
ഡൈനിങ് ടേബിളായി വാതില്‍; ടീപോയ്ക്ക് പകരം പഴയ മരപ്പെട്ടി; 960 സ്ക്വയര്‍ ഫീറ്റുള്ള വീട് നിര്‍മിക്കാൻ ചെലവ് പത്തുലക്ഷത്തില്‍ താഴെ; സാമൂഹികമാധ്യമത്തില്‍ വൈറലായ വീട് ഇതാ…!
മലപ്പുറം: സാമൂഹികമാധ്യമങ്ങളിലടക്കം ശ്രദ്ധാ കേന്ദ്രമാവുകയാണ് മലപ്പുറം പാങ്ങിലെ ഇരുനില വീട്.
പത്തുലക്ഷംരൂപ മാത്രം ചെലവാക്കി നിര്‍മിച്ച വീടെന്ന വസ്തുത മറ്റുവീടുകളില്‍ നിന്ന് ഈ വീടിനെ വേറിട്ട് നിര്‍ത്തുന്നു. 960 സ്ക്വയര്‍ ഫീറ്റുള്ള വീട് നിര്‍മിക്കാൻ ആകെ ചെലവായത് 9.60 ലക്ഷം രൂപയാണ്. ഫ്രിഡ്ജ് പോലുള്ള വീട്ടുപകരണങ്ങള്‍ക്ക് അടക്കം ചെലവായ തുകയാണിതെന്ന് വീടിന്റെ ഉടമയായ വിഷ്ണുപ്രിയൻ പറയുന്നു. എട്ടു സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.
വീടിന്റെ പ്രാഥമിക ഡിസൈൻ ഉണ്ടാക്കിയതും വിഷ്ണുപ്രിയൻ എന്ന ആര്‍ട്ടിസ്റ്റ് തന്നെയാണ്. ആര്‍ക്കിടെക്ടായ കിഷോറെന്ന സുഹൃത്ത് ഇടപെട്ടതോടെ ഡിസൈൻ പൂര്‍ണമായി. കോവിഡിന് മുൻപ് 2019-ല്‍ ആരംഭിച്ച വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2021-ലാണ് പൂര്‍ത്തിയായത്. രണ്ടു മുറികള്‍, ഹാള്‍, ഡൈനിങ് ഏരിയ, കിച്ചണ്‍, കോമണ്‍ ബാത്ത്റൂം, സിറ്റഔട്ട് എന്നിവ അടങ്ങിയതാണ് ഗ്രൗണ്ട് ഫ്ളോര്‍. ഫസ്റ്റ് ഫ്ളോറില്‍ ഒരു മുറി മാത്രമാണ് നല്‍കിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ലിവിങ് റൂം (പഴയ മരപ്പെട്ടി ടീപോയ്ക്ക് പകരമായി ഉപയോഗിച്ചിരിക്കുന്നത് കാണാം), വീടിന് മുൻവശത്തെ ജാളി
ജാളിയുടെ സാധ്യതകളും വീട്ടില്‍ പ്രയോജനപ്പെടുത്തി. ആറുപേര്‍ക്ക് ഇരിക്കാവുന്നതാണ് ഡൈനിങ് ഏരിയ. പഴയ ഒരു വാതിലുപയോഗിച്ചാണ് ഡൈനിങ് ടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്. പണ്ടുകാലങ്ങളില്‍ സ്ഥിരമായി കണ്ടിരുന്ന തരത്തിലുള്ള ഇരുമ്ബ് കസേരകളാണ് ഡൈനിങ് ഏരിയയില്‍ നല്‍കിയിരിക്കുന്നത്. ഏറെ തപ്പിയാണ് ഈ കസേരകള്‍ ലഭിച്ചതെന്നും വിഷ്ണുപ്രിയൻ പറയുന്നു.
വാം ലൈറ്റുകളാണ് വീട്ടില്‍ കൊടുത്തിരിക്കുന്നത്. ഫ്ളോറിങ്ങിലും വീട്ടിലുടനീളം വ്യത്യസ്തത കാണാൻ കഴിയും. ആന്ധ്ര കടപ്പ സ്റ്റോണുകളാണ് സിറ്റ്ഔട്ടിലുള്ളത്. പടികള്‍ ചെങ്കല്ലിലാണ് പൂര്‍ത്തിയാക്കിയത്. അകത്തേക്കു കയറിയാല്‍ വിഷ്ണുപ്രിയൻ എന്ന ആര്‍ട്ടിസ്റ്റിന്റെ കലാവിരുത് കാണാൻ കഴിയും.
