
പോസിറ്റീവുകളും നെഗറ്റീവുകളും എണ്ണിപ്പറയുന്ന ഒരു യുട്യൂബറുണ്ട്. സ്വയം സെലിബ്രിറ്റിപദവി കല്പിച്ചിരിക്കുന്ന ഇദ്ദേഹം മറ്റു നിരൂപകർ നല്ലതെന്നു പറയുന്നതിനെ മോശമെന്നുപറയും. ഭൂരിഭാഗത്തിനും ഇഷ്ടപ്പെടാത്തതിനെ പ്രശംസിക്കും. ചിലപ്പോൾ തിയേറ്ററിനെ കുറ്റംപറഞ്ഞുകൊണ്ടായിരിക്കും റിവ്യൂ തുടങ്ങുന്നതുതന്നെ. സ്ക്രീനിലെ പ്രൊജക്ഷൻ എങ്ങനെയായിരിക്കണമെന്ന സ്റ്റഡി ക്ലാസുപോലുമുണ്ടാകും. പക്ഷേ, ഇതിനെല്ലാമടിയിൽ പണത്തിന്റെ അന്തർധാര സജീവമാണെന്നാണ് പരസ്യമായ രഹസ്യം. സിനിമക്കാർക്കിടയിൽ പ്രത്യേക ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം കഥാപാത്രമായ ഒരു സംഭവം ഇങ്ങനെ: സിനിമയുടെ റിലീസ് കഴിഞ്ഞ് എല്ലായിടത്തുനിന്നും നല്ല അഭിപ്രായം കേൾക്കുന്നതിന്റെ സന്തോഷത്തിൽ നായകനും സംവിധായകനും ഒരു ഹോട്ടൽമുറിയിലിരിക്കുകയാണ്. ഫോണിൽ പ്രശംസകൾ പ്രവഹിക്കുന്നു. അതിനിടയ്ക്ക് വാട്സാപ്പ് തുറന്ന നായകൻ യുട്യൂബ് ഭാഷയിൽ പറഞ്ഞാൽ ഒരു ലിങ്ക് തുറന്നതും ഞെട്ടിവിറച്ചു. മേൽപ്പറഞ്ഞ യുട്യൂബറുടെ നിരൂപണമാണ്. അടുക്കിവെച്ച കുറച്ചു പുസ്തകങ്ങൾക്കും പൂച്ചെടിക്കും നടുവിലിരുന്നുകൊണ്ട് നായകനെയും സംവിധായകനെയുമെല്ലാം വിരലുയർത്തി പണിപഠിപ്പിച്ച് മുന്നേറുകയാണ് റിവ്യൂ. രോഷം സഹിക്കവയ്യാതെ അവസാനം നായകൻ പൊട്ടിത്തെറിച്ചു: ‘‘ഇവന് പണ്ടേയുള്ളതാണ് എന്നെക്കാണുമ്പോൾ ചൊറിച്ചിൽ. ഇവൻ എന്റെകൂടെ പഠിച്ചതാണ് ചേട്ടാ…!’’ ഇനി ഇതിന്റെ ആന്റി ക്ലൈമാക്സ്സംഭവത്തിനുശേഷം കുറച്ചുദിവസം കഴിഞ്ഞപ്പോൾ സംവിധായകന് ഒരു ഫോൺകോൾ. മുമ്പ് സഹായിയായി പ്രവർത്തിച്ചയാളാണ്. പുതിയ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോൾ നായകനോട് ‘സഹപാഠിസ്നേഹം’കാണിച്ച യുട്യൂബറുടെ കാര്യം സംവിധായകൻ സങ്കടത്തോടെ പങ്കുവെച്ചു. അപ്പോഴാണ് സഹായി ആ സത്യം വെളിപ്പെടുത്തിയത്. ‘‘സാറേ… അവൻ പടം കാണാൻ വരുമ്പോൾ ഞാനും തിയേറ്ററിലുണ്ടായിരുന്നു. അവൻ വന്നതുതന്നെ ഫോണും കാതിൽവെച്ചുകൊണ്ടാണ്. പടം തുടങ്ങിയിട്ടും സംസാരം നിർത്തുന്നില്ല. അടുത്തിരുന്നവർക്കുപോലും