
അടുത്ത കാലത്തായി മലയാള സിനിമ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് തിയേറ്ററുകളിൽ ആളുകയറുന്നില്ല എന്നത്. അത്രയേറെ തിയേറ്റർ അനുഭവം നൽകുന്ന വിരലിലെണ്ണാവുന്ന ചിത്രങ്ങളൊഴികെ ബാക്കിയെല്ലാത്തിനേയും പ്രേക്ഷകർ നിഷ്കരുണം തള്ളിക്കളയുകയാണ്. എന്താണതിന് കാരണം? ഈ ചോദ്യത്തിന് സിനിമാ പ്രവർത്തകർക്കിടയിൽ നിന്ന് വരുന്ന പ്രധാന ഉത്തരം റിവ്യൂകൾ എന്നാണ്. സിനിമ റിലീസാവുന്ന ദിവസം ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾത്തന്നെ വരുന്ന നിരൂപണങ്ങളും യൂട്യൂബർമാരുടെ നിരൂപണങ്ങളും ഇതിലുൾപ്പെടുന്നു. ഇത്തരം റിവ്യൂ സമ്പ്രദായം മലയാള സിനിമയെ നശിപ്പിക്കുന്നുണ്ടോ? ചില പ്രതികരണങ്ങളിലേക്ക്.
റിവ്യൂ ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല -ഹരിശങ്കർ, നടൻ
റിവ്യൂകൾ സിനിമയെ വലിയ രീതിയിൽത്തന്നെ സ്വാധീനിക്കുന്നുണ്ട്. മലയാള സിനിമകൾ മാത്രമല്ല, അന്യഭാഷാ സിനിമകൾ വന്നാലും ഇപ്പറയുന്ന സോഷ്യൽ മീഡിയാ നിരൂപകർക്ക് ഒരുപറ്റം ഫോളോവർമാരുണ്ട്. അവർ പറയുന്നത് കേട്ട് അതിനനുസരിച്ച് സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന വലിയൊരു വിഭാഗം ആൾക്കാരുണ്ട് നമുക്കിടയിൽ. അതിൽ പ്രായഭേദമെന്യേ ഉള്ള ആളുകളുണ്ട്. നമുക്ക് അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ പറ്റില്ല. ഒരു ഫോണും അതിൽ നെറ്റുമുണ്ടെങ്കിൽ ഏത് സിനിമയ്ക്കും റിവ്യൂ ഇടാം. തിയേറ്ററിൽക്കയറി പൈസ കൊടുത്ത് സിനിമ കാണുന്ന ഒരാൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സിനിമയുടെ ഭാഗമായ ഒരാളെ വ്യക്തിപരമായി അധിക്ഷേപിക്കാതിരിക്കുക എന്നതാണ് ചെയ്യേണ്ടത്.
റിവ്യൂ ഇല്ലെങ്കിൽപ്പോലും ചെറിയ സിനിമകൾ കാണാൻ ആളുകൾ തിയേറ്ററിൽ പോകുന്നില്ല -കൃഷാന്ത്, സംവിധായകൻ
കച്ചവട സിനിമ ഇറക്കുന്ന എല്ലാ ഇൻഡസ്ട്രികളിലും നടക്കുന്ന കാര്യമാണിത്. നെഗറ്റീവ് റിവ്യൂ മാത്രമിടുന്നതും പോസിറ്റീവ് റിവ്യൂ മാത്രമിടുന്നതും കാണാറുണ്ട്. പണം വാങ്ങി ചെയ്യുന്നതാണോ അല്ലയോ എന്ന് പരിശോധിക്കാനുള്ള ഒരു മാർഗവും ഇവിടെയില്ല. കോവിഡിന് ശേഷം ആളുകളുടെ ആസ്വാദനരീതി മാറി. ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷത്തിൽ നടക്കുന്ന കുടുംബകഥയൊക്കെ പത്തെണ്ണം ഇറങ്ങിയാൽ ഹിറ്റാവുന്നത് വളരെ കുറച്ചാണ്. ഒരാഴ്ചയൊക്കെയേ ഓടുന്നുള്ളൂ. ആളുകളുടെ അഭിരുചി മാറി. ഹോളിവുഡ് സ്റ്റുഡിയോകൾ പോലും മാറിച്ചിന്തിച്ചുതുടങ്ങി. റിവ്യൂ ഇല്ലെങ്കിൽപ്പോലും ചെറിയ സിനിമകൾ കാണാൻ ആളുകൾ തിയേറ്ററിൽ പോകുന്നില്ല. റിവ്യൂകൾ അനാരോഗ്യകരമാണോ എന്ന് ചോദിച്ചാൽ, അവയെ നമുക്ക് പിടിച്ചുനിർത്താൻ പറ്റില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]