
തിരുവനന്തപുരം
കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ അടക്കമുള്ള കേരളത്തിലെ വിവിധ വികസന പദ്ധതികളുടെ അംഗീകാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അവിടെ വച്ചാകും കൂടിക്കാഴ്ച.
സിൽവർ ലൈനിന്റെ അന്തിമാനുമതിക്കായി ഇടപെടണം എന്നാവശ്യപ്പെട്ട് ഡിസംബറിൽ മുഖ്യമന്ത്രി കത്തയച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലും വിവിധ മന്ത്രിമാരെയും പ്രധാനമന്ത്രിയെയും കണ്ടു. വിശദ പദ്ധതി രേഖ (ഡിപിആർ )യിലടക്കമുള്ള സംശയദൂരീകരണവും സ്ഥലമെടുപ്പ് സംബന്ധിച്ച വിശദവിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു മറുപടി. കേന്ദ്രം ചോദിച്ച വിശദാംശങ്ങളെല്ലാം ഇതിനകം കെ -റെയിൽ നൽകിയിട്ടുണ്ട്. നിലവിൽ ഡൽഹിയിലുള്ള കെ -റെയിൽ എംഡി അജിത്കുമാർ ബുധനാഴ്ച റെയിൽ ബോർഡ് ചെയർമാൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ സന്ദർശിച്ചിരുന്നു.
ബുധനാഴ്ച ജോൺബ്രിട്ടാസ് രാജ്യസഭയിൽ പ്രശ്നം ഉയർത്തി. മറ്റ് സംസ്ഥാനങ്ങളിൽ അതിവേഗ പാതയടക്കം വൻ പദ്ധതികൾക്ക് ദ്രുതഗതിയിൽ അനുമതി നൽകുമ്പോൾ കേരളത്തിന്റെ പദ്ധതിക്കെതിരെ കേന്ദ്രം നിലകൊള്ളുന്നത് രാഷ്ട്രീയ കളിയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. എന്നാൽ, കേന്ദ്ര മന്ത്രി വി മുരളീധരനും കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും ഒറ്റക്കെട്ടായി പദ്ധതിക്കെതിരെ നിലപാടെടുത്തു.
കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ കൂടാതെ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ്, ലൈറ്റ് മെട്രോ, ശബരി പാത തുടങ്ങിയ പദ്ധതികൾക്കും കേന്ദ്രാനുമതി വേണം. പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ സ്വകാര്യമേഖലയ്ക്ക് വിൽക്കാതെ കേരളത്തിന് നൽകണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചിരുന്നു. ഇക്കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]