സിനിമയ്ക്കുവേണ്ടിയാണ് നവമാധ്യമ നിരൂപകര്‍ നിലകൊള്ളുന്നതെന്ന് തോന്നുന്നില്ലെന്ന് ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രത്തിന്റെ സംവിധായകന് സുഭാഷ് ലളിത സുബ്രഹ്മണ്യന്. ബിസിനസ് എന്ന രീതിയില്‍ നോക്കുകയാണെങ്കില്‍ നവ മാധ്യമ നിരൂപകര്‍ ചെയ്യുന്നത് ഒരിക്കലും സിനിമയ്ക്ക് സഹായകമായ കാര്യമല്ലെന്നും സുഭാഷ് പറഞ്ഞു. മലയാള സിനിമയിലെ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രാവിലെ പത്തുമണിക്ക് സിനിമ റിലീസായിക്കഴിഞ്ഞാല്‍ 12.10 ആവും പ്രദര്‍ശനം കഴിയാന്‍. എന്റെ സിനിമയായ ചാള്‍സ് എന്റര്‍പ്രൈസസിന്റെ ആദ്യ ഷോ നിശ്ചയിച്ചിരുന്നത് കൊച്ചി ഇടപ്പള്ളിയിലെ വനിത തിയേറ്ററിലായിരുന്നു. പക്ഷേ പടം കഴിഞ്ഞ് ഇറങ്ങുന്നതിനുമുമ്പ് ഓണ്‍ലൈനില്‍ റിവ്യൂ വന്നു. ഇത്തരം റിവ്യൂവര്‍മാര്‍ക്ക് വേണ്ടത് കണ്ടന്റാണ്. ഏതെങ്കിലും രീതിയില്‍ വളച്ചൊടിച്ച് കൊടുത്താലേ ആളുകള്‍ ആകര്‍ഷിക്കപ്പെടൂ എന്നാണവര്‍ കരുതുന്നത്.
പോപ്കോണ്‍ തിന്നാന്‍ പോകാം എന്ന രീതിയിലാണ് ഹെഡ്ഡിങ് ഇടുന്നത്. എന്റെ സിനിമയുടെ റിവ്യൂ നേരത്തേ പറഞ്ഞപോലെ വന്നപ്പോള്‍ പലരും എനിക്ക് മെസേജ് അയച്ചു. സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ തിയേറ്റര്‍ പ്രതികരണം നോക്കിയിരിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. അവരെ ആകര്‍ഷിക്കുന്ന രീതിയിലുള്ള തമ്പ്നെയിലുകളാണ് സോഷ്യല്‍ മീഡിയ റിവ്യൂവര്‍മാര്‍ വെയ്ക്കുന്നത്. സിനിമയ്ക്ക് നല്ല പ്രതികരണമാണെന്ന് പറഞ്ഞാല്‍ ആരും നോക്കില്ല. പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിനും ഇതുപോലെയാണ് യൂട്യൂബര്‍മാര്‍ റിവ്യൂ ചെയ്തത്. 2018 ന് പോലും വളരെ മോശം റിവ്യൂ ഇട്ടവരുണ്ട്. പക്ഷേ ഈ പടങ്ങളൊക്കെ ഇവിടെ ഹിറ്റുമാണ്.
നമ്മള് ഒരു പാട്ടിറക്കുമ്പോള് പല തമ്പ്നെയിലുകള് ചെയ്തുവെക്കാറുണ്ട്. ഇടയ്ക്കിടെ അതുമാറ്റാറുണ്ട്. ഇതുപോലെ തന്നെയാണ് സോഷ്യല്‍ മീഡിയാ നിരൂപകരും ചെയ്യുന്നത്. പടം ഹിറ്റാണെന്നുകണ്ടാല് പഴയ തമ്പ്നെയില്‍ മാറ്റും. പക്ഷേ നേരത്തേ പോസ്റ്റ് ചെയ്ത കണ്ടന്റ് അവിടെത്തന്നെയുണ്ടാവും. കണ്ട സിനിമയേക്കുറിച്ച് നമ്മളും മുമ്പ് ഓണ്‍ലൈനില്‍ എഴുതിയിട്ടുണ്ട്. നമ്മള് ഒരു സിനിമയുമായി വരുമ്പോഴും ആളുകള്‍ വിമര്‍ശിക്കുകതന്നെ വേണം. അതില്‍ നിന്ന് കിട്ടുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വേണമല്ലോ അടുത്ത സിനിമ ചെയ്യേണ്ടത്. അങ്ങനെയാണല്ലോ നമ്മള് പഠിക്കുന്നത്. സിനിമയ്ക്കുവേണ്ടിയാണ് നവമാധ്യമ നിരൂപകര്‍ നിലകൊള്ളുന്നതെന്ന് തോന്നുന്നില്ല.