ശല്യം. ഇടയ്ക്കിടെ ഫോൺവരും, സംസാരിക്കും. അല്ലാത്തപ്പോൾ അതിൽ കുത്തിക്കളിക്കും. എന്നിട്ട് വല്ലപ്പോഴുമൊന്ന് സ്ക്രീനിലേക്കുനോക്കും. ഇന്റർവെലിന് ഫോണും കാതിൽവെച്ചുകൊണ്ട് ഇറങ്ങിപ്പോയി. പിന്നെ പടം തുടങ്ങി കുറെക്കഴിഞ്ഞാണ് കേറിവന്നത്. തീരുന്നതിന് മുമ്പുതന്നെ ഇറങ്ങിപ്പോയെന്നും തോന്നുന്നു…’’
സിനിമയുടെ അണിയറക്കാരെ അക്ഷരാർഥത്തിൽ ‘തളർത്തിക്കളയാൻ’പോലും ഇത്തരം യുട്യൂബർമാർക്ക് കഴിയുന്നുവെന്നതിന്റെ തെളിവായി ഒരു സംവിധായകൻ പങ്കുവെച്ച കഥ സിനിമയെക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞത്. മലയാളത്തിൽ അത്യാവശ്യം പേരുള്ള ഒരു യുവനടനെ നായകനാക്കി ഒരു സിനിമ തുടങ്ങി. ഷൂട്ടിങ് എല്ലാം നല്ലതുപോലെ പുരോഗമിച്ചു. നിർമാതാവും സംവിധായകനുമൊക്കെ സന്തോഷവാന്മാർ. സിനിമ ഹിറ്റാകും എന്ന പ്രതീക്ഷയിൽ അവർ അവസാനജോലികളിലേക്ക് കടന്നു. അതിനിടയ്ക്ക് നായകന്റെ രണ്ടുപടങ്ങൾ റിലീസായി. പക്ഷേ, രണ്ടിനെയും യുട്യൂബർമാർ വലിച്ചുകീറി കടിച്ചുകൊന്നു. നിർമാതാവിന് പടം റിലീസ് ചെയ്യാൻ പേടിതുടങ്ങി. മുടക്കിയ പണത്തെക്കുറിച്ചും പലിശയെക്കുറിച്ചുമുള്ള ആധിവേറെ. അത് പെരുകിപ്പെരുകി അവസാനിച്ചത് പക്ഷാഘാതത്തിലാണ്. നിർമാതാവിപ്പോൾ തളർന്നുകിടപ്പാണ്. സംവിധായകനാകട്ടെ പൂർത്തിയാക്കിയ പടം റിലീസ് ചെയ്യാനാകാതെ വിഷാദരോഗത്തിലും.
ലിങ്കാകർഷണയന്ത്രങ്ങളുടെ കൂടോത്രം
‘‘ഞാൻ ഇത്തരം റിവ്യൂകളെ വിളിക്കുന്നത് ലിങ്കാകർഷണയന്ത്രങ്ങളെന്നാണ്.’’ -ഒരു തിരക്കഥാകൃത്ത് പറയുന്നു. ലിങ്കിലേക്ക് ആകർഷിക്കപ്പെടുക എന്നതുമാത്രമാണ് അജൻഡ. സിനിമയെ നന്നാക്കാനൊന്നുമല്ല. ഇവർ പടം ഇറങ്ങി അടുത്തദിവസം ലിങ്കാകർഷണയന്ത്രം പ്രവർത്തിപ്പിച്ചുതുടങ്ങുന്നു. അതിലേക്ക് കുറെപ്പേർ ആകർഷിക്കപ്പെടുന്നു. ആ റിവ്യൂ കാണുന്നവർക്ക് സിനിമയെക്കുറിച്ച് പ്രത്യേകിച്ച് മുൻധാരണകളൊന്നുമുണ്ടായിരിക്കില്ല. യുട്യൂബിൽ കാണുന്നതാണ് സിനിമയെക്കുറിച്ചുള്ള യഥാർഥ അഭിപ്രായം എന്ന് വിചാരിച്ച് പലരും പടംകാണാൻ കൂട്ടാക്കാതെ അടുത്ത ലിങ്കിനുവേണ്ടി കാത്തിരിക്കുന്നു. അമ്പതുപേർ റിവ്യൂ കാണുമ്പോൾ കുറഞ്ഞത് പത്തുപേരെങ്കിലും ഇങ്ങനെ ലിങ്കാകർഷണയന്ത്രങ്ങളുടെ കൂടോത്രത്തിൽപ്പെട്ട് സിനിമയിൽനിന്ന് അകന്നുപോകുന്നുണ്ട്. പത്തു യുട്യൂബ് ചാനലിലാകുമ്പോൾ നൂറുപേർ ഇങ്ങനെ സിനിമകാണാതെപോകില്ലേ.’’ -തിരക്കഥാകൃത്ത് ചോദിക്കുന്നു. ഒരു സംവിധായകൻ പങ്കുവെക്കുന്നത് ഇതിന് അനുബന്ധമായുള്ള മറ്റൊരു നിരീക്ഷണമാണ്. ‘‘ഇപ്പോൾ സിനിമയുടെ റിലീസ് ദിവസവും അതിനടുപ്പിച്ചുള്ള തീയതികളിലും തിയേറ്ററിലെത്തുന്നത് ചെറുപ്പക്കാരുടെ സംഘങ്ങളാണ്. അവരാണ് യുട്യൂബ് വീഡിയോകളുടെ പ്രധാന കാഴ്ചക്കാരും. ആദ്യദിവസങ്ങളിലെ അഭിപ്രായരൂപവത്കരണത്തിൽ ഇവർ പ്രധാനപങ്കുവഹിക്കുന്നുണ്ട്. രണ്ടുമൂന്നു ദിവസം കാത്തിരുന്ന് അഭിപ്രായം അറിഞ്ഞശേഷം സിനിമകാണാൻ പോകാമെന്ന് വിചാരിക്കുന്നവരാണ് കുടുംബപ്രേക്ഷകർ. ആദ്യദിവസം യുട്യൂബിൽ കേൾക്കുന്ന അഭിപ്രായത്തിന് ഇവർ വലിയ വിലകല്പിക്കുന്നു. യുട്യൂബർമാരുടെ റിവ്യൂ ഏറ്റുപാടിയും കമന്റുകളിൽ നെഗറ്റീവ് അഭിപ്രായങ്ങൾ ചൊരിഞ്ഞും ചെറുപ്പക്കാരുടെ സംഘങ്ങൾ സോഷ്യൽമീഡിയയിൽ നിറയുമ്പോൾ കുടുംബപ്രേക്ഷകർ തിയേറ്ററിൽപ്പോകാതെ സിനിമ ഒ.ടി.ടി.യിൽ വരുന്നതും കാത്തിരിക്കുന്നു. നാലംഗങ്ങളുള്ള കുടുംബം അത്യാവശ്യം കൊള്ളാവുന്ന തിയേറ്ററിൽപ്പോയാൽ ചെലവ് 1500-ഓളം രൂപയാകും. മോശമെന്ന അഭിപ്രായം യുട്യൂബിൽ കാണുന്നതോടെ ഇത്രയും പണം വെറുതേ കളയുന്നതെന്തിനാണ് എന്ന ചിന്തയിൽ പലരും സിനിമ ഉപേക്ഷിക്കും. അങ്ങനെ ആദ്യയാഴ്ചയിൽത്തന്നെ പടം വീഴും.’’
‘ആളൊരുക്കം’ എന്ന ആദ്യചിത്രത്തിലൂടെ ദേശീയപുരസ്കാര ജേതാവായ സംവിധായകൻ വി.സി. അഭിലാഷ് രണ്ടാമത്തെ ചിത്രമായ ‘സബാഷ് ചന്ദ്രബോസി’ന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങൾ പറയുന്നു

രണ്ടാമത്തെ സിനിമ കൊമേഴ്സ്യൽ സ്വഭാവമുള്ളതിനാൽ റിലീസിനുമുമ്പേ അത്യാവശ്യം നന്നായി സോഷ്യൽ മീഡിയ പ്രചാരണം നടത്തണമെന്ന് നിശ്ചയിച്ചിരുന്നു. പക്ഷേ, കാര്യമായി ഗവേഷണംനടത്തി അവസാനം ഞാൻ വലിയ മണ്ടത്തരംചെയ്തു. പ്രമോഷനുവേണ്ടി കണ്ടെത്തിയ ആൾ നന്നായി വാചകമടിച്ച് ആദ്യംതന്നെ അഡ്വാൻസായി നല്ലൊരു തുകവാങ്ങി.
