
തൃശൂർ: ബീയം റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറുകൾ അടച്ചത് പരൂർ പടവിലെ കർഷകരെ ദുരിതത്തിലാക്കി. നൂറടിത്തോട്ടിലെ വെള്ളം ഒഴുകി പോകാതെ ബണ്ട് കര കവിഞ്ഞെഴുകുകയാണ്. 1200 ഏക്കർ പാടത്ത് പമ്പിംങ്ങ് തുടങ്ങാൻ കഴിയാതെ കർഷകർ. അടിയന്തരമായി ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറുകൾ തുറന്ന് വെള്ളം നിയന്ത്രിക്കണമെന്ന് പരൂർ പടവിലെ കർഷകർ അധികൃതരോട് ആവശ്യപ്പെട്ടു.
നൂറടി തോടിന്റെ ബണ്ടുകളാണ് പല ഭാഗത്തും കരകവിഞ്ഞ് വെള്ളം പാടശേഖരങ്ങളിലേക്ക് ഒഴുകികൊണ്ടിരിക്കുന്നത്. കാട്ടകാമ്പാൽ കെട്ട്, ചുണ്ടൻ തറ തെക്കേ കോൾ പടവ്, എടപ്പാടം കോൾ പടവ്, മുതുവുമ്മൽ കോൾ പടവ്, ചിറ്റത്താഴം കോൾ പടവ്, ചാഴിടെ കോൾ പടവ്, പരൂർ കോൾ പടവ്, സ്രായി കോൾപടവ് എന്നിവിടങ്ങളിലാണ് പമ്പിംങ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിലായി മറ്റു കോൾപടവുകളിലും പമ്പിംങ് പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പമ്പിംങ് തുടരാൻ കഴിയാത്ത അവസ്ഥയാണ്.
അടുത്ത മാസം പകുതിയോടെ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലിരിക്കുകയായിരുന്നു കർഷകർ. കഴിഞ്ഞദിവസം പെയ്ത മഴയും, ബിയ്യം റെഗുലേറ്റർ ഷട്ടറുകൾ അടച്ചതുമാണ് നൂറടി തോട്ടിൽ വെള്ളം നിറഞ്ഞ് കര കവിഞ്ഞെഴുകാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. ഇതുമൂലം കർഷകർക്ക് കൂടുതൽ ദുരിതവും ചിലവുകളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരൂർപടവിൽ ചുള്ളിക്കാരൻ കുന്നു മുതൽ ഉപ്പുങ്ങൽ പടവ് വരെ 1100 മീറ്റർ നീളത്തിൽ മണൽ നിറച്ച ചാക്ക് ബണ്ടിനു മുകളിൽ നിരത്തേണ്ട അവസ്ഥയാണുള്ളത്. ഇതിനായി ഏകദേശം 5600 ഓളം ചാക്കുകൾ ആവശ്യമായി വരുമെന്നാണ് കർഷകർ പറയുന്നത്.
കഴിഞ്ഞവർഷം കൊയ്ത്തു കഴിഞ്ഞ് ബണ്ട് ബലം കൂട്ടാമെന്ന് കെ എൽ ഡി സി കർഷകർക്ക് ഉറപ്പു നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മൂപ്പു കുറഞ്ഞ മനുരത്ന വിത്തിറക്കി നേരത്തെ കൃഷി നടത്തുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു. എന്നാൽ കെ എൽ ഡി സി പ്രവർത്തികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ടെൻഡർ നടപടി പോലും പൂർത്തിയായിട്ടില്ലെന്ന് പറയുന്നു. മാത്രവുമല്ല എല്ലാ വർഷവും കൃഷിയിറക്കുന്നതിന് മുമ്പായി നൂറടി തോട്ടിൽ നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി ചെളികൾ കോരുകയും ചണ്ടി നീക്കം ചെയ്യുകയും പതിവാണ്. എന്നാൽ പുന്നയൂർക്കുളം മേഖലയിൽ ബണ്ടിന് ബലം കുറവായതിനാൽ ഇത് നടത്താറില്ല. ഇതും കർഷകർക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.
പല പാടശേഖരങ്ങളിലും വിത്തിടൽ കഴിഞ്ഞ സാഹചര്യത്തിൽ അധികം ദിവസം പമ്പിംങ് നിറുത്തിവയ്ക്കുന്നത് പ്രയാസമാണ്. ബിയ്യം ബ്രിഡ്ജിൽ കൂടുതൽ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടാൻ അധികൃതർ തയ്യാറാവണമെന്നും ബണ്ടിന് മുകളിലൂടെ വെള്ളം കരകവിഞ്ഞ് ഒഴുകുന്ന ഭാഗങ്ങളിൽ മണ്ണിട്ട് ബലപ്പെടുത്താൻ സഹായങ്ങൾ നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.
Last Updated Oct 28, 2023, 6:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]