ബിസിനസ് എന്ന രീതിയില്‍ നോക്കുകയാണെങ്കില്‍ ഇവര്‍ ചെയ്യുന്നത് ഒരിക്കലും സിനിമയെ സഹായിക്കുന്നില്ല. പണവുമായി ബന്ധപ്പെട്ട് നില്ക്കുന്ന കലയാണ് സിനിമ. കാരണം പണം മുടക്കാന്‍ ഒരാളുണ്ടായാലേ സിനിമ നടക്കൂ. അത്തരക്കാര്‍ സിനിമയിലേക്ക് വരുമ്പോള്‍ ഒന്ന് മടിക്കും. ഞാന്‍ ഇപ്പോള്‍ ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര്മാരുമായി ബന്ധപ്പെടുമ്പോള്‍ സിനിമ നിര്‍മിക്കാന്‍ പലരും മടികാണിക്കുന്നുണ്ടെന്നാണ് കിട്ടുന്ന മറുപടി. കണ്ടന്റിനുവേണ്ടി മാത്രം ചെയ്യുന്ന ഈ പ്രവൃത്തികള്‍ വളരെ ബോറാണ്. കേരളത്തില്‍ മാത്രമേയുള്ളൂ ഇതുപോലുള്ള പരിപാടികള്‍.
എന്റെ ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രം ഇവിടെ റിലീസായി ഒരുമാസത്തിന് ശേഷം തമിഴ്നാട്ടിലും മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. സിനിമയുടെ കൂടെ നില്ക്കുന്ന രീതിയിലായിരുന്നു അവിടെ തിയേറ്റര്‍ റെസ്പോണ്‍സ് പോലും അവിടെ ചെയ്തത്. തമിഴ്നാട്ടിലും നെഗറ്റീവ് റിവ്യൂ പബ്ലിഷ് ചെയ്യുന്നവരുണ്ട്. പക്ഷേ അത്തരം യൂട്യൂബ് കണ്ടന്റുകളെ പ്രേക്ഷകര്‍ അവിടെ തള്ളിക്കളയുന്നുമുണ്ട്. ഇടപ്പള്ളിയിലെ തിയേറ്റര്‍ അധികൃതരും കുറച്ചുകൂടി ജാഗരൂകരാകണമെന്നാണ് പറയാനുള്ളത്. മുന്‍കാലങ്ങളില്‍ സിനിമാ മാസികകളില്‍ നോക്കിയാല്‍ കൃത്യം കളക്ഷന്‍ റിപ്പോര്‍ട്ട് കാണുമായിരുന്നു. ഇന്നതില്ല. അന്ന് ആവറേജ് ഹിറ്റുണ്ടായിരുന്നു, ഹിറ്റും സൂപ്പര്‍ഹിറ്റും മെഗാഹിറ്റും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുമുണ്ടായിരുന്നു. ഇന്ന് ഫ്ളോപ്പ്, മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്നതിലേക്ക് ചുരുങ്ങി. സമ്മിശ്ര പ്രതികരണങ്ങള്‍ പോലും തിയേറ്ററിനെ കാലിയാക്കിക്കളയുകയാണ്.