ആദ്യത്തെ പരസ്യമെറ്റീരിയൽ ഇടുന്നതിന്റെ തലേന്ന് തുടരെ വിളിച്ചിട്ടും ഫോണെടുക്കുന്നില്ല. പിറ്റേന്ന് വിളിച്ചിട്ട് പറഞ്ഞത് ‘ന്യൂഇയർ ആഘോഷം കഴിഞ്ഞ് ഉറങ്ങിപ്പോയി’ എന്നാണ്. ഈമട്ടിൽപ്പോയാൽ ശരിയാകില്ലെന്ന് മനസ്സിലായതോടെ രണ്ടാമതൊരാളെ കണ്ടെത്തി. പക്ഷേ, അയാളെ സമീപിച്ചപ്പോൾ ഒരു ഡിമാൻഡ്, ആദ്യത്തെയാളുടെ സമ്മതം വാങ്ങിയാലേ പ്രമോഷൻ പരിപാടി ഏറ്റെടുക്കൂ. അങ്ങനെ ആദ്യത്തെയാളുടെ കാലുപിടിച്ച് പറയിച്ച് രണ്ടാമത്തെയാളെക്കൊണ്ട് സമ്മതിപ്പിച്ചു. സോഷ്യൽ മീഡിയയിൽ റീച്ചുള്ള 15 പേജുകൾ കണ്ടെത്തി അവർക്ക് കൊടുക്കേണ്ട തുകയും നിശ്ചയിച്ചു. റിലീസിന് മൂന്നുദിവസംമുമ്പ് ഒരു ഓൺലൈൻ സിനിമാചാനൽ ഉടമ വിളിക്കുന്നു. ‘‘അതെന്താ ഞങ്ങളെ ഒഴിവാക്കിയത്…’’ എന്നായിരുന്നു ചോദ്യം. ‘ആളൊരുക്ക’ത്തിന്റെ സമയത്ത് പത്രപ്രവർത്തകൻ എന്നനിലയിൽവന്ന് പരിചയപ്പെട്ടയാളാണ്. നിങ്ങൾ പറഞ്ഞ തുക 40,000 അല്ലേ… ഞങ്ങൾ ഒരു പേജിന് പരമാവധി നിശ്ചയിച്ചിട്ടുള്ള തുക 15,000 ആണ്… ആ തുകയ്ക്കാണെങ്കിൽ നിങ്ങൾക്കും തരാം എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി: ‘‘വേണ്ട… ഇനി നാളെ സിനിമ റിലീസ് ചെയ്യുമ്പോൾ ആരെങ്കിലും മാറിനിന്ന് നെഗറ്റീവ് പറഞ്ഞാൽ ഞങ്ങളെ കുറ്റംപറയരുത്…’’ ആ ഭീഷണി വെറുതേയായിരുന്നില്ല. റിലീസ് ദിവസം പത്തുമണിയുടെ ആദ്യഷോയ്ക്കുമുമ്പേ എട്ടുമണിക്ക് സിനിമ മോശമെന്നുപറഞ്ഞ് യുട്യൂബിൽ റിവ്യൂവന്നു. പക്ഷേ, എന്നിട്ടും പിന്നീടുള്ള ദിവസങ്ങളിൽ ഹൗസ് ഫുൾ ആയി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ മറ്റൊരു യുട്യൂബ് വീഡിയോ കണ്ടു. തിയേറ്ററിൽനിന്നുള്ള അഭിപ്രായം ശേഖരിക്കലാണ്. അഞ്ചോ ആറോ പേർ നല്ലതെന്ന അഭിപ്രായം പങ്കുവെച്ചു. ഒരാൾമാത്രം ‘കോമഡി വർക്കൗട്ടാ’യില്ല എന്ന് പറഞ്ഞു. ആ വീഡിയോയുടെ തമ്പ്നെയിൽ ഇങ്ങനെയായിരുന്നു; കോമഡി വർക്ക് ഔട്ട് ആകാതെ സബാഷ് ചന്ദ്രബോസ്.
ഓൺലൈൻ ചാനലിന്റെ ഉടമയുടെ നമ്പർ കണ്ടെത്തി വിളിച്ചു. ‘‘ആദ്യത്തെ കൊമേഴ്സ്യൽ പടമാണ്, സഹായിക്കണം’’ എന്ന് പറഞ്ഞപ്പോൾ മറുപടി: ‘‘ഞങ്ങളെയൊക്കെ നേരത്തേ കാണണ്ടേ ചേട്ടാ…’’ അടുത്ത പടത്തിന് ഉറപ്പായും പരിഗണിക്കും എന്ന് വാക്കുകൊടുത്ത് ഫോൺവെച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തമ്പ്നെയിൽ മാറി: ‘ഇങ്ങനെയൊരു ഐറ്റം ഇതുവരെ കണ്ടിട്ടില്ല…’
എനിക്ക് പറയാനുള്ളത് സിനിമാപ്രവർത്തകരോടാണ്: നമ്മൾ ഇനിയെങ്കിലും പേടിച്ച് മാറരുത്. ഇപ്പോൾ ഒന്നിച്ചുനിന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാം. അതിനുപകരം മാളത്തിലേക്ക് ഓടിയൊളിച്ചാൽ എന്നും അവിടെത്തന്നെ കഴിയേണ്ടിവരും..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]