പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം
കോഴിക്കോട്ടേയ്ക്കുള്ള വന്ദേ ഭാരത് യാത്രയുടെ വിരസതയിലേക്കാണ് പാറു വീണ്ടും കടന്നുവന്നത്. ആലപ്പുഴ എത്തിയത് അറിയാതെ, പാട്ടുകേട്ട് ദിവാസ്വപ്നത്തിലായിരുന്ന എന്റെ തൊട്ടടുത്ത സീറ്റിലേക്ക് ഏതോ നിയോഗത്താലെന്നപോലെ അവള് വീണ്ടും എത്തുകയായിരുന്നു.
‘എത്രകേട്ടാലും മടുക്കാതെ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന പുതിയ ഗാനങ്ങള്‍ ഇല്ലെന്ന് ആരാ പറഞ്ഞത്. മാഡത്തിന് പെട്ടെന്ന് ഓര്‍മ്മ വരുന്ന ഗാനം ഏതാണ്?’
അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം. എത്രയോ പ്രിയ ഗാനങ്ങളുണ്ട്. എങ്കിലും പെട്ടെന്ന് നാവിന് തുമ്പില്‍ വന്നത് ‘ലോഹം’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ശഹബാസ് അമനും മൈഥിലിയും ചേര്‍ന്ന് പാടിയ ഗാനമാണ്.
‘കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
വിരലു ചോപ്പിച്ചു ഞാന്‍
അരികില്‍ നീ വന്നു കവരുമെന്നെന്റെ
കരളിലാശിച്ചു ഞാന്‍’
ഓരോ കേള്‍വിയിലും പുതുമയോടെ, മാധുര്യത്തോടെ മനസില്‍ നിറയുന്ന ഗാനം. കള്ളക്കടത്തിന്റെ കഥ പറയുന്ന രഞ്ജിത്- മോഹന്‍ലാല്‍ ചിത്രമായിരുന്നു ലോഹം.ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി വിരസമായ ഈ ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്, ഷഹബാസ് അമനും നടി മൈഥിലിയും ചേര്‍ന്നു പാടിയ മനോഹരമായ ഈ മെലഡി തന്നെയാണ്. റഫീക്ക് അഹമ്മദിന്റെ ലളിത സുന്ദര വരികള്‍ക്ക് പഴമയുള്ള മെലഡി ഭാവം കലര്‍ന്ന ഈണം നല്‍കിയത്, സിനിമാ ഗാനങ്ങളെക്കാള്‍ വ്യത്യസ്തതയാര്‍ന്ന ആല്‍ബങ്ങള്‍ ചെയ്തിട്ടുള്ള ശ്രീവത്സന്‍ ജെ മേനോന്. റഫീക്കായി മുസ്തഫയും, റഫീക്കിന്റെ ഭാര്യയായി മൈഥിലിയും അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു ആ ഗാന രംഗത്തെന്ന് തോന്നാറുണ്ട് .
Also Read: സ്വപ്നം പോലെ മനോഹരമായ ഒരു പാട്ട്, രാത്രിയില്‍ കൂട്ടിനെത്തുമ്പോള്‍!
മൈലാഞ്ചി തേച്ച് വിരലുചോപ്പിച്ചിരുന്ന ഒരു കൗമാരകാലം ഓര്‍മ്മയില്‍ സൂക്ഷിക്കാത്തവര്‍ ആരുണ്ട്?
കൈയെത്തും ദൂരത്തൊരു മൈലാഞ്ചി വസന്തം തെളിയുന്നു. മൈലാഞ്ചിക്ക് നിറം കിട്ടാന്‍ എന്തെല്ലാമായിരുന്നു സൂത്രങ്ങള്‍! പിന്നിലേക്ക് പായുന്ന കാഴ്ചകളില്‍ കണ്ണുംനട്ട് ഇരിക്കുമ്പോള്‍ മനസ് അതിലും വേഗത്തില്‍ പിന്നിലേക്ക് പാഞ്ഞു. പാറുവിന്റെ മൊബൈലില്‍ നിന്നൊഴുകിയെത്തിയ ശഹബാസ് അമന്റെ മാസ്മരിക സ്വരത്തില്‍ ഒരിയ്ക്കലും തിരിച്ചു വരാത്ത ആ കാലം ഒഴുകിയടുത്തു.
