
കൊച്ചി> നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കൂടാതെ കാവ്യ മാധവനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷകസംഘം. ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നടത്തിയിരുന്ന ആലുവ സ്വദേശിയായ ശരത്തിനെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുക. ശരത്തും കാവ്യയും ഫോണിൽ സംസാരിച്ചതിനെക്കുറിച്ച് അന്വേഷകസംഘം ചോദിച്ചറിയും. നടിയെ ആക്രമിച്ച ദൃശ്യങ്ങളെത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണെന്ന സാക്ഷിമൊഴിയെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും.
ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചുനൽകിയ വിഐപി ശരത്താണെന്ന് അന്വേഷകസംഘം ഉറപ്പിച്ചിരുന്നു. ശബ്ദസാമ്പിളുകളുടെ പരിശോധനകൂടി പൂർത്തിയായശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മൂന്നുമണിക്കൂറോളം ശരത്തിനെ ചോദ്യം ചെയ്തു. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത ശബ്ദരേഖകളിൽ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണമുണ്ടായിരുന്നു. ‘പോയ കാര്യങ്ങൾ എന്തായി, നടന്നോ,’ എന്നായിരുന്നു കാവ്യ ശരത്തിനോട് ചോദിച്ചത്. ശബ്ദം കേട്ട് വിഐപി ആരെന്ന് താൻ തിരിച്ചറിഞ്ഞതായി ബാലചന്ദ്രകുമാർ സ്വകാര്യ ചാനലിൽ പ്രതികരിച്ചിരുന്നു.
ദിലീപിനെ മാത്രമല്ല സഹോദരൻ അനൂപിനെയും സഹോദരീഭർത്താവ് സുരാജിനെയും കാവ്യ മാധവനെയും ചോദ്യം ചെയ്യണം. ആലുവയിലെ വീട്ടിലിരുന്ന് പ്രതികൾ കണ്ട ദൃശ്യങ്ങൾ ഒരുപക്ഷേ ദിലീപിന്റെ ടാബിലേക്ക് പകർത്തിക്കൊണ്ടുവന്നതായിരിക്കാം. അല്ലെങ്കിൽ പുറത്തുനിന്ന് കൊണ്ടുവന്ന ടാബ് ആകാം. എന്തായാലും അത് കൊടുത്തത് കാവ്യയുടെ കൈയിലാണ്. തന്റെ മൊഴിയിലും രഹസ്യമൊഴിയിലും അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അന്വേഷകസംഘം കാവ്യയിൽനിന്ന് ചോദിച്ചറിയും. കേസിൽ ചോദ്യം ചെയ്യലിനായി 28ന് ദിലീപ് ക്രൈംബ്രാഞ്ചിന്റെ മുന്നിൽ ഹാജരാകും.
വ്യാഴാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും നേരത്തേ നിശ്ചയിച്ച ഒരു യാത്രയുള്ളതിനാൽ മറ്റൊരു ദിവസം നൽകണമെന്നും ദിലീപ് അന്വേഷകസംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]