
കൊച്ചി : അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. സുപ്രീംകോടതി ഉത്തരവിന്റെ സംരക്ഷണം ഉള്ളതിനാൽ തൃശ്ശൂർ പൂരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ രാത്രി 10 മുതൽ രാവിലെ 6 വരെ വെടിക്കെട്ടിനുള്ള നിരോധനം തുടരും. എന്നാൽ ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള സിംഗിൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
രാത്രി 10 മുതൽ രാവിലെ 6 മണിവരെയുള്ള സമയത്ത് വെടിക്കെട്ടിനുള്ള നിരോധനം നിലനിൽക്കുമെങ്കിലും ഓരോ ആരാധനാലയങ്ങളുടെയും സാഹചര്യം പരിഗണിച്ച് സർക്കാരിന് വെടിക്കെട്ടിന് അനുമതി നൽകാമെന്നും ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമുള്ള വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഹർജിയുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങൾ പരിഗണിച്ചെന്നും, സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു കക്ഷികളോട് സിംഗിൾ ബെഞ്ചൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി.
അസമയത്തെ വെടിക്കെട്ട് നിരോധനം: ഉത്തരവിൽ വ്യക്തതയില്ല, റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ
സിംഗിൾ ബഞ്ച് ഉത്തരവിൽ അസമയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിനെ വ്യക്തികൾ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനിടവരുമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സർക്കാർ അപ്പീലിലുണ്ടായിരുന്നത്. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പുകൾ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ഹർജിക്കാരന് പരാതിയില്ല. പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി പരിശോധിച്ചതെന്നും സർക്കാർ വാദിച്ചു.
ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നൽകി 2005 ൽ സുപ്രീംകോടതി ഇളവ് നൽകിയിട്ടുണ്ട്.2006 ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശ്ശൂർ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഹർജിയിലെ ആവശ്യങ്ങളേക്കാൾ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാൻ കോടതിക്ക് കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവ് ഭാഗീകമായി റദ്ദാക്കിയത്.
Last Updated Nov 7, 2023, 1:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]