
കാഞ്ഞങ്ങാട് > കോൺഗ്രസ് ക്രിമിനൽസംഘം പലതവണ തകർത്ത പെരിയ കല്യോട്ടെ ഇ മുത്തുനായർ സ്മാരക മന്ദിരം പുനർ നിർമിച്ചു നാടിന് സമർപ്പിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.
ആദ്യകാല നേതാവ് മുത്തുനായരുടെ പേരിൽ കല്യോട്ട് ടൗണിൽ സ്മാരകവും എകെജി സ്മാരകക്ലബും ചേർന്ന കെട്ടിടം ഉയർന്നതുമുതൽ തുടങ്ങിയതാണ് കോൺഗ്രസുകാരുടെ കലി. 2018ൽ ഉദ്ഘാടനത്തിന് മുമ്പ് കെട്ടിടം തകർത്തു. പുനർനിർമിച്ചാണ് 2018 മാർച്ച് 11ന് അന്നത്തെ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തത്. കല്യോട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകർ മരണപ്പെട്ട സംഭവത്തിന് ശേഷം ഇനി ഒരിക്കലും പാർടി ഓഫീസ് ഉപയോഗിക്കാൻ കഴിയാത്ത നിലയിലാക്കി. പൂർണമായും കത്തിച്ചു. നിലത്ത് പാകിയ ടൈൽസും വാതിലും കൊത്തിപ്പൊളിച്ചു. ജനലും മറ്റും ഇളക്കികൊണ്ടുപോയി. ആ പ്രദേശത്തെ പാർടി പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളും സ്ഥാപനങ്ങളും കൃഷിയും വാഹനങ്ങളും തുടർച്ചയായി ആക്രമിച്ചു.
ക്ലബും വായനശാലയും ബസ്ഷെൽട്ടറും തകർത്തു. ഒരു കൂട്ടം മാധ്യമങ്ങളുടെ പിന്തുണ മറയാക്കിയായിരുന്നു കോൺഗ്രസുകാരുടെ മൂന്ന് വർഷത്തോളം നീണ്ട അഴിഞ്ഞാട്ടം.അതിനെയൊക്കെ അതിജീവിച്ചാണ് പ്രവർത്തകർക്ക് ഒത്തുചേരാനും കലാ – -കായിക സാംസ്കാരിക പ്രവർത്തനം നടത്താനുമുള്ള ഇടമെന്ന നിലയിൽ മന്ദിരം സിപിഐ എം കാഞ്ഞങ്ങാട് ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പുനർ നിർമിച്ചത്. നാനാതുറകളിൽ പെട്ടവരുടെ അധ്വാനത്തിലാണ് വീണ്ടും കെട്ടിപ്പൊക്കിയത്. ആവശ്യമായ സാധനങ്ങൾ സംഭാവനയായി ലഭിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് വയറിങ് നടത്തിയത്. തേപ്പുജോലികൾ അരയി വൈറ്റ്ആർമി നടത്തി. ഏരിയാ സെക്രട്ടറി കെ രാജ്മോഹനന്റെ നേതൃത്വത്തിൽ നിർമ്മാണം എകോപിപ്പിച്ചു.
കോൺഗ്രസുകാർ തകർത്ത എച്ചിലടുക്കത്തെ ഇകെ നായനാർ ബസ് വെയിറ്റിങ് ഷെൽട്ടറും എ ശേഖരൻ നായർ സ്തൂപവും ഒപ്പം പുനർ നിർമിച്ചു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്മോഹനൻ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, ഇ പത്മാവതി, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. എൻ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]