കൊച്ചി: പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ നടൻ വിനായകനെതിരെ ഉമാ തോമസ് എം.എൽ.എ. ലഹരിക്ക് അടിമയായ വിനായകന്റെ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ കണ്ടെന്നും ഇത്ര മോശമായി പെരുമാറിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി നടനെ ജാമ്യത്തിൽ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജിലാണോ’ എന്നും ഉമ തോമസ് ചോദിക്കുന്നു.
ഫെയ്സ്ബുക്കിലൂടെയായിരുന്നു വിനായകനെതിരെയും അദ്ദേഹത്തിന് സ്റ്റേഷൻ ജാമ്യം നൽകിയതിനെതിരെയുമുള്ള ഉമാ തോമസിന്റെ പ്രതികരണം. ‘‘എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന SHO ഉൾപ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.
ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ.’’ ഉമ തോമസ് പറഞ്ഞു.
കഴിഞ്ഞദിവസം വൈകിട്ടാണ് എറണാകുളം ടൗൺ പോലീസ് സ്റ്റേഷനിൽ സംഭവം നടന്നത്. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന് പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുന്‍പും സമാനമായ സംഭവത്തെ തുടര്‍ന്ന് വിനായകന് പോലീസിനെ ഫ്ളാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഇത്തവണ ഫ്ളാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പോലീസിനെ പിന്തുടര്ന്ന് വിനായകന് സ്റ്റേഷനിലെത്തുകയായിരുന്നു.
പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന് ബഹളം വച്ചതെന്നാണ് പോലീസ് പറയുന്നത്. അതോടൊപ്പം സ്റ്റേഷനില്‍ വച്ച് പുകവലിച്ചു. അതിന് പോലീസ് നടനെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എസ്.ഐയോട് കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
വിനായകന് മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയ പോലീസ് അദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് വിനായകനെതിരെ കേസെടുത്തിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]