‘കിളിമരച്ചോട്ടിലിരുവര്‍ നാം പണ്ടു
തളിരിളം പീലിയാല്‍
അരുമയായ് തീര്‍ത്തൊരരിയ മണ്‍വീട്
കരുതി ഞാനെത്ര നാള്
തെളിനിലാവിന്റെ ചിറകില്‍ വന്നെന്റെ
പിറകില്‍ നില്ക്കുന്നതായ്
കുതറുവാനൊട്ടും ഇട തരാതെന്റെ
മിഴികള്‍ പൊത്തുന്നതായ്
കനവിലാശിച്ചു ഞാന്‍….’
മൈഥിലിയുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച്, എത്രയോ തവണ ഞാനീ രംഗം സങ്കല്പിച്ചിട്ടുണ്ട്. അപ്പോഴെല്ലാംഓര്മ്മയിലൊരു മൂന്ന് വയസുകാരി വെള്ളിക്കൊലുസിട്ടോടി നടക്കും.
അമ്മൂമ്മയുടെ വാക്കുകളിലൂടെയാണ് മൂന്ന് വയസ്സിലെ ബാംഗ്ലൂര്‍ ജീവിതം അറിയുന്നത്. എപ്പോഴും എടുത്തു കൊണ്ട് നടന്നിരുന്ന അടുത്ത ക്വാട്ടേഴ്സിലെ ആന്റിയും, അവളേക്കാള്‍ രണ്ടു വയസ്സുമാത്രം കൂടുതലുള്ള ആന്റിയുടെ മോനും ഒരു മൂന്ന് വയസുകാരിക്ക് പിന്നീട് വല്ലാത്ത ഒബ്സെഷനായി മാറുകയായിരുന്നു. അവനായിരുന്നത്രേ അവളുടെ കളിക്കൂട്ടുകാരന്. അമ്മൂമ്മയുടെ വാക്കുകളിലൂടെ അവളുടെ കുഞ്ഞു മനസ്സില്‍ അവര്‍ക്കൊരു രൂപം കൈവന്നു. സൗകര്യാര്‍ത്ഥം അവളവരെ ജ്യോതിയാന്റി എന്നും അനന്തേട്ടന് എന്നും വിളിച്ചു തുടങ്ങി. കാലം ചെല്ലുന്തോറും അവളുടെ മനസില്‍ അവള്‍ക്കൊപ്പം അവര്‍ക്കും പ്രായമേറി.
‘ആന്റിയ്ക്കിപ്പോള് മുടിയൊക്കെ നരച്ചിട്ടുണ്ടാവും. അനന്തേട്ടനോ? നരച്ചിട്ടുണ്ടാവോ? അതോ കഷണ്ടി കയറിയിട്ടുണ്ടാവോ?’
ഇടയ്ക്കൊക്കെ ഇങ്ങനെ വെറുതേ സങ്കല്പിച്ചു കൂട്ടി. ഒരു പക്ഷേ കാല്പനിക ലോകത്തേയ്ക്കുള്ള അതിമനോഹരമായ യാത്രകളുടെ തുടക്കം അവിടെ നിന്നാവണം.
വന്ദേഭാരത് അതിവേഗം പാഞ്ഞുകൊണ്ടിരിക്കുന്നു. പാറുവും പിന്നിലേക്ക് പായുന്ന കാഴ്ചകളില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു. ‘കുട്ടിക്കാലത്ത് ഓടി വന്ന് പിന്നില്‍ നിന്നും കണ്ണുപൊത്തുന്ന പാത്തുവിന്റെ ചിത്രം മനസില്‍ തെളിയുന്നു. ശങ്കുവിനെക്കാള് എനിക്കെന്നുമിഷ്ടം പാത്തുവിനെ ആയിരുന്നു.’ അവള് ആത്മഗതമെന്നോണം പറഞ്ഞു.
Also Read : രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്, പിന്നെ മജീദും സുഹറയും!
Also Read: നന്‍പകല്‍ നേരത്തെ തമിഴ് പാട്ടുകളും സിനിമാകഷണങ്ങളും; ചില പാട്ടുരഹസ്യങ്ങള്‍!
