സിനിമയിലെ വിവിധമേഖലകളിലെ പ്രധാനികൾ ചേർന്നുള്ള നിർമാണക്കമ്പനിയുടെ ചിത്രം. ഏറെ പ്രതീക്ഷകളോടെവന്ന ചിത്രത്തിനുപക്ഷേ, പ്രതീക്ഷിച്ച സ്വീകരണം പ്രേക്ഷകരിൽനിന്ന് കിട്ടിയില്ല. അപ്പോഴാണ് സിനിമക്കാർക്കെല്ലാം പേടിസ്വപ്നമായ ഒരു യുട്യൂബർ ചിത്രത്തെ പുകഴ്ത്തി രംഗത്തുവന്നത്. അതോടെ പിടിവള്ളികിട്ടിയ സന്തോഷത്തിൽ ഈ വീഡിയോയെ റീലുകളാക്കിയും പോസ്റ്ററുകളാക്കിയും നിർമാണക്കമ്പനി പ്രചാരണം തുടങ്ങി. അതിലെ പ്രധാനികളിലൊരാളായ നടൻ ഉൾപ്പെടെ സ്വന്തം പേജിലൂടെ ഇവ പങ്കുവെച്ചു.
തങ്ങൾ എതിർക്കുന്നയാളുടെ റിവ്യൂവിനെ സിനിമയിലുള്ളവർത്തന്നെ ആഘോഷിച്ചത് സിനിമാസംഘടനകളിൽ സ്വാഭാവികമായും പ്രതിഷേധമുണ്ടാക്കി. അതിലൊരു സംഘടനയുടെ നേതാവ് നിർമാണക്കമ്പനിയിലെ പ്രധാനിയായ സിനിമാ അണിയറപ്രവർത്തകനെ വിളിച്ചു. അപ്പോൾ കേട്ട മറുപടി:
‘‘എന്റെ പൊന്നുചേട്ടാ… പടം വീഴാതിരിക്കാൻ അവസാനത്തെ അടവായിട്ട് നോക്കിയതാ…’’
ഇനി റിവ്യൂബോംബിങ്ങിനെതിരായ ഹർജിയിൽ വാദംകേൾക്കവേ ഹൈക്കോടതിയിൽനിന്നുണ്ടായ ഒരു പരാമർശം ഇങ്ങനെ.
‘‘സിനിമാമേഖലയിലെ വൈരവും ഓൺലൈനിലെ തെറ്റായ റിവ്യൂവിന് കാരണമാകുന്നുണ്ട്.’’
റിവ്യൂബോംബിങ്ങിനെതിരേ സിനിമാലോകം പ്രതിഷേധമുയർത്തുമ്പോഴും അവിടെയുള്ള കിടമത്സരം ഇതിന് ആക്കംകൂട്ടുന്നു എന്നതും വസ്തുതയാണ്. ഹൈക്കോടതി പറഞ്ഞതുപോലെ കടുത്ത വൈരം നിലനിൽക്കുന്ന മേഖലയാണ് സിനിമ. അപ്പോൾ താൻ എതിരാളിയായിക്കാണുന്ന ഒരു നടനെതിരേ ഒരു യുട്യൂബറോ ഓൺലൈനോ നെഗറ്റീവ് റിവ്യൂ നൽകുമ്പോൾ അത് പരമാവധി പ്രചരിപ്പിക്കാനുള്ള ശ്രമം മറ്റൊരു നടന്റെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നത് സിനിമാസംഘടനകൾപോലും നിഷേധിക്കാത്ത സത്യം. സംവിധായകരിൽപ്പോലുമുണ്ട് ഈ കിടമത്സരം.
മലയാളത്തിലെ പ്രമുഖരായ ചില യുട്യൂബ് റിവ്യൂവർമാർക്ക് സിനിമയിലെ അണിയറരഹസ്യങ്ങൾ ചോർന്നുകിട്ടുന്നത് സംവിധാനസഹായികളിൽനിന്നും പരാജിതരായ ചില സിനിമാപ്രവർത്തകരിൽനിന്നുമാണ് എന്ന് പറഞ്ഞത് ഒരു പ്രമുഖ സംവിധായകൻതന്നെയാണ്.
