
ലിസ്ബൺ
ഖത്തറിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യാത്രയിൽ ഇന്ന് തീരുമാനം. തോറ്റാൽ പുറത്ത്, ജയിച്ചാൽ ഒരു കടമ്പകൂടി. ലോകകപ്പ് യോഗ്യതാ യൂറോപ്യൻ പ്ലേ ഓഫ് സെമിയിൽ തുർക്കിയാണ് പോർച്ചുഗലിന്റെ എതിരാളി. മറുവശത്ത് മുൻ ചാമ്പ്യൻമാരായ ഇറ്റലി നോർത്ത് മാസിഡോണിയയെ നേരിടുന്നു. പോർച്ചുഗലും ഇറ്റലിയും ജയിച്ചാൽ 29ന് ഇരുടീമുകളും തമ്മിലാണ് അന്തിമ മുഖാമുഖം. ഇതിൽ ജയിക്കുന്ന ടീം ഖത്തറിലേക്ക്. തോറ്റവർ പുറത്ത്.
ലോകകപ്പിൽ ഇതുവരെ 15 ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. യൂറോപ്പിൽ നേരിട്ട് യോഗ്യത കിട്ടാത്ത 12 ടീമുകളാണ് പ്ലേ ഓഫിൽ രംഗത്ത്. ഇതിൽ റഷ്യ–പോളണ്ട് മത്സരം റദ്ദാക്കി. പോളണ്ടിന് അടുത്ത റൗണ്ടിലേക്ക് യോഗ്യതയും കിട്ടി. ഉക്രയ്ൻ–സ്കോട്-ലൻഡ് മത്സരം മാറ്റിവച്ചു. പോർച്ചുഗൽ–തുർക്കി, ഇറ്റലി–നോർത്ത് മാസിഡോണിയ, സ്വീഡൻ–ചെക്ക് റിപ്പബ്ലിക്, വെയ്ൽസ്–ഓസ്ട്രിയ മത്സരങ്ങളാണ് ഇന്ന് രാത്രി നടക്കുന്നത്.
യോഗ്യതാ റൗണ്ടിൽ സെർബിയയാണ് പോർച്ചുഗലിനെ തടഞ്ഞത്. തുർക്കിക്ക് മുന്നിലെത്തുമ്പോൾ അവരെ പരിക്ക് വലയ്ക്കുന്നു. പ്രതിരോധത്തിൽ റൂബെൻ ഡയസും മധ്യനിരയിൽ റെനാറ്റോ സാഞ്ചൊസും ഇല്ല. സസ്പെൻഷൻ കാരണം മറ്റൊരു പ്രതിരോധതാരം ജോയോ കാൻസെലോയുമില്ല.
റൊണാൾഡോയിലാണ് മുഴുവൻ കണ്ണുകളും. മുപ്പത്തേഴുകാരനായ റൊണാൾഡോയ്ക്ക് ഇനിയൊരു അവസരമില്ല. സീസണിൽ അത്ര മികച്ച ഫോമിലുമല്ല. അതിനിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിനെതിരെ മാഞ്ചസ്റ്റർ യുണെെറ്റഡിനായി ഹാട്രിക് നേടിയ പ്രകടനം പോർച്ചുഗലിന് പ്രതീക്ഷ നൽകുന്നു.
ആഫ്രിക്കയിൽ സലാ–മാനെ പോര്
ആഫ്രിക്കയിൽ മുഹമ്മദ് സലായും സാദിയോ മാനെയും തമ്മിലാണ് പോര്. ഒരാൾക്ക് ഖത്തർ നഷ്ടപ്പെടും. ഈജ്പിത്–സെനെഗൽ മൂന്നാം റൗണ്ടിലെ ആദ്യപാദമത്സരം നാളെ നടക്കും. ആഫ്രിക്കയിൽ 10 ടീമുകളാണ് ശേഷിക്കുന്നത്. പരസ്പരമുള്ള ഇരുപാദ പോരാട്ടത്തിൽ അഞ്ച് ടീമുകൾ മുന്നേറും. സലായുടെ ഈജിപ്തും മാനെയുടെ സെനെഗലും തമ്മിലുള്ള രണ്ടാംപാദം ഇരുപത്തൊമ്പതിനാണ്. ഇരുപാദങ്ങളിലുമായി ജയിക്കുന്ന ടീമിനാണ് ലോകകപ്പിൽ സ്ഥാനം. ഘാന–നെെജീരിയ, കാമറൂൺ–അൾജീരിയ പോരാട്ടവും ശ്രദ്ധേയമാകും.
ജപ്പാനും ഓസ്ട്രേലിയക്കും
നിർണായകം
ഏഷ്യയിൽ ആതിഥേയരായ ഖത്തർ ഉൾപ്പെടെ മൂന്ന് ടീമുകൾ യോഗ്യത നേടി. ഗ്രൂപ്പ് എയിൽനിന്ന് ഇറാനും ദക്ഷിണ കൊറിയയുമെത്തി. ബിയിൽ ഒന്നാമതുള്ള സൗദി അറേബ്യ ചെെനയെ നേരിടും. ഇന്ന് ഓസ്ട്രേലിയയും ജപ്പാനും ഏറ്റുമുട്ടും. ജയിച്ചാൽ ജപ്പാൻ ഉറപ്പിക്കും.
ജയം തുടരാൻ ബ്രസീൽ, അർജന്റീന
ലാറ്റിനമേരിക്കയിൽ രണ്ട് റൗണ്ട് ശേഷിക്കെ ബ്രസീലും അർജന്റീനയും യോഗ്യത നേടി. ചിലി, കൊളംബിയ ടീമുകൾക്ക് നിർണായകമാണ്. നാലാമതുള്ള ഉറുഗ്വേ ഇന്ന് പെറുവിനെ നേരിടും. ബ്രസീൽ നാളെ പുലർച്ചെ ചിലിയുമായും അർജന്റീന ശനി പുലർച്ചെ വെനസ്വേലയെയും നേരിടും.കോൺകാകാഫ് മേഖലയിൽ ക്യാനഡ, അമേരിക്ക, മെക്സിക്കോ ടീമുകളാണ് യോഗ്യതയ്ക്കരികെ.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]