
ഇന്ന് കേരളപ്പിറവി. 1956 നവംബര്‍ 1 -ന് ഭാഷയുടെ അടിസ്ഥാനത്തില്‍ കൊച്ചി, തിരുവിതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായ മലബാറും തെക്കന്‍ കാനറയുടെ ഭാഗമായിരുന്ന കാസറഗോഡ് താലൂക്കും ചേര്‍ത്ത് ‘കേരളം’ എന്ന സംസ്ഥാനം രൂപീകൃതമായതിന്റ അറുപത്തിയാറാം പിറന്നാള്‍.
മറ്റുള്ളവരുടെ കണ്ണിലൂടെ നോക്കുമ്പോഴാണ് പലപ്പോഴും നമ്മുടെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയാറുള്ളത്. കേരളത്തിന് പുറത്തുള്ളവര്‍ കേരളത്തിന്റെ സവിശേഷതകളായി കാണുന്നത് എന്തൊക്കെയാണ് അല്ലെങ്കില്‍ കേരളത്തില്‍ അവര്‍ ഇഷ്ടപ്പെടുന്നത് എന്തൊക്കെയാണ്? ഒരു പ്രവാസി എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ള ചില കാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു. (ഇത് തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഞാന്‍ ഇടപെടുന്ന ആളുകളില്‍നിന്നും കിട്ടുന്ന ഫീഡ്ബാക്കാണ് ഇത്. ഇതു പോലെ വ്യത്യസ്തമായ അനേകം താല്‍പ്പര്യങ്ങള്‍, അഭിരുചികള്‍ മറ്റുള്ളവര്‍ക്കു തീര്‍ച്ചയായും പറയാനുണ്ടാവും. അവ സ്വാഗതം ചെയ്യുന്നു.)
കേരളത്തിന്റെ പ്രകൃതി ഭംഗി
വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് നമ്മുടെ കൊച്ചുകേരളം. പ്രകൃതി സൗന്ദര്യം തന്നെയാണ് സന്ദര്‍ശകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ആലപ്പുഴയും കുമരകവും വയനാടും മൂന്നാറും വര്‍ക്കലയും കോവളവുമെല്ലാം ദൈവത്തിന്റെ സ്വന്തം നാടിനെ സഞ്ചാരികളുടെയും സ്വന്തം നാടാക്കി മാറ്റുന്നു!
ബനാന ചിപ്സ്, ഫിഷ് ഫ്രൈ
കേരളത്തില്‍ നിന്നു തിരിച്ചു പോരുമ്പോള്‍ കിലോ കണക്കിന് കായ വറുത്തതുമായി മാത്രമേ വരാന്‍ നിര്‍വ്വാഹമുള്ളൂ. അത് കാത്തിരിക്കുന്ന ഒരു പറ്റം ആളുകള്‍ ചുറ്റുമുണ്ടാവും. അത്രയേറെ പ്രിയപ്പെട്ടതാണ് ബനാന ചിപ്സ് പലര്‍ക്കും. മലയാളി = ബനാന ചിപ്സ് എന്ന് കരുതുന്നവര്‍ പോലും ചുരുക്കമല്ല.
മറ്റൊരു ഇഷ്ടവിഭവമാണ് ഫിഷ് ഫ്രൈ. പൊള്ളിച്ച കരിമീനും നെയ്മീന് വറുത്തതും എല്ലാം കേരളത്തിന്റെ മാത്രം രുചിക്കൂട്ടുകളാണ്. അന്യദേശക്കാരായ ഭക്ഷണപ്രിയരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം ഈ രുചിഭേദങ്ങള്‍ തന്നെ.
കഥകളി
കേരളത്തിന് തനതായ ഒരുപാട് കലാരൂപങ്ങളുണ്ടെങ്കിലും കഥകളിയോളം ആളുകളെ ആകര്‍ഷിക്കുന്ന മറ്റൊരു കലാരൂപമുണ്ടെന്ന് തോന്നുന്നില്ല. ആദ്യമായി കേരളം സന്ദര്‍ശിക്കുന്ന പലരും കഥകളി കാണണം എന്ന് ആവശ്യപ്പെടാറുണ്ട്. കഥകളി കണ്ടില്ലെങ്കിലും ഒരു കഥകളി രൂപത്തിന്റെ ശില്പ്പമെങ്കിലും വാങ്ങിയേ പലരും മടങ്ങാറുള്ളൂ.
കസവു മുണ്ട് /കസവു സാരി
കേരളത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ പലരും ആദ്യം ഓര്‍ത്തെടുക്കുക നമ്മുടെ തനതായ വേഷവിധാനമാണ്. പലരും സമ്മാനമായി ആവശ്യപ്പെടാറുള്ളതും ഇത് തന്നെ. അതുപോലെ കേരളീയരെ ആ വേഷത്തില്‍ കാണുന്നതും അവര്‍ക്ക് വളരെ ഇഷ്ട്ടം.
Calligraphy: Orion Chambadiyil/ Twitter
‘ഴ’ എന്ന അക്ഷരം
മറ്റൊരു രസകരമായ കാര്യം നാവിനു വഴങ്ങാത്ത ചില അക്ഷരങ്ങളാണ്. അവ നമ്മുടെ ഭാഷയുടെ പ്രത്യേകതയായി കരുതുന്നവരുണ്ട്. പലരും മലയാളികളോട് ‘മഴ ‘,’പഴം’ എന്നീ വാക്കുകള്‍ ഉച്ചരിച്ചു കേള്‍ക്കാന്‍ ആവശ്യപ്പെടാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]