‘വൈകുന്നേരങ്ങളായിരുന്നു ഞങ്ങളെ ഞങ്ങളാക്കിയത്. ഓത്തുപള്ളിയില്‍ പോവുന്ന വഴിയ്ക്ക്, വേലിയരികില്‍ എന്നെ കാത്തു നില്ക്കുന്ന പാത്തു. അവള് തിരിച്ചു വരുന്നതുവരെ അവിടെ കാത്തിരിക്കുന്ന ഞാന്‍.’
‘ഓത്തുപള്ളീലന്നു നമ്മള്
പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര് വാര്‍ത്തു
നില്ക്കയാണു നീലമേഘം’
വി ടി മുരളിയുടെ നിത്യഹരിത ഗാനത്തിനു ശേഷം മനസ്സിനെ ഇത്രയും തൊട്ട മറ്റൊരു ഗാനമുണ്ടായിട്ടില്ല. ഓത്തുപള്ളീലേക്കോടുന്ന പാത്തുവും അവളുടെ അനിയനും, വേലിവക്കത്ത് കാത്തു നിന്നിരുന്ന ഞാനും. ഓര്‍മ്മയുടെ ആകാശത്തിലന്നേരം പാട്ടിന്റെ നീലമേഘം നിറയും.
‘അന്നൊക്കെ ഒരു മുസ്ലീം കുട്ടിയായി ജനിക്കാത്തതില്‍ ഞാനെത്ര വിഷമിച്ചിട്ടുണ്ടെന്നറിയാമോ?’അതും പറഞ്ഞ് അവള് പതിയെ മൂളി.
‘ഏകയായ് പാതയില്‍
നീ വരും നേരമെന്തേ മങ്ങീ
പൂവെയില്‍ ദൂരെയായ്
താരണിക്കുന്നിന്‍ മേലേ മാഞ്ഞൂ
കൂട്ടുകൂടി ഓത്തുപള്ളീലാര്‍ത്തു
പോയൊരോമല്‍ക്കാലം പോയീ…’
അവളുടെ കണ്ണുകളില്‍, കുട്ടിക്കാലം ഓടിവന്നു കണ്ണുപൊത്തിയ തിളക്കം.
കൃത്യമായി പറഞ്ഞാല്‍ ഞാനും പാറുവും കണ്ടിട്ട്, അന്ന് മൂന്ന് വര്‍ഷവും മൂന്ന് മാസവുമായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തുലാവര്‍ഷ പുലരിയിലെ പ്രഭാത നടത്തത്തിനിടയിലാണ് എന്റെ ജീവിതത്തിലേക്ക് ആദ്യമായി അവള് കടന്നുവന്നത്. ജീന്‍സും കുര്‍ത്തയും ധരിച്ച് ബോള്‍ഡായ ഒരു പെണ്‍കുട്ടി. സ്ത്രൈണതയേക്കാള്‍ പൗരുഷം നിഴലിക്കുന്ന ഭാവം. അതിനു നേര്‍വിപരീതമായി, മുട്ടറ്റം നീണ്ടുകിടക്കുന്ന ഇടതൂര്‍ന്ന മുടി. മഴ തോര്‍ന്ന് മാനം തെളിഞ്ഞു തുടങ്ങിയെങ്കിലും ഇലകളില്‍ നിന്നും മഴത്തുള്ളികള്‍ ചിതറി വീഴുന്നുണ്ടായിരുന്നു.
‘മാഡം, ഞാന്‍ മീര. കുറച്ച് നാള് സെക്രട്ടേറിയേറ്റില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി അധ്യാപികയാണ്. ഇഷ്ടമുള്ളൊരാള് പാറുവെന്ന് വിളിക്കും. മാഡത്തിനും അങ്ങനെ വിളിക്കാം.’
ചുരുങ്ങിയ വാക്കുകളിലുള്ള പരിചയപ്പെടുത്തല്‍. അതെനിക്കിഷ്ടമായി. എന്റെയൊപ്പം നടന്നുകൊണ്ട് , അന്നും അവള് ചോദിച്ചത് ഇതേ ചോദ്യമായിരുന്നു.
‘ഇപ്പോള്‍ മാഡത്തിന് ഓര്‍മ്മ വരുന്ന പാട്ടേതാണ്?’
തെല്ലും സംശയിക്കേണ്ടി വന്നില്ല അന്നതിന് മറുപടി നല്കാന്.
