
ന്യൂഡൽഹി
അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ തോൽവി പ്രതിരോധത്തിലാക്കിയെങ്കിലും സംഘടനാ ജനറൽ സെക്രട്ടറിയായി കെ സി വേണുഗോപാൽ ആഗസ്തുവരെ തുടരും. ജി–-23 നിർദേശിക്കുന്ന സംഘടനാ അഴിച്ചുപണി ആഗസ്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ പരിഗണിക്കാമെന്ന് അധ്യക്ഷ സോണിയ ഗാന്ധി നിലപാടെടുത്തു. ജി–-23 നേതാക്കളായ ആനന്ദ് ശർമ, മനീഷ് തിവാരി, വിവേക് ഝങ്ക എന്നിവരുമായുള്ള ചർച്ചയിലാണ് സോണിയ ഇക്കാര്യം അറിയിച്ചത്.
രാഹുലിന്റെ വിശ്വസ്തരായ വേണുഗോപാൽ, ജനറൽ സെക്രട്ടറിമാരായ അജയ് മാക്കൻ, രൺദീപ് സുർജെവാല എന്നിവരെ മാറ്റണമെന്ന നിലപാടാണ് ജി–-23ന്. തോൽവിയുടെ പൂർണ ഉത്തരവാദിത്വം ഈ നേതാക്കൾക്കാണെന്ന് സോണിയയെ നേതാക്കൾ അറിയിച്ചു. രാഹുലിന്റെ പേരിൽ ഇവർ തീരുമാനമെടുക്കുന്നു. ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും. കൂട്ടായ നേതൃത്വം വേണമെന്നും ആവശ്യപ്പെട്ടു. നിർദേശങ്ങൾ പരിഗണിക്കുമെന്ന് സോണിയ അറിയിച്ചു. കോൺഗ്രസിന് ദോഷമായ നിലപാടെടുക്കരുതെന്നും അഭ്യർഥിച്ചു.
വിമത നേതാക്കൾക്ക് അർഹമായ സ്ഥാനം നൽകാമെന്ന ഉറപ്പും നൽകി. ഗുലാംനബി ആസാദിനെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചേക്കും. ഹിമാചൽ തെരഞ്ഞെടുപ്പിൽ ആനന്ദ് ശർമയ്ക്ക് പ്രധാന ഉത്തരവാദിത്വം നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]