തിരുവനന്തപുരം: ഒടുവിൽ 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കാൻ തീരുമാനം. 25 കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ ഷാജിമോന്‍ ജോര്‍ജ് സമരം ചെയ്തതിന്റെ ഫലമയാണ് പുതിയ തീരുമാനം. ഷാജിമോന്റെ ദുരിതം അധികൃതര്‍ക്ക് മുന്നിലെത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു.ഒടുവില്‍ സര്‍ക്കാര്‍ നടപടിയെടുത്തു
പുതിയ സംവിധാനത്തിനായുള്ള ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായസ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. കെ സ്വിഫ്റ്റ് മുഖേന വ്യവസായ സംരംഭത്തിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തിയ നമ്പർ താൽക്കാലിക കെട്ടിട നമ്പറായി പരിഗണിക്കുമെന്ന ചട്ട ഭേദഗതി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തെ കൂടുതൽ ബലപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
കെ.സ്വിഫ്റ്റ് അക്നോളജ്മെന്റുള്ള സംരംഭങ്ങൾക്ക് മൂന്നുവർഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവർത്തിക്കാമെന്ന് നേരത്തെ തന്നെ വ്യവസ്ഥയുണ്ട്. മൂന്ന് വർഷം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ആവശ്യമുള്ള അനുമതികൾ നേടിയാൽ മതി. എന്നാൽ വായ്പ നേടുന്നതിനുൾപ്പെടെ കെട്ടിടനമ്പർ ആവശ്യമായതിനാൽ കെ സ്വഫ്റ്റ് മുഖേന താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കാനാണ് ചട്ട ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്യുന്നത്.
കാലഹരണപ്പെട്ട വ്യവസായ നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി സർക്കാർ നിയോഗിച്ച ഡോ. കെ.സി സണ്ണി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ചട്ട ഭേദഗതി. തദ്ദേശ സ്വയം ഭരണവകുപ്പും വ്യവസായവകുപ്പും സണ്ണികമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് വിജ്ഞാപനം. കൈപ്പറ്റ് സാക്ഷ്യപത്രത്തിലെ നമ്പറായിരിക്കും അതിന്റെ കാലാവധിവരെ താൽക്കാലിക കെട്ടിടനമ്പർ. മൂന്നുവർഷത്തിനുള്ളിൽ സ്ഥിരനമ്പർ നേടിയാൽ മതിയാകും.
അമ്പത് ലക്ഷത്തിന് മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ സംയോജിത ലൈസൻസ് നൽകുന്നുണ്ട്. സംരംഭകർക്കുള്ള പരാതി പരിഹാര സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എംഎസ്എം ഇ വ്യവസായം ആരംഭിക്കുന്നതിനും നടത്തികൊണ്ടു പോകുന്നതിനുമുള്ള സേവനങ്ങളെ സംബന്ധിച്ച പരാതി ലഭിച്ചാൽ മുപ്പതു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുന്നതിനും ഇത് പതിനഞ്ചു ദിവസത്തിനുള്ളിൽ നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾക്കൊള്ളുന്നതാണ് പരാതിപരിഹാര സംവിധാനം.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന സംവിധാനത്തിലേക്ക് സംരംഭകരിൽനിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പുവരുത്തും. പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തിൽ പിഴ ഈടാക്കാനാകും. 17 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് പരിഹാരം ഉണ്ടാവുക. ഏകീകൃത പരിശോധനാസംവിധാനമായ കെ. സിസ് – ഉം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
Last Updated Nov 8, 2023, 6:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]