സമീപകാലത്ത് വിജയ് പങ്കെടുക്കുന്ന ഓരോ വേദിയിലും ആരാധകര്‍ ഉറ്റുനോക്കുന്നത് അദ്ദേഹം ഒരു കാര്യം വെളിപ്പെടുത്തുമോ എന്ന് അറിയാനാണ്. അത് സിനിമകളെക്കുറിച്ചല്ല, മറിച്ച് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചാണ്. 2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് സമീപകാലത്തും വ്യാപകമായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ന് ചെന്നൈയില്‍ നടന്ന ലിയോ വിജയാഘോഷ വേദിയില്‍ വിജയ് നടത്തിയ പരാമര്‍ശം ചര്‍ച്ചയാവുകയാണ്.
ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ലിയോയുടെ മറ്റെല്ലാ അണിയറ പ്രവര്‍ത്തകരും താരങ്ങളും എത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കപ്പെട്ടിരുന്നതിനാല് വിജയ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഇന്നത്തെ പരിപാടിയെ നോക്കിക്കണ്ടിരുന്നത്. വേദിയിലേക്കെത്തിയ വിജയ്യോട് പരിപാടിയുടെ അവതാരകരിലൊരാള്‍ പല ചോദ്യങ്ങള്‍ ചോദിച്ചതില്‍ ഒന്ന് 2026 നെക്കുറിച്ച് ആയിരുന്നു. എന്നാല്‍ പിടി കൊടുക്കാതെയായിരുന്നു തുടക്കത്തില്‍ വിജയ്യുടെ മറുപടി.
2025 ന് അപ്പുറം വേറെ വര്‍ഷം ഇല്ലെന്ന് ആദ്യം ഒഴിഞ്ഞുമാറിയ വിജയ്യോട് സീരിയസ് ആയിട്ട് പറയണമെന്നായിരുന്നു അവതാരകന്റെ പ്രതികരണം. ഫുട്ബോള്‍ വേള്‍ഡ് കപ്പ്. അത് ഏത് വര്‍ഷമാണ്? നീ ചെക്ക് പണ്ണ് ബ്രോ. 2026 ലാണ് വേള്‍ഡ് കപ്പ്, വിജയ് വീണ്ടും തമാശ പൊട്ടിച്ചു.
കൊഞ്ചം സീരിയസ് ആവ് അണ്ണേ. പുറം നാട്ടിലെ കാര്യമല്ല, തമിഴ്നാട്ടിലെ കാര്യമാണ് ചോദിച്ചതെന്ന് അവതാരകന്. തുടര്‍ന്നുള്ള വിജയ്യുടെ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്. കപ്പ് മുഖ്യം ബിഗിലേ, സ്വന്തം ചിത്രത്തിലെ ഡയലോഗ് കടമെടുത്ത് വിജയ് പറഞ്ഞു. ഇപ്പോഴാണ് ആ വേള്‍ഡ് കപ്പ് ഫുട്ബോള്‍ എവിടെ നടക്കുന്നതെന്ന് തനിക്ക് മനസിലായതെന്നായിരുന്നു അവതാരകന്റെ മറുപടി. 2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഉറപ്പായും രാഷ്ട്രീയപ്രവേശനം ഉണ്ടാവുമെന്നതിന് വിജയ് നല്കുന്ന ഉറപ്പായാണ് ഈ വാക്കുകളെ വിജയ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Nov 1, 2023, 11:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]