കൊച്ചി: അജ്ഞാതകേന്ദ്രത്തിൽനിന്നുള്ള സിനിമ റിവ്യൂയാണ് തടയേണ്ടതെന്നും ഇക്കാര്യത്തിൽ എന്തുചെയ്യാനാകുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി. ഐ.ടി. നിയമപ്രകാരം നടപടി സ്വീകരിക്കാനാകുമോയെന്ന് അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാണ് നിർദേശിച്ചിരിക്കുന്നത്. ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് അടക്കം നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അജ്ഞാതമായി നിൽക്കുന്നത് തെറ്റായ ഉദ്ദേശ്യത്തോടെ റിവ്യൂ നടത്താനാകും. ആരാണ് നടത്തുന്നതെന്നത് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വ്യാജ ഐഡിയിൽനിന്നാണ് അപകീർത്തികരമായ റിവ്യൂ ഉണ്ടാകുന്നതെന്ന് അമിക്കസ് ക്യൂറി ശ്യാം പത്മൻ പറഞ്ഞു. ഇത്തരം മോശം വിലയിരുത്തലുകളാണ് പ്രശ്നമെന്ന് സർക്കാരും വിശദീകരിച്ചു.
സിനിമയെക്കുറിച്ചുള്ള അഭിപ്രായപ്രകടനം അപകീർത്തികരമെങ്കിൽ കേസെടുക്കാനാകുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയിൽ പ്രത്യേക പ്രോട്ടക്കോൾ കൈമാറി. ഹൈക്കോടതിയുടെ നിർദേശത്തിലാണ് പോലീസ് പ്രോട്ടക്കോളിന് രൂപംനൽകിയത്.
ഇൻഫർമേഷൻ ടെക്നോളജി അക്ടിൽ പ്രത്യേക ചട്ടങ്ങൾ വന്നിട്ടുണ്ടെന്നും നടപടി സ്വീകരിക്കാനാകുമെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. എന്നാൽ, അജ്ഞാത കേന്ദ്രങ്ങളിൽ നിന്നാകുമ്പോൾ ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി.
റിവ്യൂ ബോംബിങ്ങാണെങ്കിൽ കേസ് -പോലീസ്
• റിവ്യൂ ബോംബിങ്ങിന്റെ കാര്യത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐ.ടി.ആക്ടിലെ വകുപ്പ് 66ഇ, 67 എന്നിവ പ്രകാരവും കേസെടുക്കാനാകുമെന്നാണ് സംസ്ഥാന പോലീസ് മേധാവി. പരാതി ലഭിച്ചാൽ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച നിർദേശങ്ങളും പ്രോട്ടക്കോളിലുണ്ട്.
• റിവ്യൂവറുടെ വിവരങ്ങൾ, ചരിത്രം, സ്ഥിരത എന്നിവ പരിശോധിക്കണം. പ്രൊഫൈൽ ചിത്രം, ബന്ധപ്പെടാനുള്ള നമ്പർ, യൂസർ നെയിം എന്നിവയുണ്ടോയെന്നും പരിശോധിക്കണം.
• സമയം, ഭാഷ, ശൈലി, സാംഗത്യം എന്നിവ പരിശോധിക്കണം. മോശമായ ഭാഷ റിവ്യൂ ബോംബിങ്ങിന്റെ സൂചനയായിരിക്കും. ശരിയായ ഉദ്ദേശ്യത്തോടെയുള്ള വിലയിരുത്തലിൽ കാരണം വ്യക്തമാക്കിയിരിക്കും.
• റിവ്യൂവിന്റെ പേരിൽ സ്വീകരിക്കുന്ന നടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കരുത്. ഇക്കാര്യത്തിൽ വിദഗ്ധരുമായി ആലോചിക്കണം. റിവ്യൂവിന്റെ പേരിൽ ക്രിമിനൽ കുറ്റമടക്കം ചുമത്തി കേസെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]