
കൊച്ചി: കൊച്ചി പറവൂരില്‍ സഹോദര പുത്രന് വീട് തകര്‍ത്ത് ഇറക്കിവിട്ട ലീലയ്ക്ക് ആശ്വാസം. കുടുംബ സ്വത്തായ 7 സെന്റ് സ്ഥലം സഹോദരങ്ങള്‍ ലീലയ്ക്ക് എഴുതി നല്കി. പുതിയ വീട് വയ്ക്കാന്‍ പലരും ലീലയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
സഹോദര പുത്രന് വീട് തകര്‍ത്ത് ഇറക്കിവിട്ട ലീലയ്ക്ക് പലരില്‍ നിന്നായി സാമ്പത്തിക സഹായം ലഭിച്ചിരുന്നു. എന്നാല്‍, സ്വന്തമായി സ്ഥലമില്ലാത്തതായിരുന്നു പ്രശ്നം. ഒരേ ചോരയില്‍ പിറന്നവര്‍ തന്നെ ഒടുവില്‍ ലീലയെ സഹായിച്ചു. സഹോദരന്മാര് കുടുംബസ്വത്തായ സ്ഥലം ലീലയുടെ പേരിലേക്ക് എഴുതി നല്കി. കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റി പ്രത്യേക അദാലത്തിലൂടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പെരുമ്പടന്ന സ്വദേശി ലീല താമസിച്ചിരുന്ന വീട് കഴിഞ്ഞയാഴ്ചയാണ് സഹോദരന്റെ മകന് ജെസിബി ഉപയോഗിച്ച് പൊളിച്ചടുക്കിയത്.
ലീല ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ലീലയുടെ മൂത്ത ജ്യേഷ്ഠന്റെ മകൻ രമേശനാണ്, മണ്ണുമാന്തി യന്ത്രം കൊണ്ട് വീട് തകർത്തത്. അച്ഛന്റെ പേരിലുള്ള സ്ഥലത്തിന്റെ അവകാശി താനാണെന്നാണ് രമേശൻ പറയുന്നത്. ബാങ്ക് വായ്പ ജപ്തി ഘട്ടത്തിലായതോടെ വീട് ഇടിച്ച് നിരത്തി 22 സെന്റിൽ ഒരു വിഹിതം വിൽപന നടത്താനാണ് രമേശൻ പദ്ധതിയിട്ടത്. സ്വത്ത് അവകാശത്തെ ചൊല്ലി മറ്റ് ബന്ധുക്കളും തർക്കത്തിലായിരുന്നു.
Also Read: ‘ആരോരുമില്ലാത്ത സ്ത്രീയോട് ക്രൂരത’: വീടില്ലാതായ ലീലയ്ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് വി ഡി സതീശൻ
സംരക്ഷിക്കാമെന്ന ധാരണയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലീല വീട് സഹോദരന് ശിവന്റെ പേരിലേക്ക് മാറ്റി നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് ശിവന് മരിച്ചു. ഇതോടെ ഉടമസ്ഥാവകാശം മകന് രമേശനായി. തുടര്‍ന്ന് ലീലയെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ നിരന്തര ശ്രമങ്ങളുണ്ടായെന്നാണ് പരാതി. ഇതിനൊടുവിലാണ് വീട് ഇടിച്ചുനിരത്തുന്ന സംഭവം നടന്നത്.
Last Updated Oct 24, 2023, 7:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]