കൊച്ചി: സിനിമാ റിവ്യൂകൾക്ക് വിലക്കേർപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ഫെഫ്ക. വിലക്കോ സമയപരിധിയോ ഏർപ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും യോജിക്കാനാകില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കി. പുതിയ കാലത്തെ സിനിമാ മാർക്കറ്റിങ്ങ് സംബന്ധിച്ച് രണ്ടുദിവസങ്ങളിലായി നടത്തിയ യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ഫെഫ്ക ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബർ 31, നവംബർ 1 തിയ്യതികളിലാണ് ഫെഫ്ക നേതൃത്വവും ഫെഫ്ക അംഗസംഘടനകളും സംയുക്തയോഗം ചേർന്നത്. ഡയറക്റ്റേഴ്സ് യൂണിയൻ, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യുട്ടിവ് യൂണിയൻ, ഫെഫ്ക പി ആർ ഒ യൂണിയൻ എന്നിവയുടെ പ്രതിനിധികളും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി സംയുക്തമായി ചർച്ച നടത്തിയെടുത്ത തീരുമാനങ്ങളാണ് ഫെഫ്ക വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
ഓൺലൈൻ-ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് ആ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ തെളിവു സഹിതം ചർച്ചയിൽ ബോധ്യപ്പെടുത്തിയെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി അറിയിച്ചു. അതിന്റെയെല്ലാം വെളിച്ചത്തിൽ, ഫെഫ്കയിൽ അംഗത്വമുള്ള പി ആർ ഒ-മാർക്കു പുറമെ ഇനി ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി നിർമ്മാതാക്കൾ കരാറിൽ ഏർപ്പെടേണ്ട മാർക്കറ്റിങ് ഏജൻസികളുടേയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടേയും പട്ടിക തയ്യാറാക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഫ്കയെ അറിയിച്ചിട്ടുണ്ട്. ഈ പട്ടികയിൽ ഉള്ളവരുമായി ചേർന്ന് വേണം പ്രൊമോഷൻ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിർദ്ദേശം ഫെഫ്കയും അംഗസംഘടനകളും അംഗീകരിച്ചു.
ആദ്യപ്രദർശനം കഴിഞ്ഞുള്ള തിയേറ്റർ റിവ്യൂകളിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ഡിജിറ്റൽ ഓൺലൈൻ മാർക്കറ്റിങ് രംഗത്തുള്ളവർ നിർമാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. തിയേറ്റർ പ്രതികരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുവാൻ തീയറ്റർ ഉടമകളുടെ സംഘടനകളുമായി ചേർന്ന് തീരുമാനമെടുക്കുകയും ചെയ്ത വിവരം നിർമാതാക്കൾ യോഗത്തെ അറിയിച്ചു.
അതേസമയം സിനിമ നിരൂപണങ്ങൾക്ക് വിലക്കോ സമയപരിധിയോ ഏർപ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും തരിമ്പും യോജിപ്പില്ലെന്ന് ഫെഫ്കയും അംഗസംഘടനകളും യോഗത്തിൽ വ്യക്തമാക്കി. എന്നാൽ, റിവ്യൂ എന്ന പേരിൽ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നൽകി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തങ്ങൾ കണ്ടില്ലെന്ന് വെയ്ക്കാൻ ഇനി സാധിക്കില്ലെന്നും യോഗം വ്യക്തമാക്കി. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ബാധിക്കപ്പെട്ടവർക്ക് നിയമസഹായം നൽകാനും കുറ്റവാളികൾക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഒരു സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
കൂടാതെ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്ന കേസിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളിൽ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫെഫ്കയ്ക്കുള്ള നിലപാടും ഐക്യദാർഡ്യവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നും ഫെഫ്ക ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]