
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ് ലൈഫിനിടെ ഉണ്ടായ സംഘർഷത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നൈറ്റ് ലൈഫ് ആഘോഷത്തിനിടെ വെള്ളിയാഴ്ച രാത്രി മാനവീയം വീഥിയിൽ ഒരു സംഘർഷമല്ല ഉണ്ടായതെന്നാണ് വ്യക്തമായിരിക്കുന്നത്. ആ രാത്രി മാനവീയത്ത് രണ്ട് സംഘർഷങ്ങളുണ്ടായി. ആദ്യം പൂന്തുറ സ്വദേശികളെ ഒരു സംഘം മർദ്ദിച്ചു. പിന്നെ ഇതേ സംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തെന്നാണ് വ്യക്തമായിരിക്കുന്നത്.
അതിനിടെ മാനവീയം വീഥിയിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ സംഘർഷത്തിന്റെ തുടക്കം വ്യക്തമാക്കി മർദ്ദനമേറ്റ ആക്സലന്റെ ഭാര്യ രംഗത്തെത്തി. ഭർത്താവിനെ തന്റെ മുന്നിലിട്ട് മർദ്ദിക്കുന്നതിന്റെ ദൃക്സാക്ഷി കൂടിയായ ഭാര്യ ജെയ്ൻസി ഏഷ്യാനെറ്റ് ന്യൂസിന് ഫോണിലൂടെ നൽകിയ പ്രതികരണത്തിലാണ് സംഭവങ്ങളുടെ തുടക്കത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഡാൻസ് കളിക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് ആദ്യം ഉണ്ടായതെന്നാണ് ജെയ്ൻസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഈ തർക്കത്തിനൊടുവിലാണ് തന്റെ ഭർത്താവിന് മർദ്ദനമേറ്റതെന്നും ആക്സലന്റെ ഭാര്യ ജെയ്ൻസി വിവരിച്ചു.
ജെയിൻസിയുടെ വാക്കുകൾ
നമ്മളവിടെ സൈഡിൽ നിന്ന് ഡാൻസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോ അവര് അവരുടെ സ്ഥലമാണെന്ന് പറഞ്ഞ് തർക്കിക്കാൻ തുടങ്ങി. ഇവിടെ ഡാൻസ് കളിക്കാനാകില്ലെന്ന് അവര് പറഞ്ഞു. അതിനിടെ ആ സംഘവും മറ്റ് ചിലരുമായും തർക്കമുണ്ടായി. സംഭവത്തിൽ എന്റെ അനിയൻ പ്രശ്നമില്ലാതാക്കാൻ ശ്രമിക്കവെ അവർ അനിയനെ തല്ലുകയായിരുന്നു. അപ്പോഴാണ് ഭർത്താവ് ആക്സലൻ ഇടപെട്ടത്. അനിയനെ മാറ്റാൻ ശ്രമിക്കുന്നതിനെയാണ് ഭർത്താവിനെ അവര് ആക്രമിച്ചത്. ആദ്യം താക്കോൽ കൊണ്ട് തലയ്ക്ക് കുത്തുകയായിരുന്നു. പിന്നീടായിരുന്നു മർദ്ദിച്ചത്.
അതേസമയം മാനവീയം സംഘർഷത്തിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കരമന സ്വദേശിയായ ശിവയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘം ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പൂന്തുറ സ്വദേശികളെ മർദ്ദിച്ചതെന്നും ഇയാൾ ഉൾപ്പെട്ട സംഘമെന്നാണ് കണ്ടെത്തൽ. രണ്ടാമത്തെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മ്യൂസിയം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]