‘മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്
ഒരു കൊച്ചു കാറ്റേറ്റ് വീണ തേന്‍ മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം’
‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’ എന്ന മമ്മൂട്ടി ചിത്രത്തിലെ മധുരഗാനം. ബാല്യത്തിന്റെ നനുത്ത സ്പര്‍ശമുള്ള, ഷിബു ചക്രവര്‍ത്തിയുടെ വരികള്‍. മധ്യമാവതി രാഗത്തില്‍ രവീന്ദ്രന് മാഷിന്റെ സംഗീതം. ഗാനഗന്ധര്‍വ്വന്റെ കാതരസ്വരം.
Also Read: വാണി ജയറാം: പാട്ടു കൊത്തിയ ദേവശില്‍പ്പി
Also Read: പുഷ്പവതി: പാട്ടും പോരാട്ടവും
പ്രഭാതത്തിന്റെ കാറ്റുവരവുകളില്‍, മരച്ചില്ലകളില്‍നിന്നും കിളികള്‍ ചിറകടിച്ച് പറന്നുയരുന്നത് നോക്കി അവള് കഥ പറഞ്ഞു തുടങ്ങി. പ്രണയാകാശത്ത് പറന്നു നടക്കാന്‍ കൊതിച്ച രണ്ടു പക്ഷികള്‍ ആ കഥയുടെ ചില്ലയില്‍നിന്നും പറന്നു തുടങ്ങി. മനസുകൊണ്ട് ഞാനുമവള്ക്കൊപ്പം ആകാശങ്ങള്‍ അളന്നു.
അതൊരു മഞ്ഞുമൂടിയ താഴ്വാരമായിരുന്നു. പച്ചച്ച മലയടിവാരം. ഒരാട്ടിന്‍കുട്ടിയുടെ പിന്നാലെ ഓടുന്ന രണ്ട് പെണ്‍കുട്ടികള്‍. ഇരുള്‍നിറമുള്ള, വിടര്‍ന്ന മിഴികളുള്ള, നീള്‍മുടിയില്‍ മുല്ലപ്പൂ ചൂടിയ ഒരു പട്ടുപാവാടക്കാരി. മുടി ബോയ് കട്ട് ചെയ്ത് ആണ്‍കുട്ടിയുടെ വേഷം ധരിച്ച് മറ്റൊരുവള്‍. പാറുവും പാത്തുവും. പത്മരാജന്റെ നിമ്മിയും സാലിയും പോലെ ഇണപിരിയാത്ത രണ്ടു പേര്. 1986 ല്‍ ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെ പത്മരാജന് സൃഷ്ടിച്ച ആ കുസൃതി പെണ്‍കുട്ടികളെ മറക്കാനാവുമോ മലയാളിക്ക്!
പിന്നെയും പലവട്ടം പാറുവിനെ കണ്ടു. പറഞ്ഞതും പറയാത്തതുമായ വാക്കുകളിലൂടെ ഞാനറിഞ്ഞു, പാത്തു അവള്ക്കാരായിരുന്നെന്ന്! പതിയെപ്പതിയെ അവളേക്കാള്‍ നന്നായി അവളുടെ മനസ് ഞാന്‍ വായിച്ചു തുടങ്ങിയിരുന്നു.
ഒരിയ്ക്കലവള്‍ പറഞ്ഞു, മറ്റുള്ളവരുടെ സന്തോഷത്തിനായി ഉപേക്ഷിക്കേണ്ടി വന്ന സ്വന്തം ഇഷ്ടത്തിന്റെ കഥ.
