡക്ഷന്റെ ബാനറില്‍ റോണി സ്ക്രൂവാലയാണ് ചിത്രം നിര്‍മിച്ചത്. 60 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രത്തിന് ഇതുവരെ 5.45 കോടി മാത്രമാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടാനായത്.
ടൈഗര്‍ ഷ്റോഫിന്റെ ‘ഗണപത്’ എന്ന ചിത്രമാണ് ഈയടുത്ത് ബോളിവുഡില്‍ വലിയ പരാജയം സംഭവിച്ച മറ്റൊരു ചിത്രം. വികാസ് ബാല്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ആദ്യദിന വരുമാനം വെറും 2 കോടിയായിരുന്നു. ഒക്ടോബര്‍ 20-ന് റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ 12.48 കോടി മാത്രമാണ് ആഗോള ബോക്സ് ഓഫീസില്‍നിന്ന് നേടിയത്. അമിതാഭ് ബച്ചന്, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 150 കോടി മുതല്‍മുടക്കില്‍ ജാക്കി ബഗ്നനാനി, വശു ബഗ്നാനി, വികാസ് ബല് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ടൈഗര്‍ ഷ്റോഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാകും ഈ ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു. പല തിയേറ്ററുകളിലും ആളില്ലാത്തതിനാല്‍ പ്രദര്‍ശനം നിര്‍ത്തി വച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘യാരിയാന്‍ 2’-വിനൊപ്പമായിരുന്നു ‘ഗണപതി’ന്റെ റിലീസ്. ‘ബാംഗ്ലൂര്‍ ഡെയ്സി’ന്റെ ഹിന്ദി റീമേക്കായ ‘യാരിയാന്‍ 2’-നും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 2.02 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. രാധികാ റാവു, വിനയ് സാപ്രു എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ടീ സീരീസാണ്. ദിവ്യ ഘോസ്ല കുമാര്‍, പേള്‍ പുരി, എന്നിവര്‍ക്കൊപ്പം മലയാളി താരങ്ങളായ പ്രിയ പ്രകാശ്, അനശ്വര രാജന് എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.