
കൊച്ചി
ഇന്ധനം പൂഴ്ത്തിവച്ച് വ്യാജക്ഷാമം സൃഷ്ടിക്കാൻ നയാറ എനർജി ലിമിറ്റഡ് കമ്പനി ശ്രമിക്കുന്നുവെന്ന് നയാറ പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുവിപണിയിലെക്കാൾ കൂടിയ വിലയ്ക്ക് പെട്രോളും ഡീസലും വിൽക്കാൻ കമ്പനി പമ്പ് ഉടമകളെ നിർബന്ധിച്ചു. ഇതിൽ പ്രതിഷേധിച്ചപ്പോൾ വിതരണം നിർത്തിവച്ചു. ഇതുമൂലം സംസ്ഥാനത്തെ 160 നയാറ പമ്പുകളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് ജോസ് കാട്ടൂക്കാരൻ പറഞ്ഞു.
ആറുദിവസമായി പെട്രോളിന് 1.25 രൂപയും ഡീസലിന് ഒരുരൂപയും കൂട്ടിവിൽക്കാനാണ് കമ്പനി ആവശ്യപ്പെട്ടത്. വില കൂടുതലാകുമ്പോൾ ഉപയോക്താക്കൾ ഇന്ധനം വാങ്ങാതാകും. ഡിപ്പോകളിലുള്ള ഇന്ധനം പിടിച്ചുവച്ച് വില കൂടുമ്പോൾ കൂടുതൽ ലാഭമുണ്ടാക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്ന് അസോസിയേഷൻ ആരോപിച്ചു. അത് നടക്കാതെ വന്നപ്പോൾ ഇന്ധനം സ്റ്റോക്കില്ലെന്നു പറഞ്ഞ് വിതരണം നിർത്തിവച്ചിരിക്കുകയാണ്.
ഏപ്രിൽ പതിനഞ്ചാകുമ്പോഴേക്കും പെട്രോളിനും ഡീസലിനും 15 രൂപയോളം വർധിക്കുമെന്നാണ് കണക്കാക്കുന്നത്. പൂഴ്ത്തിവച്ച ഇന്ധനം 15നുശേഷം പമ്പുകളിൽ എത്തിക്കുമ്പോൾ കമ്പനിക്ക് 1575 കോടി രൂപയിലധികം ലാഭമുണ്ടാക്കാനാകും. ഓരോ പമ്പും മാസംതോറും വിൽക്കേണ്ട കുറഞ്ഞ അളവ് കരാർ ചെയ്തിട്ടുണ്ട്. അതിൽ കുറവുവന്നാൽ ആയിരം ലിറ്ററിന് 400 മുതൽ 450 രൂപവരെ കമ്പനി പിടിക്കും. ഇന്ധനം കിട്ടാത്തതിനാൽ പമ്പുജീവനക്കാർക്ക് വേതനം നൽകാനും ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാനും കഴിയുന്നില്ല. വില്ലിങ്ടൺ ഐലൻഡിലെ കമ്പനിയുടെ ഡിപ്പോയിൽ ഇന്ധനം പൂഴ്ത്തിവച്ച് വ്യാജക്ഷാമം സൃഷ്ടിക്കുകയാണ്. അതിനെതിരെ നടപടിയെടുക്കാൻ കലക്ടർക്ക് അസോസിയേഷൻ നിവേദനം നൽകി. അനുകൂലതീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]