‘കൗമാരം വന്നു തൊട്ട നാളുകളില്‍ ഞങ്ങളറിഞ്ഞു, ഒരിയ്ക്കലും ജീവിതം ഒരു പുരുഷന് പകുത്തു നല്‍കാനാവില്ലെന്ന്. ഹോസ്റ്റല്‍ ജീവിതത്തിനിടയിലൊരു നാള്, തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ വെളിപ്പെടുത്താന്‍ ആദ്യം ധൈര്യം കാണിച്ചത് പാത്തുവായിരുന്നു. ലോകം ഞങ്ങളിലേക്ക് ചുരുങ്ങിയ അഞ്ച് വര്‍ഷം. ഞങ്ങളെ മനസിലാക്കാന്‍ ആര്‍ക്കുമായില്ല. കുടുംബത്തിന്റെ മാനം, സഹോദരങ്ങളുടെ ഭാവി . പാത്തുവില്‍ നിന്ന് ഒളിച്ചോടാനായിരുന്നു ഞാനയാളെ വിവാഹം കഴിച്ചത്. പിന്നീടെപ്പോഴോ പാത്തുവിന്റെ വിവാഹ വാര്‍ത്ത കേട്ടു. അതിനകം കൂടപ്പിറപ്പായിമാറിയ നിസ്സംഗത കൊണ്ട് ഞാനക്കാര്യം മറികടന്നു. ഒട്ടും കാണാതെ, ഒരക്ഷരം മിണ്ടാതെ കടന്നുപോയ വര്‍ഷങ്ങള്‍.”
മാഡം എന്താ ഓര്‍ക്കുന്നതെന്ന് പറയട്ടെയെന്ന് ചോദിച്ചവള്‍ വീണ്ടും മൂളി:
‘കിളിമരച്ചോട്ടിലിരുവര്‍ നാം പണ്ടു
തളിരിളം പീലിയാല്‍
അരുമയായ് തീര്‍ത്തൊരരിയ മണ്‍വീട്
കരുതി ഞാനെത്ര നാള്…’
എന്റെ മനസ്സിലപ്പോള്‍ പി ടി അബ്ദുറഹ്മാന് എഴുതി, വി ടി മുരളി അനശ്വരമാക്കിയ ‘ഓത്തുപള്ളി’യുടെ ഓര്‍മ്മകള്‍ തങ്ങിയ വരികളായിരുന്നെങ്കിലും അവളുടെ സന്തോഷം കെടുത്താന്‍ തോന്നിയില്ല.
‘കാലമാമിലഞ്ഞിയെത്ര പൂക്കളെ പൊഴിച്ചു
കാത്തിരിപ്പും മോഹവും
ഇന്നെങ്ങിനെ പിഴച്ചു’
ഞാനും മാഡത്തിന്റെ മനസ്സ് വായിക്കാന്‍ പഠിച്ചു തുടങ്ങിയിരിക്കുന്നു, എന്ന് പറഞ്ഞ് അവള് കഥ തുടര്‍ന്നു.
‘ആത്മാവ് തൊട്ടറിഞ്ഞവരെ അകറ്റിനടാന് അകലങ്ങള്‍ക്കാവില്ല. വിദൂരങ്ങളിലും ഞങ്ങള്‍ പരസ്പരം തേടുകയായിരുന്നു. ഒരവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് ഞാനവളെ വീണ്ടും കാണുന്നത്. ഞങ്ങളുടെ ഉള്ളില്‍ നിന്ന് ഒന്നും മാഞ്ഞു പോയിരുന്നില്ല. എന്നിലെ സ്ത്രീയെ ഉണര്‍ത്താന്‍ അവളുടെ ഒരു മൃദുസ്പര്‍ശം മതിയായിരുന്നു. എത്ര മറച്ചുപിടിച്ചിട്ടും മരവിച്ച ദാമ്പത്യത്തിന്റെ അര്‍ത്ഥശൂന്യത അവള്‍ക്ക് മുന്നില്‍ തുറന്ന് സമ്മതിക്കാതിരിക്കാന്‍ എനിക്കായില്ല. അവള് ഉറച്ച തീരുമാനത്തിലായിരുന്നു. ഭര്‍ത്താവിനോടെല്ലാം തുറന്ന് പറഞ്ഞ് പിരിയാന്‍ ഉറപ്പിച്ചിരുന്നു. അധികനാള്‍ ആ ഒളിച്ചു കളി തുടരാന്‍ എനിക്കുമായില്ല. എന്റെ മനസ് ആ സ്നേഹത്തണലിലേക്ക് ഓടിയണഞ്ഞു. യഥാര്‍ത്ഥ പ്രണയികള്‍ അങ്ങനെയാണ്. ഒരിക്കല്‍ അവര്‍ ബന്ധനങ്ങള്‍ വലിച്ചെറിയും. അങ്ങനെ ഞങ്ങള്‍ വീണ്ടും പ്രണയപ്പറവകളായി.’
Also Read: രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?
