സിനിമയിൽ അരങ്ങേറിയിട്ട് നാലരപ്പതിറ്റാണ്ട് പിന്നിടുകയാണ് സത്യരാജ്. വില്ലനായിത്തുടങ്ങി നായകനായി മാറിയ സത്യരാജ് തമിഴ്നാട്ടുകാർക്ക് ഇപ്പോൾ പുരട്ച്ചി തമിഴനാണ്. ബാഹുബലിയിലെ കട്ടപ്പയിലൂടെ പാൻ ഇന്ത്യ തലത്തിലേക്കുമുയർന്ന സത്യരാജ് ‘ഒറ്റ്’ എന്ന റസൂൽ പൂക്കുട്ടി ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്കെത്തുകയാണ്.
മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. എങ്ങനെയായിരുന്നു റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കുള്ള വരവ്
ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് റസൂൽ പൂക്കുട്ടി. ഇന്ത്യൻ സിനിമയെ ലോകനിലവാരത്തിലെത്തിച്ച വ്യക്തിത്വം. അദ്ദേഹം ഒരിക്കൽ എന്നെ വിളിച്ചു. ഒരു സിനിമയുണ്ട് നമുക്ക് ചെയ്യണമെന്നും പറഞ്ഞു. ആ വിളി കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി. കഥ കേൾക്കാൻപോലും തോന്നിയില്ല. രണ്ടാമതൊന്നും ആലോചിക്കാതെ ഞാൻ ഓക്കെ പറഞ്ഞു. എങ്കിലും ഒരിക്കൽ അദ്ദേഹം ചെന്നൈയിലെത്തി. സൂര്യയുടെ എതർക്കും തുനിന്തവൻ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ഞാൻ. അവിടെ വെച്ച് കഥ കേട്ടു. എനിക്ക് വളരെയധികം ഇഷ്ടമായി.
എങ്ങനെയുള്ള സിനിമയാണ് ഒറ്റ്
ശബ്ദത്താൽ ലോകം കീഴടക്കിയവനാണ് റസൂൽ. അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അത് ഒരുപാട് ആക്ഷനുകൾ നിറഞ്ഞതായിരിക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ, കഥ കേട്ടപ്പോൾ ആ പ്രതീക്ഷകളൊക്കെ തെറ്റി. ഇതൊരു കുടുംബചിത്രമാണ്. എല്ലാ വീടുകളിലെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഒപ്പം ബന്ധങ്ങളെക്കുറിച്ചും. പാലക്കാട്ടെ ഒരു കുടുംബത്തിലെ അച്ഛൻ കഥാപാത്രമാണ് എന്റേത്. ഈ കാലത്ത് ഏറെ പ്രാധാന്യമുള്ള കഥയാണിത്. എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ‘ഒറ്റ്’ ഇഷ്ടമാകും. നല്ല പാട്ടുകളും ഈ ചിത്രത്തിലുണ്ട്.
കൃത്യമായ ഇടവേളകളിൽ മലയാള സിനിമയിലെത്തുന്നുണ്ട്. എന്താണ് മലയാളത്തിൽ ആകർഷിക്കുന്നത്
കേരളത്തോട് ഏറെ അടുത്തുകിടക്കുന്ന കോയമ്പത്തൂരാണ് ജനിച്ചതും വളർന്നതും. അതുകൊണ്ടുതന്നെ ചെറുപ്പംമുതലേ മലയാള സിനിമകൾ കാണും. ചെമ്മീൻ ആണ് ആദ്യം കണ്ട ചിത്രം. സത്യൻ മാഷിന്റെയും മധു സാറിന്റെയും നസീർ സാറിന്റെയും സിനിമകളൊക്കെ ഇഷ്ടമായിരുന്നു. കഥാപരമായി അക്കാലത്ത് മലയാള സിനിമകളാണ് മുന്നിൽ. മലയാളത്തിൽനിന്നും ബംഗാളിൽനിന്നും മാത്രമാണ് കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ വരുക. കമൽഹാസനും കുറച്ച് മലയാള ചിത്രങ്ങളിൽ നായകനായിട്ടുണ്ട്. ആ സിനിമകളും കണ്ടിട്ടുണ്ട്. മലയാള പാട്ടുകളും ഇഷ്ടമാണ്. യേശുദാസ് സാർ തമിഴിൽ ഒരുപാട് പാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മലയാളം പാട്ടുകളാണ് എനിക്കിഷ്ടം. മലയാള സിനിമയ്ക്ക് എപ്പോഴും എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ട്. നല്ല അവസരങ്ങൾ ലഭിക്കുമ്പോൾ ഓക്കെ പറയാൻ മടി തോന്നാറില്ല.
