
തിരുവനന്തപുരം> സിൽവർ ലൈൻ പാത സംബന്ധിച്ച് എന്തെങ്കിലും പുതിയ പഠനത്തിന് ഉദ്ദേശിക്കുന്നില്ലെന്ന് കെ–-റെയിൽ. വിശദ പദ്ധതി രേഖ പ്രകാരം പദ്ധതി നടത്താനാണ് ലക്ഷ്യമിടുന്നത്. മറിച്ചുള്ള വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കെ റെയിൽ വ്യക്തമാക്കി. 95 ശതമാനം ടിക്കറ്റിൽനിന്നും അഞ്ച് ശതമാനം ടിക്കറ്റിതര വരുമാനംകൊണ്ടും ട്രെയിൻ സർവീസ് നഷ്ടമില്ലാതെ നടത്താനാകും. അനുബന്ധ വരുമാനം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഡിപിആറിൽ പറയുന്നുണ്ട്. അത് പരമാവധി വർധിപ്പിക്കുമെന്നും വ്യക്തം.
നിതി ആയോഗും ആവശ്യപ്പെട്ടിട്ടുള്ളത് സ്റ്റേഷനുകളുമായും മറ്റും ബന്ധിപ്പിച്ച് കൂടുതൽ വരുമാനം നേടണമെന്നാണ്. ലോകത്തെ മറ്റ് അതിവേഗ പാതകളിൽ 20 മുതൽ 40 ശതമാനംവരെ ഇത്തരം വരുമാനമുണ്ട്. മറ്റെന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ സാമൂഹ്യ ആഘാത പഠനത്തിന് ശേഷമായിരിക്കും. അതും വരുമാനവുമായി ബന്ധമുള്ളതാകില്ല. ഏതെങ്കിലും സ്റ്റേഷൻ ഉപേക്ഷിക്കാനും ഇപ്പോൾ തീരുമാനിച്ചിട്ടില്ല.
സർവേ നടത്തുന്നത് കെ -റെയിൽ
സർവേ നടത്തുന്നതിന്റെ ഉത്തരവാദിത്വം റവന്യു വകുപ്പിനാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ–-റെയിൽ. അലൈൻമെന്റ് പ്രകാരം സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലിടുന്നത് കെ–-റെയിൽ, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും കരാർ ഏറ്റെടുത്ത ഏജൻസിയും ചേർന്നാണ്. ചില സ്ഥല ഉടമകൾ കോടതിയെ സമീപിച്ചപ്പോൾ കെ–-റെയിലാണ് അപ്പീൽ നൽകി കല്ലിടാൻ അനുമതി വാങ്ങിയത്. ഏത് ഏജൻസിയാണോ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നത് അവർക്ക് 1961ലെയും 2013 ലെയും ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ‘ആവശ്യമായ അടയാളപ്പെടുത്തൽ’ നടത്താമെന്ന് ഹൈക്കോടതി വിധിയിലുണ്ട്. ഏത് പദ്ധതിക്ക് സ്ഥലം അളക്കുമ്പോഴും കല്ലിട്ടാണ് അതിര് തിരിക്കാറുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]