യുട്യൂബ് റിവ്യൂ ചെയ്യുന്നവർക്കിടയിലുമുണ്ട് ഈ കിടമത്സരം എന്നതാണ് മറ്റൊരു കൗതുകം. റിവ്യൂവിനിടയ്ക്കുള്ള ഒരാളുടെ ബുക്കുകച്ചവടത്തെ തന്റെ റിവ്യൂവിനിടെ പതിവായി പരിഹസിക്കാറുണ്ട് മറ്റൊരാൾ. ഒരു യുട്യൂബറുടെ വീട്ടിൽക്കയറി നടൻ വെല്ലുവിളിച്ചപ്പോൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വീഡിയോ ചെയ്തു, മറ്റുള്ളവർ. പക്ഷേ, യുട്യൂബർമാർക്കെതിരേ ആരെങ്കിലും ശബ്ദിച്ചാൽ ഇവർ ഒത്തുചേർന്ന് ആക്രമണം തുടങ്ങും. റിവ്യൂ ബോംബിങ്ങിനെക്കുറിച്ച് വാർത്തകൾ നൽകിത്തുടങ്ങിയതോടെ മാധ്യമങ്ങളുടെനേർക്ക് ഇവരുടെ സംഘടിതതെറിവിളി തുടങ്ങിയിട്ടുണ്ട്.
‘പണി’ ‘പുലിമട’യിലേക്ക്
വ്യാഴാഴ്ച റിലീസ്ചെയ്ത ജോജു ജോർജ് ചിത്രമാണ് ‘പുലിമട’. റിലീസിന്റെ തലേന്ന് ക്ഷണിക്കപ്പെട്ടവർക്കായി കൊച്ചിയിൽ പ്രിവ്യൂ ഷോ ഉണ്ടായിരുന്നു. കണ്ടിറങ്ങിയവരെല്ലാം ചിത്രത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് പറഞ്ഞത്. ജോജുവിന്റെ മികച്ച പ്രകടനമാണ് ഇതിന്റെ ഹൈലൈറ്റ്. പ്രിവ്യൂകഴിഞ്ഞ് പുറത്തുവന്നവർ പുറത്ത് കാത്തുനിന്ന ഓൺലൈൻ ചാനലുകളോട് ഇതേക്കുറിച്ച് വാചാലരായി. അതിനിടെ ജോജുവും കടന്നുവന്നു. ഇതോടെ അദ്ദേഹത്തോടായി കൂടുതൽ ചോദ്യങ്ങൾ.
‘പുലിമട’യെക്കുറിച്ച് സംസാരിക്കുന്നതിനിടെ ജോജുവിനോട് അദ്ദേഹം ആദ്യമായി സംവിധാനംചെയ്യുന്ന ‘പണി’ എന്ന സിനിമയെക്കുറിച്ചായി ചോദ്യം. അതുകേട്ട് സ്വതസിദ്ധമായശൈലിയിൽ ‘ഒന്നുപോയേടാ…’ എന്നുപറഞ്ഞ് ജോജു ഒരു ആംഗ്യം കാണിച്ചു. തികച്ചും സൗഹാർദപരമായി ‘ഇപ്പോ പുലിമട മാത്രം’ എന്നുപറഞ്ഞ് ചോദ്യം ചോദിച്ചയാളെ ‘ശരിയെടാ’ എന്നും കൈകാട്ടി ജോജു തിയേറ്ററിനുള്ളിലേക്കുപോയി.
‘പുലിമട’ തിയേറ്ററുകളിലെത്തിയതോടെ ജോജുവിന്റെ അഭിനയത്തെക്കുറിച്ചുള്ള പ്രശംസ മൗത്ത് പബ്ലിസിറ്റിയായി പടർന്നുതുടങ്ങി. അതോടെ കളംമാറി. വ്യാഴാഴ്ച വൈകീട്ടായപ്പോൾ ചില ഓൺലൈൻ ചാനലുകളിൽ ജോജു മാധ്യമപ്രവർത്തകരെ അസഭ്യംപറഞ്ഞുവെന്നതരത്തിൽ പ്രിവ്യൂ കഴിഞ്ഞുള്ള വീഡിയോ പ്രചരിച്ചുതുടങ്ങി.
ജോജു പറയാത്ത വാക്കുകൾ കൂട്ടിച്ചേർത്തായിരുന്നു ഇവയുടെ തമ്പ് നെയിലുകൾ. ‘തിയേറ്റർ റസ്പോൺസിനിടെ പൊട്ടിത്തെറിച്ച് ജോജു’, ‘ഒന്ന് പോയേടാ…’ ഈ മട്ടിൽ തലക്കെട്ടിട്ട് ഒട്ടേറെ വീഡിയോകൾ. ചിത്രത്തെക്കുറിച്ചും അഭിനയമികവിനെക്കുറിച്ചുമുള്ള നല്ല അഭിപ്രായം പരക്കുകയും തിയേറ്ററിലേക്ക് ആളെത്തിത്തുടങ്ങുകയും ചെയ്തതോടെ തുടങ്ങിയ ഈ പണി എവിടെനിന്നാണെന്നറിയാതെ അമ്പരന്നുനിൽക്കുകയാണ് ജോജുവും സംഘവും.
