
ന്യൂഡൽഹി> സിൽവർലൈൻ പദ്ധതിക്ക് അനുകൂലമായ നിലപാടാണ് കേന്ദ്ര ധനമന്ത്രാലയം സ്വീകരിച്ചിരിക്കുന്നതെന്ന് റെയിൽവെ ധനാഭ്യർത്ഥന ചർച്ചയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോകാനും വായ്പയ്ക്കായി ജൈക്കയുമായി ബന്ധപ്പെടാനുമാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിട്ടുള്ളത്. ജൈക്കയുമായി ധാരണയിൽ എത്തുന്നതിന് പദ്ധതി പാക്കേജ് അന്തിമമാക്കാനും ഇതിനിടയിൽ തന്നെ ഭൂമി ഏറ്റെടുക്കലും മറ്റ് അനുമതികൾക്കായുള്ള നടപടികളും ത്വരിതപ്പെടുത്താനുമാണ് ധനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് വിരുദ്ധമായി സാമൂഹിക ആഘാത പഠനം നടത്തുന്നതിൽ പോലും തടസ്സം സൃഷ്ടിക്കാനാണ് റെയിൽ മന്ത്രാലയം ശ്രമിക്കുന്നത്. കോൺഗ്രസും ബിജെപിയും മുസ്ലീം ലീഗുമെല്ലാം ഇതിനായി ഒത്തുകളിക്കുകയാണ്.
കേന്ദ്ര മന്ത്രിസഭയുടെ തീരുമാനപ്രകാരം കേന്ദ്രവും സംസ്ഥാനവും ചേർന്നാരംഭിച്ച സംരംഭമാണ് സിൽവർലൈൻ. ചർച്ചകളിലൂടെ തീരുമാനത്തിൽ എത്തുന്നതിന് പകരമായി രണ്ട് വള്ളത്തിൽ കാലൂന്നിയുള്ള തരംതാണ രാഷ്ട്രീയനിലപാട് കേന്ദ്രം സ്വീകരിക്കുന്നത് അപലപനീയമാണ്. റെയിൽ വികസനത്തിൽ കേരളത്തോട് കേന്ദ്രം കടുത്ത അവഗണന തുടരുകയാണ്. നേമം ടെർമിനൽ ഉദാഹരണമാണ്. 2008 ൽ പ്രഖ്യാപിച്ച 120 കോടി മാത്രം ചെലവുവരുന്ന പദ്ധതിയുടെ ഡിപിആർ അംഗീകരിക്കാൻ പോലും റെയിൽവെയ്ക്ക് കഴിഞ്ഞിട്ടില്ല– ബ്രിട്ടാസ് പറഞ്ഞു. റെയിൽ വികസനത്തിൽ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് ബിനോയ് വിശ്വവും കുറ്റപ്പെടുത്തി. റെയിൽവെ സോൺ, കഞ്ചികോട് കോച്ച് ഫാക്ടറി തുടങ്ങിയ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെടുന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]