
ബംഗളൂരു: ജിയോളജിസ്റ്റായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കർണാടക മൈൻസ് ആൻഡ് ജിയോളജി ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ (37) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ വസതിയിൽ വെച്ചാണ് പ്രതിമ കുത്തേറ്റ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കർണാടക ജിയോളജി ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പ്രതിമ വീട്ടില്‍ തനിച്ചായ സമയത്താണ് ആക്രമിക്കപ്പെട്ടത്. ഭർത്താവ് ജന്മനാടായ തീർത്ഥഹള്ളിയിൽ പോയപ്പോഴായിരുന്നു സംഭവം. അക്രമത്തിന് പിന്നില്‍ ഒരാളാണോ ഒന്നിലധികം പേരുണ്ടായിരുന്നോ എന്നൊന്നും ഇപ്പോള്‍ വ്യക്തമല്ല. കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു.
ദൊഡ്ഡകല്ലസന്ദ്രയിലെ കുവെമ്പു നഗറിലെ വാടക വീട്ടിലാണ് പ്രതിമ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവർ വീട്ടിൽ കൊണ്ടുപോയി വിട്ടു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഫോണ്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സഹോദരന് വീട്ടിലെത്തി. അപ്പോഴാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. വീട്ടില്‍ പ്രതിമ തനിച്ചാണെന്ന് അറിയുന്ന പരിചയക്കാര് ആരെങ്കിലുമാവും കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ എട്ട് വര്‍ഷമായി പ്രതിമ അവിടെ വാടകയ്ക്ക് താമസിക്കുകയാണെന്നും എല്ലാവരോടും സൌഹൃദത്തോടെ പെരുമാറിയിരുന്നയാളാണെന്നും അയല്‍വാസികള്‍ പറഞ്ഞു. ജിയോളജിസ്റ്റിന്റെ കൊലയ്ക്ക് പിന്നില്‍ ഖനന മാഫിയ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Last Updated Nov 5, 2023, 1:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]