പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്ഹാസന് – മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘KH234’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘കെഎച്ച് 234’ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതിന്റെ ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
കള്‍ട്ട് ക്ലാസിക് ചിത്രമായ നായകന് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണിത്.
സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന് മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന് എആര്‍ റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ കമല്ഹാസന്, മണിരത്നം, ആര്.മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മണിരത്നത്തിന്റെ ‘കന്നത്തില്‍ മുത്തമിട്ടാല്‍’, ‘ആയുധ എഴുത്ത്’ എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് ‘KH234’ ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫറായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചിത്രത്തിന്റെ പേരിന്റെ പ്രഖ്യാപനത്തിനും അഭിനേതാക്കളുടെ വിവരങ്ങള്‍ അറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പി ആര് ഓ: പ്രതീഷ് ശേഖര്‍.