മുംബൈ: പാക് കലാകാരന്മാരെ ഇന്ത്യയില്‍ പൂര്‍ണമായി നിരോധിക്കണമെന്ന ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി. രാജ്യസ്നേഹിയാകാന്‍ അയല്‍ രാജ്യങ്ങളോട് ശത്രുത പുലര്‍ത്തേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. പാകിസ്താനില്‍ നിന്നുള്ള കലാകാരന്മാര്ക്ക് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നതിനും ജോലി ചെയ്യുന്നതിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഫായീസ് അന്‍വര്‍ ഖുറേഷി എന്നയാള്‍ നല്കിയ ഹര്‍ജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്.
നല്ല മനസ്സുള്ള ഒരാള്‍ രാജ്യത്തിനകത്തും അതിര്‍ത്തിയിലും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തെയും തന്റെ രാജ്യത്ത് സ്വാഗതം ചെയ്യുമെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ സുനില്‍ ശുക്രെ, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സിനിമാ പ്രവര്‍ത്തകനും കലാകാരനും ആണെന്ന് അവകാശപ്പെടുന്ന ഫായിസ് അന്‍വര്‍ ഖുറേഷിയുടെ ഹര്‍ജി തള്ളിയത്.
ഇന്ത്യന്‍ പൗരന്മാര്, കമ്പനികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ ഏതെങ്കിലും പാകിസ്താന് സിനിമാ പ്രവര്‍ത്തകര്‍, ഗായകര്‍, സംഗീതജ്ഞര്‍, ഗാനരചയിതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി സഹകരിക്കുകയോ അവരുടെ സേവനം തേടുകയോ ചെയ്താല്‍ വിലക്കണമെന്നും അത് ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പാകിസ്താന് ക്രിക്കറ്റ് ടീം ഇപ്പോള്‍ ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കുന്നതിനാല്‍, പാകിസ്താന് ഗായകരെയും കലാകാരന്മാരെയും ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ആളുകള്‍ ലോകകപ്പ് ദുരുപയോഗം ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ഇത് ഇന്ത്യന്‍ കലാകാരന്മാരുടെ തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ഖുറേഷി തന്റെ ഹര്‍ജിയില്‍ പറഞ്ഞു.
ഇത് സാംസ്കാരിക സൗഹാര്‍ദം, ഐക്യം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെതിരേയുള്ള പിന്തിരിപ്പന് നടപടിയാണെന്നും അതില്‍ യാതൊരു ഗുണവുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
ഒരു രാജ്യസ്നേഹിയാകാന്‍, വിദേശത്ത് നിന്നുള്ളവരോട്, പ്രത്യേകിച്ച് അയല്‍രാജ്യത്ത് നിന്നുള്ളവരോട് ശത്രുത പുലര്‍ത്തേണ്ടതില്ല എന്ന മനസ്സിലാക്കണം. ഒരു യഥാര്‍ത്ഥ ദേശസ്നേഹി നിസ്വാര്‍ഥനായിരിക്കണം. കല, സംഗീതം, കായികം, സംസ്കാരം, നൃത്തം തുടങ്ങിയവ ദേശീയതയ്ക്കും സംസ്കാരങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അതീതമായി ഉയര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങളാണ്. രാജ്യത്തും രാജ്യങ്ങള്‍ക്കിടയിലും സമാധാനവും ഐക്യവും സൗഹാര്‍ദവും കൊണ്ടുവരുന്നതാണ് ഇവയെന്നും ഉത്തരവില്‍ പറയുന്നു. ഹര്‍ജിക്കാരന്റെ ആശങ്കയിലും ദേശസ്നേഹത്തെക്കുറിച്ചുള്ള ആശയത്തിലും ഒരു ഗുണവും കാണുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു. ഒരു നിയമമോ നയമോ രൂപീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]