കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് ‘തേജസ്’. എയര്‍ ഫോഴ്സ് പൈലറ്റിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സര്‍വേഷ് മേഹ്തയാണ്. യു.ടി.വി. പ്രൊഡക്ഷന്റെ ബാനറില്‍ റോണി സ്ക്രൂവാലയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
‘തേജസി’ന് തണുത്ത പ്രതികരണമാണ് ബോക്സ് ഓഫീസില്‍നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്ത് നാലാം ദിനത്തില്‍ ചിത്രത്തിന് 50 ലക്ഷം മാത്രമാണ് വരുമാനം ലഭിച്ചതെന്ന് ട്രെയ്ഡ് അനലിസ്റ്റ് വെബ്സെറ്റായ സാക്നിക് റിപ്പോര്‍ട്ട് ചെയ്യുന്നു. 20 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ഇതുവരെ 4.25 കോടി മാത്രമാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടാനായത്.
റിലീസിന് മുന്‍പും ശേഷവും മുന്‍കൂര്‍ ബുക്ക് ചെയ്തവരുടെ എണ്ണം വളരെക്കുറവാണ്. മാത്രവുമല്ല, റിലീസ് ദിനത്തില്‍ മുംബൈയിലെ തിയേറ്ററുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ശരാശരി 7.25% സീറ്റുകള്‍ മാത്രമാണ് നിറഞ്ഞത്. ആദ്യദിനത്തില്‍ 1.25 കോടി രൂപയാണ് ചിത്രത്തിന് നേടാനായത്. പലയിടത്തും ആളുകള്‍ ഇല്ലാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കി.
അതേ സമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി ചൊവ്വാഴ്ച ‘തേജസി’ന്റെ പ്രത്യേക പ്രദര്‍ശനം ഉണ്ടായിരിക്കും. ലക്നൗലെ ലോക് ഭവന് ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രദര്‍ശനം. കങ്കണയും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയുമാണ് ‘തേജസി’ല്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം.
ടൈഗര്‍ ഷ്റോഫിന്റെ ‘ഗണപത്’ എന്ന ചിത്രമാണ് ഈയടുത്ത് ബോളിവുഡില്‍ വലിയ പരാജയം സംഭവിച്ച മറ്റൊരു ചിത്രം. വികാസ് ബാല്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ആദ്യദിന വരുമാനം വെറും 2 കോടിയായിരുന്നു. ഒക്ടോബര്‍ 20-ന് റിലീസ് ചെയ്ത ചിത്രം പത്ത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 12.48 കോടി മാത്രമാണ് ആഗോള ബോക്സ് ഓഫീസില്‍നിന്ന് നേടിയത്. അമിതാഭ് ബച്ചന്, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 200 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ജാക്കി ബഗ്നനാനി, വശു ബഗ്നാനി, വികാസ് ബല് എന്നിവര്‍ ചേര്‍ന്നാണ്. 2070-ല്‍ ലോകത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമയയുടെ പ്രമേയം.
ടൈഗര്‍ ഷ്റോഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാകും ഈ ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു. പല തിയേറ്ററുകളിലും ആളില്ലാത്തതിനാല്‍ പ്രദര്‍ശനം നിര്‍ത്തി വച്ചിരിക്കുകയാണ്. ‘യാരിയാന്‍ 2’-വിനൊപ്പമായിരുന്നു ‘ഗണപതി’ന്റെ റിലീസ്. ‘ബാംഗ്ലൂര്‍ ഡെയ്സി’ന്റെ ഹിന്ദി റീമേക്കായ ‘യാരിയാന്‍ 2’-നും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 2.02 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. രാധികാ റാവു, വിനയ് സാപ്രു എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ടീ സീരീസാണ്. ദിവ്യ ഘോസ്ല കുമാര്‍, പേള്‍ പുരി, എന്നിവര്‍ക്കൊപ്പം മലയാളി താരങ്ങളായ പ്രിയ പ്രകാശ്, അനശ്വര രാജന് എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.
അതേസമയം, ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലെത്തിയ ‘ലിയോ’ ഗംഭീരപ്രകടനവുമായി ബോക്സ് ഓഫീസില്‍ കുതിയ്ക്കുകയാണ്. ആഗോളവ്യാപകമായി ചിത്രത്തിന്റെ വരുമാനം 530 കോടി കവിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]