Also Read: കുമ്പളങ്ങി നൈറ്റ്സിലെ ‘ചെരാതുകള്‍’ വീണ്ടും കേള്‍ക്കുമ്പോള്‍…
അന്നവളുടെ കണ്ണുകളില്‍ തിരയടിച്ച പ്രണയക്കടല്‍ എന്നെ തെല്ലൊന്നുമല്ല അസൂയപ്പെടുത്തിയത്. ഞാന്‍ എന്റെ ഉള്ളിലേക്കൊന്ന് കാതോര്‍ത്തു. കുരുങ്ങിമുറുകുന്ന ബന്ധനങ്ങളില്‍ കാലുപിടയ്ക്കുന്ന കിനാക്കിളികളുടെ നിശ്ശബ്ദ രോദനം!
‘നിലാവുള്ള ഒരു രാത്രി. കടല്‍ക്കാറ്റേറ്റ്, നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞ്, ഇഷ്ടമുള്ള പാട്ടുകേട്ട് ഒരു രാത്രി മുഴവന്‍ നമുക്കാ കടല്‍ തീരത്തിരിയ്ക്കണം.ഒടുവില്‍ രണ്ട് നക്ഷത്രങ്ങളായി ആകാശത്തേക്ക് പറന്നുയരണം.’
കാടുകയറുന്ന ചിന്തകള്‍ക്ക് വിരാമമിട്ട് ഞാന്‍ ചോദിച്ചു, ‘നോക്ക്, നിന്റെ പാത്തുവിന് സുഖം തന്നെയല്ലേ?’
ഒരു ക്ഷണനേരം അവള് നിശ്ശബ്ദയായി. പിന്നെ പതിയെ പറഞ്ഞു.
”ആ ബന്ധത്തിന് അര്‍ദ്ധവിരാമമിട്ട് വര്‍ഷമൊന്ന് കഴിഞ്ഞു. ആ വിഷാദത്തില്‍നിന്ന് ഞാനിനിയും കരയ്ക്കടിഞ്ഞിട്ടില്ല. എന്റെ ആകാശവും ഭൂമിയും എല്ലാം അവളായിരുന്നിട്ടും, കുടുംബത്തിന്റെ സല്‍പ്പേര്, മോന്റെ ഭാവി, ഔദ്യോഗിക സ്റ്റാറ്റസ്… അവളാവശ്യപ്പെട്ടതുപോലെ ഒരുമിച്ച് താമസിക്കാന്‍ ഇതൊക്കെ എന്നെ പിന്നിലേക്ക് വലിച്ചു. മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങളി’ലെ ഡോ. ഷീലയെ മാഡത്തിനോര്മ്മയില്ലേ? അതുപോലൊരു സ്യൂഡോ സദാചാരവാദിയായി, ഞാനും. ഞാനാവാന്‍ ഒരിക്കലും എനിക്ക് ധൈര്യമുണ്ടായില്ല.’ -അവള് പറഞ്ഞു നിര്‍ത്തുമ്പോള്‍ കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് ഡോ. ഷീലയുടെ പ്രിയപ്പെട്ട കല്യാണിക്കുട്ടിയുടെ വാക്കുകള്‍ ഒരു പ്രതിധ്വനി പോലെ എന്റെ ചെവിയില്‍ മുഴങ്ങി.
‘നീയാവാന്‍ നിനക്ക് ധൈര്യമില്ല. എന്നെ സ്നേഹിക്കുന്നുവെന്ന് തുറന്നു പറയാന്‍ നീയൊരിക്കലും ധൈര്യപ്പെട്ടിട്ടില്ല. എന്റെയൊപ്പം ജീവിക്കുമ്പോള്‍ മാത്രമേ നിനക്ക് വിശ്രമവും ശാന്തിയും ആനന്ദവും ലഭിക്കുള്ളൂവെന്ന് നിനക്കറിയാം. എന്നിട്ടും നീ പരമ്പരാഗതമായ ആ വഴി തിരഞ്ഞെടുത്തു. ജീര്‍ണതയുടെ വഴി.’
