കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് ഫലം പ്രസിദ്ധീകരിച്ചിട്ടും അത് തിരുത്താൻ വൈകിയത് ജാഗ്രത കുറവായെന്നാണ് വിലയിരുത്തൽ. അനാവശ്യവിവാദം ഉന്നത വിദ്യാഭ്യാസ വകുപ്പിനേയും കോളജിനേയും അപകീർത്തിപ്പെടുത്തിയെന്നും ഉത്തരവിലുണ്ട്.
മഹാരാജാസ് കോളജിലെ ആർക്കിയോളജി വിദ്യാർഥിയായിരുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് തെറ്റായി ഫലം പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് ആധാരം. കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് തന്നെ അപകീർത്തിപ്പെടുത്താൻ മനപൂർവമായ ഗൂഡാലോചന നടന്നെന്നാരോപിച്ച് ആർഷോ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എൻ ഐ സി സോഫ്ട് വെയറിലെ പിഴവാണ് തെറ്റായ ഫലം പ്രസിദ്ധീകരിക്കാൻ കാരണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരീക്ഷാ കൺട്രോളർ മറുപടി നൽകിയിരുന്നത്.
എന്നാൽ സോഫ്ട് വെയറിലെ പിഴവ് ബോധ്യപ്പെട്ടിട്ടും അത് തിരുത്താൻ വൈകിയത് പരീക്ഷാ കൺട്രോളറുടെ ഭാഗത്തെ വീഴ്ചയെന്നാണ് വിലയിരുത്തൽ. ഈ കാലതാമസം അനാവശ്യ വിവാദങ്ങൾ കത്തിപ്പടരാൻ ഇടയാക്കി. കോളജിലെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനും ഇടയാക്കി. ഈ ജാഗ്രത കുറവ് ഉന്നതവിദ്യാഭ്യാസ വകുപ്പിനേയും കോളജിനെ അപകീർത്തിപ്പെടുത്തി. പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുന്ന അധ്യാപകൻ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നെന്നും മേലിൽ ഈ ജാഗ്രത കുറവ് ആവർത്തിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും കോളജ് വിദ്യാഭ്യാസ ഡയറക്റടുടെ കത്തിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]