സിനിമയിൽ നാലരപ്പതിറ്റാണ്ട് പിന്നിടുകയാണ്. ഇനിയും സിനിമയിൽ മോഹങ്ങൾ ബാക്കിയുണ്ടോ
കോയമ്പത്തൂരിൽനിന്ന് കോടമ്പാക്കത്തേക്ക് വണ്ടികയറുമ്പോൾ വലിയ സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ 250-ന് മുകളിൽ സിനിമകൾ ചെയ്തു. 100-ന് മുകളിൽ സിനിമകളിൽ നായകനായി. ഒരുപാട് സിനിമകളിൽ വില്ലനായി. അന്യഭാഷാ ചിത്രങ്ങളിൽ വരെയെത്തി. ഇതൊക്കെ പ്രതീക്ഷിച്ചതിനും എത്രയോ മുകളിലാണ്. പണ്ടൊരിക്കൽ ഒരു അഭിമുഖത്തിൽ ശിവാജി ഗണേശൻ ഒരു ചോദ്യം നേരിട്ടു. ഇനി ഏതെങ്കിലും വേഷം ചെയ്യാൻ ആഗ്രമുണ്ടോ എന്നായിരുന്നു ആ ചോദ്യം. പെരിയാറിന്റെ വേഷം ചെയ്യണം എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. 2007-ൽ പെരിയാറിന്റെ ജീവിതം സിനിമയായപ്പോൾ ആ കഥാപാത്രം ചെയ്യാനുള്ള ഭാഗ്യം എനിക്കുകിട്ടി. ഇങ്ങനെ ഒരുപാട് സൗഭാഗ്യങ്ങൾ സിനിമ തന്നു. ഇന്ത്യയൊന്നാകെ അറിയപ്പെടുന്ന ഒരാളായി മാറിയത് സിനിമ കൊണ്ടാണ്. സിനിമ നൽകിയ സൗഭാഗ്യങ്ങളിലും സന്തോഷങ്ങളിലും ഏറെ നന്ദിയുള്ളവനാണ് ഞാൻ.
വില്ലാധിവീരൻ മാത്രമാണ് സംവിധാനം ചെയ്തത്..
1995-ൽ പുറത്തിറങ്ങിയ വില്ലാധിവീരൻ എന്ന ചിത്രമായിരുന്നു സംവിധാനം ചെയ്തത്. അതിനുശേഷം നായകനെന്ന നിലയിൽ തിരക്കായി. അതോടെ സംവിധാനം എന്ന മോഹം ഉപേക്ഷിച്ചു. ഒരു സിനിമ സംവിധാനം ചെയ്തു കഴിഞ്ഞപ്പോഴേക്കും നായകനായി അഭിനയിക്കാനുള്ള മൂന്ന് ചിത്രങ്ങൾ നഷ്ടമായിരുന്നു. വില്ലാധിവീരൻ പൂർത്തിയായശേഷം വേറൊരു ചിത്രത്തിൽ അഭിനയിക്കാനായി ഞാൻ പൊള്ളാച്ചിയിലേക്കു പോയി. അതൊരു വിനോദയാത്ര പോലെയായിരുന്നു എനിക്ക് തോന്നിയത്. അപ്പോഴാണ് സംവിധായകൻ എന്ന നിലയിൽ എത്രത്തോളം ബുദ്ധിമുട്ടുകൾ അനുഭവിച്ചു എന്ന് മനസ്സിലായത്.
ബാഹുബലിയിലെ കട്ടപ്പയ്ക്കുമുമ്പും ശേഷവും എങ്ങനെ ജീവിതം മാറി
കട്ടപ്പയ്ക്കുശേഷം എന്റെ പ്രതിഫലം കൂടി എന്നതുതന്നെയാണ് പ്രധാനമാറ്റം. ബാഹുബലിക്ക് മുമ്പും തിരക്കുണ്ടായിരുന്നു. എന്നാൽ, ഇന്ത്യയൊന്നാകെ തിരിച്ചറിഞ്ഞത് കട്ടപ്പയ്ക്ക് ശേഷമാണ്. അതിനുമുമ്പ് തമിഴ്നാട്ടിലും കേരളത്തിലും പിന്നെ കർണാടകയുടെ ഒരുഭാഗത്തും മാത്രമായിരുന്ന എന്നെ അറിയുക. എന്നാൽ, ബാഹുബലി വന്നതോടെ കഥയാകെ മാറി. ഈയിടെ ഞാൻ ഫിജി ദ്വീപിൽ ഒരു സിനിമാ ഷൂട്ടിന് പോയിരുന്നു. അവിടെ എന്നെയാരും തിരിച്ചറിയില്ല എന്നായിരുന്നു എന്റെ ധാരണ. എന്നാൽ, അതെല്ലാം തെറ്റി. അവിടെ കണ്ടവരെല്ലാം എന്നെ ‘‘കട്ടപ്പാ’’ എന്ന് വിളിച്ചായിരുന്നു വരവേറ്റത്. ഒരുദിവസം രാജമൗലി എനിക്കൊരു വീഡിയോ അയച്ചു. പാകിസ്താനിൽ നിന്നാണെന്നു തോന്നുന്നു. ബാഹുബലിയിൽ ആരെയാണ് ഇഷ്ടമെന്ന് ആളുകളോട് ചോദിക്കുന്നതാണ് വീഡിയോ. അവിടെയുള്ള എല്ലാവരും ഒറ്റസ്വരത്തിൽ ‘കട്ടപ്പ’ എന്നാണ് മറുപടി നൽകുന്നത്. കട്ടപ്പ എന്ന പേരുതന്നെ വ്യത്യസ്തമാണ്. അതുപോലെ കട്ടപ്പയുടെ വേഷവും സ്റ്റൈലുമെല്ലാം. ഇതൊക്കെയാവും ആളുകൾക്ക് കട്ടപ്പയോട് ഇഷ്ടം തോന്നാനുള്ള കാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]