കണ്ണുകളിലെ നനവ് മറയ്ക്കാനൊരു വിഫലശ്രമം നടത്തി ആരോടെന്നില്ലാതെ അവള് പറഞ്ഞു:
ഡോ. ഷീലയെ പോലെ തന്നെയായിരുന്നു ഞാനും. എന്നില്‍ നിന്ന് ഞാനൊളിച്ചോടി. പാത്തുവിനോളം ധൈര്യം എനിക്കൊരിക്കലുമുണ്ടായിരുന്നില്ലല്ലോ. എങ്കിലും അവസാനമായി കണ്ടു പിരിയുമ്പോള്‍, ഡോ ഷീലയെ പോലെ ഞാനും ആഗ്രഹിച്ചു, അവള് എന്നെയൊന്ന് ചുംബിച്ചിരുന്നെങ്കിലെന്ന്. അതുണ്ടായില്ല.’
ട്രെയിന്‍ തിരൂര്‍ എത്തുന്നു. പാറു ഇറങ്ങുകയാണ്, പാത്തുവിനെ വീണ്ടും കാണാന്‍!
സ്റ്റേഷനില്‍ പാത്തു എത്തിയിട്ടുണ്ടാവുമോ? ആസ്ട്രേലിയന്‍ വാസം അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷീലയെ തേടിയെത്തിയ ‘ചന്ദനമരങ്ങളി’ലെ കല്യാണിക്കുട്ടിയെ പോലെ, പാറു മടങ്ങുകയാണ്, പ്രിയപ്പെട്ട പാത്തുവിലേക്ക്. എങ്ങനാവും പാത്തു അവളെ സ്വീകരിക്കുക? കുട്ടിക്കാലത്ത് തൊടിയിലെ മാവിന് ചോട്ടില് കളിവീടുണ്ടാക്കി പാറുവിനെ കാത്തിരുന്ന അതേ മനസ്സോടെ വീണ്ടും അവളെ സ്വീകരിക്കാന്‍ പാത്തുവിനാവുമോ?
‘എത്ര കാലത്തിന് ശേഷം കണ്ടാലും, ഈ നിമിഷം എങ്ങനാണോ അതുപോലെ നമുക്ക് പരസ്പരം സ്വീകരിക്കാനാവും എന്ന് പണ്ടൊരിക്കല്‍ നീ പറഞ്ഞത് ഓര്‍ത്തു പോവുന്നു. ഹൃദയം കൊരുത്തോര്ക്ക് എത്രനാള്‍ മാറി നില്ക്കാനാവും!’
ഇറങ്ങാന്‍ നേരം പാറു പറഞ്ഞു:
‘മാഡത്തിനറിയോ, ഞാനും പാത്തുവും അവസാനമായി ഒരുമിച്ചു കണ്ട സിനിമ ‘ലോഹം’ ആയിരുന്നു. മൈഥിലിയുടേയും മുസ്തഫയുടേയും സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച് പിന്നീട് എത്രയോ തവണ ഞങ്ങളീ ദൃശ്യം കണ്ടിരിക്കുന്നു. ഓരോ തവണയും കൈകോര്‍ത്ത് ഞങ്ങളാ നാട്ടുവഴിയിലെത്തുന്നു.’
മനസ്സിലപ്പോഴും ആ വരികളുണ്ടായിരുന്നു. ഉള്ളിലൊരു തിരശ്ശീലയില്‍, മുസ്തഫയുടേയും മൈഥിലിയുടേയും കഥാപാത്രങ്ങള്‍ പാടി മറയുന്നു:
‘ഏകയായ് പാതയില്‍
നീ വരും നേരമെന്തേ മങ്ങീ
പൂവെയില്‍ ദൂരെയായ്
താരണിക്കുന്നിന്‍ മേലേ മാഞ്ഞൂ
കൂട്ടുകൂടി ഓത്തുപള്ളീലാര്‍ത്തു
പോയൊരോമല്‍ക്കാലം പോയീ…
കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
വിരലു ചോപ്പിച്ചു ഞാന്‍
അരികില്‍ നീ വന്നു കവരുമെന്നെന്റെ
കരളിലാശിച്ചു ഞാന്‍..’
പുറത്ത് മഴ കനക്കുന്നു. ട്രെയിനിന്റെ ചില്ലുജാലകങ്ങളില്‍ തട്ടി ചിതറുന്ന മഴത്തുള്ളികള്ക്കിടയിലുൂടെ, എന്റെ കണ്ണുകള്‍ പാത്തുവിനെ തിരഞ്ഞു. അന്നേരം, എന്റെ ജനലരികിലൂടെ എങ്ങോ പറന്നുപോയി, രണ്ടു പക്ഷികള്‍. പാത്തുവും പാറുവുമാകുമോ അത്? അറിയില്ല, ട്രെയിന്‍ നീങ്ങിത്തുടങ്ങി.