ചാൻസ് തന്നാൽ ചങ്ക്സ്
മലയാളത്തിലെ ഹിറ്റ് സംവിധായകന്റെയടുത്ത് അഭിനയിക്കാൻ അവസരം ചോദിച്ച് വർഷങ്ങൾക്കുമുമ്പ് ഒരാൾ വന്നു. ഒരുപാട് ചാൻസ്മോഹികൾ ദിവസവും ഇങ്ങനെ എത്തുന്നതിനാൽ സംവിധായകൻ പതിവുപോലെ ‘പറ്റിയ റോൾവരുമ്പോൾ അറിയിക്കാം’ എന്ന് പറഞ്ഞുവിട്ടു. സിനിമയിൽ കാണുന്നമട്ടിൽ പറഞ്ഞാൽ ‘കുറച്ചു ന്യൂഇയറുകൾക്കു ശേഷം…’
‘ഞാൻ നന്നായി അഭിനയിക്കും സർ… ഏതുറോളും ചെയ്യും’ എന്നുപറഞ്ഞയാൾ സ്വന്തം യുട്യൂബ് ചാനലിലിരുന്ന് മറ്റുനടന്മാരെ മിമിക്രികാണിക്കുകയാണ്. ഒരു സിനിമയിലെ നായകന്റെ സിഗരറ്റ് വലിയെ പരിഹസിക്കാൻ ലോലിപോപ് തിന്നുകാണിക്കുന്നു… മറ്റൊരു സിനിമ മോശമാണെന്ന് കാണിക്കാൻ പടക്കംപൊട്ടിക്കുന്നു. വേറൊരണ്ണത്തിലെ പ്രധാനകഥാപാത്രംചെയ്ത നടനെ കളിയാക്കാനായി അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലുക്കിൽ മീശമുറിച്ച് പ്രത്യക്ഷപ്പെടുന്നു… ആറാട്ടണ്ണന്റെ ഭാഷയിൽ പറഞ്ഞാൽ യുട്യൂബ് അണ്ണൻ സിനിമയിൽ അഭിനയിക്കാൻ പറ്റാതെപോയ വേഷങ്ങൾചെയ്ത് ആറാടുകയാണ്…!
റിവ്യൂകളുടെ കൂട്ടത്തിൽ ചാൻസ് നിഷേധിച്ച സംവിധായകന്റെ ചിത്രത്തിനും കിട്ടി നല്ല വൃത്തിക്കുള്ള തെറിയെന്നതാണ് ക്ലൈമാക്സ്. അവനിലെ അഭിനയമോഹിയുടെ കഴുത്തുഞെരിച്ചതിനുള്ള പ്രതികാരം എന്ന് സംവിധായകന്റെ കുമ്പസാരം. ഇതേ യുട്യൂബറെപ്പറ്റി ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് അടുത്തിടെ ജിൽ ജോയ് എന്നയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
‘‘മലയാളസിനിമയിലെ സംവിധായകരുടെ ശ്രദ്ധയ്ക്ക്…
ഇതുപോലെ ചായകൊണ്ടക്കൊടുക്കുന്ന സീനിൽ പ്രമുഖ റിവ്യൂവേഴ്സിനെ കാസ്റ്റുചെയ്താൽ നിങ്ങളുടെ ചിത്രത്തെപ്പറ്റി ഇവരൊന്നും ഒരക്ഷരം മിണ്ടില്ല…’’ കൂടെയുള്ള ഫോട്ടോയിൽ ബാലു വർഗീസിനുമുന്നിൽ വിനീതവിധേയനായി ചായക്കപ്പുകളും നീട്ടിനിൽക്കുന്ന കഥാപാത്രമായി യുട്യൂബറെ കാണാം. (താഴെ യുട്യൂബറുടെ പേരും സംവിധായകന്റെ പേരും)
ഈ സിനിമയുടെ സംവിധായകന്റെ ഒരു സിനിമയും ഇതേ യുട്യൂബർ റിവ്യൂ ചെയ്തതായി കണ്ടിട്ടില്ലെന്ന അടിക്കുറിപ്പുകൂടി ജിൽ ജോയ് എഴുതുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]