വാഷിങ്ടണ്‍: ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഗാസയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട അമേരിക്കൻ നഴ്സ് യുദ്ധഭൂമിയിലെ പൊള്ളുന്ന അനുഭവം വിശദീകരിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ താനും സംഘവും പട്ടിണി കിടന്ന് മരിച്ചുപോയേനെയെന്ന് എമിലി കല്ലഹാൻ എന്ന നഴ്സ് പറഞ്ഞു. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ, കൈകാലുകള്‍ നഷ്ടമായ നിരവധി കുട്ടികളെ താന്‍ കണ്ടുവെന്നും എമിലി സിഎന്‍എന്നിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സന്നദ്ധ സംഘത്തിലെ അംഗമാണ് എമിലി. ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളുടെ അവസ്ഥ ദയനീയമാണെന്ന് എമിലി പറഞ്ഞു. കുടിവെള്ളം പോലുമില്ലാത്ത അഭയാർഥി ക്യാമ്പുകളിലേക്കാണ് കുട്ടികളെ അയക്കുന്നത്. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ കുട്ടികളെ ചികിത്സ പൂര്‍ത്തിയാകും മുന്‍പ് വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്ത് വിടുകയാണെന്നും എമിലി വിശദീകരിച്ചു.
“മാതാപിതാക്കൾ അവരുടെ കുട്ടികളെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നു, ദയവായി സഹായിക്കാമോ? ദയവായി രക്ഷിക്കാമോ? എന്നു ചോദിച്ചുകൊണ്ട്. ഞങ്ങളുടെ കൈവശം ചികിത്സാ സാമഗ്രികളില്ല”- എമിലി പറഞ്ഞു. 50,000ല്‍ അധികം ആളുകളുള്ള ഒരു ക്യാമ്പില്‍ നാല് ടോയ്ലെറ്റുകള് മാത്രമാണുള്ളത്. ദിവസം നാല് മണിക്കൂര്‍ മാത്രമാണ് വെള്ളം ലഭിക്കുന്നതെന്നും എമിലി പറഞ്ഞു.
ഗാസ മുനമ്പിൽ താമസിക്കുന്ന പലസ്തീൻ ഡോക്ടർമാര്‍ക്കും നഴ്സുമാര്‍ക്കും തങ്ങള്‍ കൊല്ലപ്പെടുമെന്ന് അറിയാം. എന്നിട്ടും അവരവിടെ തുടരുകയാണ്. പലസ്തീന് സഹപ്രവര്ത്തകന് സ്വന്തം സുരക്ഷ അവഗണിച്ച് മുഴുവന്‍ സമയവും കൂടെയുണ്ടായിരുന്നുവെന്നും എമിലി പറഞ്ഞു. ഗാസയില്‍ ഇപ്പോള്‍ ഒരിടവും സുരക്ഷിതമല്ല. ഇപ്പോള്‍ താന്‍ കുടുംബത്തോടൊപ്പമാണ്. കഴിഞ്ഞ 26 ദിവസത്തിനുള്ളില്‍ ആദ്യമായി സുരക്ഷിതത്വം തോന്നുവെന്നും എന്നാല്‍ ഗാസയിലെ സ്ഥിതി ആലോചിക്കുമ്പോള്‍ സന്തോഷിക്കാനാവുന്നില്ലെന്നും എമിലി പറഞ്ഞു. ഇനി ഗാസയിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ-
“എന്റെ ഹൃദയം ഗാസയിലാണ്. അത് ഗാസയിൽ തന്നെ തുടരും. എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ അത്ഭുത മനുഷ്യര്‍ ഒപ്പം ജോലി ചെയ്ത പലസ്തീനികളാണ്”.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Nov 8, 2023, 11:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]