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതയില്നിന്നൊരു മൈലാഞ്ചിച്ചോപ്പുള്ള സന്ധ്യ വന്ന് പെട്ടെന്നെന്റെ കൈ പിടിച്ചു.
‘കനക മൈലാഞ്ചി
നീരില്‍ തുടുത്ത നിന്
വിരല്‍ തൊടുമ്പോള്‍
കിനാവ് ചുരന്നതും,
നെടിയ കണ്ണിലെ
കൃഷ്ണകാന്തങ്ങള് തന്
കിരണമേറ്റെന്റെ
ചില്ലകള്‍ പൂത്തതും,
മറവിയില്‍ മാഞ്ഞു പോയ
നിന് കുങ്കുമ-
ത്തരി പുരണ്ട ചിദംബര
സന്ധ്യകള്‍..’
പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്? കേവലം ഒരുടലാനന്ദത്തിനപ്പുറം എത്ര മനോഹരമായ വഴികള്‍ അവിടെ തുറന്നുകിടപ്പുണ്ടാവണം!
പ്രണയത്തിന്റെ പേരില്‍ വഴി പിരിഞ്ഞു പോയ ഒരായിരം പെണ്ണുടലുകള്‍ക്ക് പറയാനുള്ളത് ഇത്ര മാത്രം: പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയത്തിന്റെ ആഴമറിയാന്‍ നിങ്ങളിനിയുമെത്ര കാലം കാത്തിരിക്കണം. ഈ ലോകം പാത്തുവിന്റേയും പാറുവിന്റേയും കൂടിയല്ലേ..?’
ട്രെയിന്‍ വേഗതയുടെ പുതിയ മിടിപ്പിലേക്ക് ഗിയര്‍ മാറ്റുമ്പോള്‍, അകലെയെവിടെയോ നിന്ന് കൈകള്‍ കോര്‍ത്ത് എനിക്ക് നേരെ കൈവീശുന്ന പാറുവും പാത്തുവും.
ഏറെ സന്തോഷം തരുന്നതൊന്നും അധികം നീളില്ലെന്ന് നീ പറയുന്നതെത്ര ശരിയാണ്! ഒരേ ഫ്രെയിമില്‍, വി. ടി നന്ദകുമാറിന്റെ ഗിരിജയും കോകിലയും. മാധവിക്കുട്ടിയുടെ ഡോ. ഷീലയും കല്യാണിക്കുട്ടിയും. പത്മരാജന്റെ നിമ്മിയും സാലിയും. പിന്നെയിതാ ഇപ്പോള്‍ എന്റെ പാറുവും പാത്തുവും!
ട്രെയിന്‍ എത്ര വേഗമാണ് കോഴിക്കോട് അടുത്തത്!
ഡോറിനരികിലേക്ക് നീങ്ങുമ്പോള്‍, ഏറെപ്പണിപെട്ട്, ഓര്‍മ്മയിലേക്ക് ചൂണ്ടയെറിഞ്ഞ്, പഴയൊരു പാട്ട് ഞാന്‍ ഉള്ളിലേക്ക് വലിച്ചെടുത്തു. വി ടി നന്ദകുമാറിന്റെ കോകിലയുടേയും ഗിരിജയുടേയും പ്രണയകഥ പറഞ്ഞ ‘രണ്ട് പെണ്‍കുട്ടികള്‍’ എന്ന സിനിമയിലെ ബിച്ചു തിരുമലയുടെ വരികള്‍:
‘നീല നിലാവല കൈകളാല്‍ ഭൂമിയ്ക്ക്
നിര്‍വൃതിയേകുന്ന ഹേമന്ത ചന്ദ്രികേ
രാസകേളീ ഗൃഹ ശയ്യാതലങ്ങളില്‍
രണ്ട് പെണ്‍കുട്ടികളല്ലോ നിങ്ങളും
രണ്ടു പെണ്‍കുട്ടികളല്ലോ…’
Last Updated Oct 30, 2023, 5:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]