
ബെംഗളൂരു: ടി ഡി പി അധ്യക്ഷനും അന്ധ്ര പ്രദേശിൻ്റെ മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിൽ മോചിതനായി. രാജമന്ധ്രി ജയിലിൽ അഴിമതിക്കേസിൽ ജുഡീഷ്യൽ റിമാൻഡിൽ ആയിരുന്ന നായിഡുവിന് ഇന്ന് രാവിലെ ആന്ധ്ര ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്കിൽ ഡവലെപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിൽ ആണ് നായിഡുവിന് കോടതി ജാമ്യം അനുവദിച്ചത്. നാല് ആഴ്ചത്തേക്കാണ് നായിഡുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം നൽകണമെന്ന നായിഡുവിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
ടി ഡി പി നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തോടെയാണ് ജയിൽ മോചിതനായ ചന്ദ്രബാബു നായിഡുവിനെ സ്വീകരിച്ചത്. മുദ്രാവാക്യം വിളിച്ച് പതിനായിരങ്ങളാണ് ജയിൽ പരിസരത്ത് എത്തിയത്. രാജമുണ്ട്രിയിൽ നിന്ന് ഗുണ്ടൂരിലെ താഡേപള്ളിയിലേക്ക് വലിയ ഘോഷയാത്രയായാണ് നായിഡുവിനെ പ്രവർത്തകർ ആനയിച്ചത്. പ്രവർത്തകരെ അഭിവാദ്യം ചെയ്ത ചന്ദ്രബാബു നായിഡു, ഈ സ്നേഹത്തിന് നന്ദി അറിയിക്കുന്നതായും വ്യക്തമാക്കി. ഞാൻ പ്രതിസന്ധിഘട്ടത്തിലായിരുന്നപ്പോൾ നിങ്ങൾ കാട്ടിയ സ്നേഹത്തിന് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും നായിഡു പറഞ്ഞു. ‘ജയിലിലായിരുന്നപ്പോൾ നിങ്ങൾ റോഡുകളിൽ വന്ന് എനിക്ക് വേണ്ടി പ്രാർത്ഥിച്ചു, എന്നോട് കാണിച്ച സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല, എന്നും ആ നന്ദി ഉണ്ടായിരിക്കും’ – നായിഡു പറഞ്ഞു.
അതേസമയം താത്കാലിക ജാമ്യം ലഭിച്ച നായിഡു സ്ഥിരം ജാമ്യത്തിനായുള്ള നീക്കത്തിലാണ്. സ്ഥിരം ജാമ്യം തേടിയുള്ള നായിഡുവിന്റെ അപേക്ഷയിൽ കോടതി നവംബർ 9 ന് വാദം കേൾക്കും. സെപ്റ്റംബർ 9 നാണ് നായിഡുവിനെ ആന്ധ്ര സി ഐ ഡി അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തത്. 53 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് നായിഡു ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങിയത്.
അതിനിടെ നായിഡുവിനെതിരെ ഇന്ന് മറ്റൊരു കേസ് കൂടി ആന്ധ്ര സി ഐഡി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നായിഡുവിൻ്റെ ഭരണകാലത്ത് അനധികൃതമായി മദ്യനിർമാണക്കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചു എന്നാണ് കേസ്. ഇതിൽ നായിഡു മൂന്നാം പ്രതിയാണ്. അഴിമതി നിരോധനനിയമപ്രകാരം തന്നെയാണ് പുതിയ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ തുടർനടപടികൾക്ക് അനുവാദം തേടി സി ഐ ഡി വിഭാഗം കോടതിയെ സമീപിച്ചിട്ടുണ്ട്.
Last Updated Oct 31, 2023, 6:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]