സാധാരണ സിമന്റ് ഉപയോഗിച്ച നിര്‍മിച്ച തറയില്‍ എമല്‍ഷൻ ഉപയോഗിച്ച് വരച്ചാണ് ഫ്ളോറിങ് നല്‍കിയിരിക്കുന്നത്. ഇതിന് മുകളിലായി റെസിൻ കോട്ടിങ്ങും കൊടുത്തു.
ലിവിങ് റൂമില്‍ പഴയ സോഫ നവീകരിച്ച് പുതുതായി നല്കിയിരിക്കുന്നു, മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കുന്നതിനായി പഴയ വീട് പൊളിച്ചപ്പോള്‍ ലഭിച്ച കോണിയും കാണാം
മുകളിലെ നിലയില്‍ ഫ്ളോറിങ്ങിനായി ഗ്രീൻ ഓക്സൈഡും ബ്ലൂ ഓക്സൈഡും ഉപയോഗിച്ചു. ഗ്രേ ആൻഡ് ബ്രൗണ്‍ കോംബിനേഷിലാണ് കുളിമുറി നിര്‍മിച്ചത്. ചെറിയ കേടുവന്ന സെക്കൻഡ് ഹാൻഡ് ടൈലുകള്‍ ഇവിടെ പ്രയോജനപ്പെടുത്തി. ഫസ്റ്റ് ഹാൻഡ് ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും ഒഴിവാക്കി. പഴയ ഒരു സോഫയുണ്ടായിരുന്നത് മിനുക്കിയെടുത്താണ് ലിവിങ് റൂമില്‍ നല്‍കിയിരിക്കുന്നത്.
ടീപോയ്ക്ക് പകരമായി സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് പഴയ മരപ്പെട്ടി നല്കി. ഇവിടെ തന്നെ ഒരു ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.
ഡൈനിങ് ഏരിയ (പഴയ ഒരു ഡോറാണ് ടേബിളില്‍ പ്ലേറ്റ് വെയ്ക്കാനായി ഉപയോഗിച്ചിരിക്കുന്നത്, പഴയ കാലത്തെ കസേരകളും കാണാം)
അറ്റാച്ച്ഡ് ബാത്ത്റൂമുകള്‍ വീട്ടില്‍ നല്‍കിയിട്ടില്ല, പകരം പുറത്തായി രണ്ടു ബാത്ത്റൂമുകള്‍ കൊടുത്തിരിക്കുന്നു. മൂന്ന് കിടപ്പുമുറികളാണ് ആകെയുള്ളത്. എല്ലാ മുറികളിലും വാര്‍ഡ്രോബ് സൗകര്യവുമുണ്ട്. വീട് വൃത്തിയാക്കി പൊടി പുറത്തു കളയാനുള്ള സൗകര്യത്തിനായി അടുക്കളയുടെ തറ മറ്റു മുറികളില്‍ നിന്ന് കുറച്ച് താഴ്ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. സാധാരണ അടുപ്പാണ് ഇവിടെ ഇപ്പോഴും ഉപയോഗിക്കുന്നത്. പകല്‍സമയങ്ങളില്‍ ആവശ്യത്തിനകം വെളിച്ചം അകത്തു ലഭിക്കത്തക്ക തരത്തിലാണ് നിര്‍മാണം. കാറ്റ് ധാരാളം ലഭിക്കുന്ന പ്രദേശമായതിനാല്‍ വീടിനുള്ളില്‍ എപ്പോഴും കുളിര്മയുമുണ്ടാകും.
മുകളിലെ നിലയിലേക്കുള്ള ഗോവണി പൊളിച്ച ഒരു വീട്ടില്‍നിന്നും വാങ്ങിയതാണ്. ഇതിനു ചെലവായതാകട്ടെ ഏഴായിരംരൂപ മാത്രവും. ഇരുമ്ബിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കട്ടിലുകള്‍ നിര്‍മിച്ചപ്പോള്‍ മൂന്നെണ്ണത്തിന് ചെലവായത് വെറും അയ്യായിരം രൂപ മാത്രമാണ്.
ആവശ്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്കി വീട് നിര്‍മിക്കണമെന്നാണ് പുതുതായി വീട് നിര്‍മിക്കാൻ ആഗ്രഹിക്കുന്നവരോട് വിഷ്ണുപ്രിയന് പറയാനുള്ളത്. ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാല്‍ ചെലവും കുറയും, അനുകരണങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടതെന്നും വിഷ്ണുപ്രിയൻ പറയുന്നു. അമ്മ, അച്ഛൻ, അനിയൻ, അമ്മായി തുടങ്ങിയവരാണ് വീട്ടിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]