യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിക്കപ്പെടുന്ന ഒട്ടേറെ ചിത്രങ്ങൾ പല ഭാഷകളിലായി നമ്മൾ കണ്ടിട്ടുണ്ട്. സിനിമയ്ക്ക് ആധാരമാവുന്ന പ്രമേയങ്ങളിൽ സംഭവങ്ങളുണ്ടാകാം, വ്യക്തികളുണ്ടാവാം.
ദൃശ്യഭാഷ്യം ആവശ്യപ്പെടുന്ന അത്തരം ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി. അതാണ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ഒറ്റ.
ചിൽഡ്രൻ റിയുണൈറ്റഡ് ഫൗണ്ടേഷന്റെ അമരക്കാരൻ എസ്. ഹരിഹരന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.
ചിത്രം നിർമിച്ചിരിക്കുന്നതും അദ്ദേഹം തന്നെ. മൂന്ന് തവണയാണ് ഹരിഹരൻ ചെറുപ്പത്തിൽ വീടുവിട്ടോടിയത്.
12,14,17 വയസുകളിൽ. ആദ്യത്തെ തവണ വീടുവിട്ടപ്പോൾ ഒരു ദിവസത്തിനുശേഷം തിരിച്ചെത്തി.
പതനാലാം വയസിൽ 11 ദിവസം നീണ്ടുനിന്ന യാത്ര മുംബൈയിലേക്കും പൂനെയിലേക്കുമായിരുന്നു. മൂന്നാം തവണ, പതിനേഴാം വയസിൽ ചെന്നൈയ്ക്ക് പോയ ഹരിഹരൻ ഒരു വർഷമാണ് അവിടെ ചിലവഴിച്ചത്.
ഇതിനിടയിൽ പല ജോലികളും നോക്കി. ചായക്കടകളിലും ബേക്കറിയിലും സഹായിയായി നിന്നു.
ലോറിയിൽ ക്ലീനറായി. പക്ഷേ ജീവിതം നൽകിയ പാഠങ്ങൾ കരുത്താക്കി മുന്നോട്ടുപോയ ഹരിഹരൻ 1989-ൽ മുംബൈയിൽ ഒരു ചെറുകിട
സംരംഭം തുടങ്ങി. പതിയെപ്പതിയെ ഉയരങ്ങൾ കീഴടക്കി.
ഈ ജീവിതമാണ് ഒറ്റയെന്ന സിനിമയുടെ അടിസ്ഥാനം. ഒറ്റപ്പെട്ടവരുടെ, അല്ലെങ്കിൽ ഒറ്റപ്പെട്ടതിന്റെ വേദന അനുഭവിക്കുന്നവരുടെ കഥയാണ് ഒറ്റ.
ഏത് കഥാപാത്രമെടുത്താലും അവരെല്ലാം ഏതെങ്കിലും വിധത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. ഹരി, ബെൻ, രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
ഇവരെല്ലാം ഒറ്റപ്പെടലിന്റെ വേദന ഉള്ളിൽപ്പേറുന്നവരാണ്. ചെറുപ്പത്തിൽ അച്ഛന്റെ ക്രൂരമായ ശിക്ഷണങ്ങൾക്ക് ഇരയാകുന്നയാളാണ് ഹരി.
അതിന് പ്രതികരിക്കാനാവാതിരിക്കുന്ന അമ്മയേയും അയാൾ കാണുന്നുണ്ട്. ആത്മാഭിമാനത്തിനും പണത്തിനും വിലകൊടുക്കുന്ന അച്ഛൻ ഹരിക്കെന്നും പേടിസ്വപ്നമായിരുന്നു.
പഠനം പോലും വേണ്ടാതെ വീടുവിട്ടിറങ്ങാൻ അയാളെ പ്രേരിപ്പിക്കുന്നത് സ്വന്തമായൊരിടം വേണമെന്ന ചിന്തയാണ്. അച്ഛനിൽ നിന്ന് സ്നേഹത്തോടെ ഒരു വാക്കോ, ചുംബനമോ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ എന്നയാൾ ഒരിക്കൽ അമ്മയോടുപറയുന്നുണ്ട്.
