
തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചുനല്കി മുഖ്യമന്ത്രി പിണറായി വിജയന്. അനന്യ, അദ്വിഷ്, ഹിദ, ഐറീൻ, ഏണസ്റ്റോ എന്നീ കുഞ്ഞുങ്ങളെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ വിദ്യാരംഭ ദിനം ഊർജം പകരട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
മുഖ്യമന്ത്രിക്കു പുറമെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി തുടങ്ങി ഒട്ടേറെ പ്രമുഖർ വിവിധ സ്ഥലങ്ങളിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.
തിരൂർ തുഞ്ചൻ പറമ്പിലും പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലുമെല്ലാം കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിക്കാന്‍ നല്ല തിരക്കായിരുന്നു. തുഞ്ചൻപറമ്പിൽ രാവിലെ 4.30 ന് വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാരാണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകിയത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ 4 മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. 35 ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിച്ചത്.
മുഖ്യമന്ത്രിയുടെ കുറിപ്പ്
ക്രിയാത്മകമായ സാമൂഹിക പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന സാമൂഹ്യപ്രവർത്തനത്തിന്റെ പ്രസക്തി ഈ വളർച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നിരവധി കുഞ്ഞുങ്ങളാണ് ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ഇന്ന് അനന്യ, അദ്വിഷ്, ഹിദ, ഐറീൻ, ഏണസ്റ്റോ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.
പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്. ഈ മാറ്റങ്ങളെ കൂടുതൽ ജനകീയമാക്കാനും ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും പഠന സംവിധാനവും എല്ലാവർക്കുമൊരുക്കാനും നമുക്ക് സാധിക്കണം. ഇതിനായി വിവിധ നടപടികൾ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നു. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ വിദ്യാരംഭ ദിനം ഊർജ്ജം പകരട്ടെ. എല്ലാവർക്കും മഹാനവമി – വിജയദശമി ആശംസകൾ.
Last Updated Oct 24, 2023, 2:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]