വിമര്‍ശനങ്ങള്‍ സിനിമയ്ക്കും ഇന്‍ഡസ്ട്രിക്കും ഗുണം മാത്രമേ ചെയ്യൂ എന്നാണ് ഞാന്‍ കരുതുന്നത്. അത് സിനിമയുടെ നിലവാരത്തെ ഉയര്‍ത്തുന്നതിന് ഉപകരിക്കും. പ്രേക്ഷകന്റെ സമയത്തിനും പണത്തിനും വിലയുണ്ട് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി സിനിമ ചെയ്താല്‍ നല്ല പ്രോഡക്റ്റ്കള്‍ സംഭവിക്കും. വ്യക്തിപരമായി അഭിപ്രായവ്യത്യാസമുള്ളത് ഉള്ളടക്കത്തിന്റെ കച്ചവടത്തിനു പ്രാധാന്യം നല്‍കിയുള്ള റിവ്യൂ, തിയേറ്റര്‍ റെസ്പോണ്‍സുകള്‍ സിനിമയുടെ വാണിജ്യമൂല്യങ്ങള്ക്ക് ഒരു ഗുണവും ചെയ്യില്ല എന്നതാണ്. അതിനുകാരണമായി എനിക്ക് തോന്നുന്നത് ആളുകളെ ആകര്‍ഷിക്കാന്‍ സിനിമ കണ്ടിറങ്ങുന്ന പത്താളുകളെ ഇവര്‍ സമീപിക്കുന്നതില്‍ ഇഷ്ടമായി എന്ന് പറയുന്നവര്‍ക്കും ഇഷ്ടമായില്ല എന്ന് പറയുന്നവര്‍ക്കും പുറമെ പല രീതിയില്‍ സിനിമയുടെ കാഴ്ചയെ വിശകലനം ചെയ്തവര്‍ ഉണ്ടാകാം. ഇതൊന്നും നല്‍കാതെ ആ കണ്ടന്റിന്റെ തമ്പ്നെയില്‍ നെഗറ്റീവ് ആയി പറഞ്ഞ അഭിപ്രായം മാത്രം മുന്‍ നിര്ത്തിയുള്ളതാകുമ്പോള് മാറിയ കാലത്ത് സിനിമ കാണാന്‍ തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകരെ അതില്‍ നിന്ന് പിന്‍വലിയാന്‍ അത് കാരണമാക്കും.
ഞങ്ങളുടെ സിനിമ ചാള്‍സ് എന്റര്‍പ്രൈസസ് ആദ്യഷോ കഴിയുന്നതിനു മുന്‍പേ ഇത്തരം റിവ്യൂകള്‍ വന്നിരുന്നു. അത് ശ്രദ്ധയില്‍ പെടുകയും അവരെ തിരക്കി പോകുകയും ചെയ്തപ്പോള്‍ വയറ്റിപിഴപ്പിന് ചെയ്യുന്നതാണെന്നും ഇനി ആവര്‍ത്തിക്കില്ല എന്ന ദയനീയ ഉത്തരമാണ് ലഭിച്ചത്. പിന്നീടവര്‍ അത് ചെയ്തതായി കാണുകയും ചെയ്തിട്ടില്ല. റിലീസിന് മുന്‍പ് ഒ.ടി.ടി റൈറ്റ്സ് വിറ്റതിനാല്‍ ഞങ്ങളുടെ പ്രൊഡ്യൂസര്‍ സാമ്പത്തികമായി വലിയ നഷ്ടങ്ങള്‍ സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു. അല്ലെങ്കില്‍ ഇത്തരം റിവ്യൂകള്‍ പടച്ചുവിടുന്നത് കൊണ്ട് ഒരു ഒ.ടി.ടി പ്ലാറ്റ്ഫോമോ ചാനലുകളോ സിനിമ വാങ്ങില്ലായിരുന്നു. വരുംകാലങ്ങളില്‍ ഇതൊക്കെ മുന്നില്‍ കണ്ടുള്ള സിനിമകള്‍ ഉണ്ടാക്കാന്‍ തന്നെയാണ് വ്യക്തിപരമായി ശ്രമിക്കുന്നത്.’ സുഭാഷ് പറഞ്ഞ് നിര്‍ത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]