
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുകൂല നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ ലൈന്‍ വേഗത്തിലാക്കാന്‍ കൂടിക്കാഴ്ച സഹായകമാകുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഡല്‍ഹിയില്‍ വര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. റെയില്‍വേമന്ത്രിയുമായി സംസാരിക്കാമെന്ന് ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഉറപ്പു നല്കി.
പ്രധാനമന്ത്രിയുമായി നല്ല രീതിയില്‍ ചര്‍ച്ച നടന്നു. ആരോഗ്യകരമായിരുന്നു പ്രതികരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നവരും അതിവേഗ യാത്രാസൗകര്യം ആവശ്യപ്പെടുന്നുവെന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്റെ വേഗം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ 40 ശതമാനം കുറവാണ്. കേരളത്തിലെ റെയില്‍ ഗതാഗതത്തിന് 30 ശതമാനം വേഗക്കുറവെന്നും പിണറായി വിജയന് പറഞ്ഞു.
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ യാത്രാ സംവിധാനം ഭാവിയുടെ ആവശ്യമാണ്. സില്‍വന്‍ ലൈന്‍ പദ്ധതിയുടെ ചെലവ് 63,941 കോടി രൂപ തന്നെയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 33,700 കോടി രൂപ വിദേശവായ്പ, റെയില്‍വേ 3,125 കോടി, കേരളസര്‍ക്കാര്‍ 3,253 കോടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശകടത്തിന്റെ ബാധ്യതയും ഭൂമിയേറ്റെടുക്കല്‍ ചെലവും കേരളം വഹിക്കും. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ പദ്ധതി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാഭാവിക നീരൊഴുക്ക് തടയാതിരിക്കാന്‍ ഓവുചാലുകള്‍ നിര്‍മിക്കും. സില്‍വര്‍ ലൈനിന്റെ വിശദമായ പരിസ്ഥിതി ആഘാത പഠനം ഒരുവര്ഷത്തിനകമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]