ഹരിയുടെ മറ്റൊരു പതിപ്പാണ് ബെൻ. അമ്മയുടെ കാർക്കശ്യത്തിൽ നിന്നും ദയാരഹിതമായ പെരുമാറ്റത്തിൽ നിന്നും രക്ഷപ്പെടാനാണ് ഇയാൾ വീടുവിട്ടിറങ്ങുന്നത്.
അതയാളെ ചെന്നെത്തിക്കുന്നത് പലവിധമായ ചൂഷണങ്ങളിലേക്കുമാണ്. എന്നാൽ ഇതൊന്നുമല്ലാത്ത ഒറ്റപ്പെടലിന്റെ ഉന്നതി എന്ന അവസ്ഥയിൽ നിൽക്കുന്നയാളാണ് രാജു.
നഷ്ടപ്പെടാൻ ഒന്നുമില്ലാത്തയാൾ. അയാളുടെ തുടക്കവും തുടരുന്ന ജീവിത സാഹചര്യവുമെല്ലാം തീവ്രമായ ഒറ്റപ്പെടലിന്റേതാണ്.
ഹരിയേയും ബെന്നിനേയും വെച്ച് താരതമ്യപ്പെടുത്തിയാൽ പ്രേക്ഷകരുമായി ഏറ്റവും കൂടുതൽ വൈകാരികമായി അടുത്ത് നിൽക്കുന്നത് ഈ കഥാപാത്രമാണ്. ഹരിയായി ആസിഫ് അലിയും ബെൻ ആയി അർജുൻ അശോകനും രാജുവായി ഇന്ദ്രജിത് സുകുമാരനും വേഷമിടുന്നു.
അവരവരുടേതായ ജീവിതസാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ഈ കഥാപാത്രങ്ങളെ മൂവരും മികച്ചതാക്കിയിട്ടുണ്ട്. മകനെ വരച്ചവരയിൽ നിർത്തണമെന്നാഗ്രഹിക്കുന്ന കർക്കശക്കാരനായ പിതാവ് അയ്യർ എന്ന കഥാപാത്രമായി സത്യരാജും നിറഞ്ഞാടിയിട്ടുണ്ട്.
ഇയാളും ഒറ്റപ്പെടലിന്റെ പാതയിൽ എത്തിച്ചേരുന്നുണ്ട്. അച്ഛനും മകനുമിടയിലെ പോരിനിടയിൽ ഒറ്റപ്പെടുന്ന അമ്മയുടെ വേഷമാണ് രോഹിണിയുടേത്.
ശ്യാമ പ്രസാദ്, സുധീർ കരമന, ഇന്ദ്രൻസ്, ജലജ, രഞ്ജി പണിക്കർ തുടങ്ങിയവരുടെ കഥാപാത്രങ്ങളിലും ഒറ്റപ്പെടലിന്റെ അംശങ്ങൾ കാണാം. ആദിൽ ഹുസൈൻ, ജി.
സുരേഷ് കുമാർ, ജയകൃഷ്ണൻ, ജയപ്രകാശ്, സോനാ നായർ എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി. ഹരി എന്ന കഥാപാത്രത്തിന്റെ ജീവിത സാഹചര്യങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.
ഹരിയുടെ ജീവിതത്തിലെ സംഭവവികാസങ്ങൾ അതിന്റെ തീവ്രത ചോരാതെ അവതരിപ്പിക്കുകയാണ് റസൂൽ പൂക്കുട്ടി ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ഒറ്റയെന്നും പറയാം.
ഒറ്റപ്പെടലിന്റെ കാഠിന്യം എത്രത്തോളമെന്ന് കാട്ടിത്തരുന്നുണ്ട് ഒറ്റ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]