സുരേഷ് ഗോപി നായകനാവുന്ന 251-ാമത് ചിത്രത്തിന് നിർമാതാക്കളില്ലെന്ന വാർത്ത സത്യമാണെന്ന് സംവിധായകൻ രാഹുൽ രാമചന്ദ്രൻ. തന്റെ സിനിമയെ തകർക്കാനും മുളയിലേ നുള്ളാനും പലരും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ പ്രശ്നങ്ങളുടെയും ചക്രവ്യൂഹം ഭേദിച്ച് ഈ ചിത്രം പുറത്തുവരുമെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞദിവസം ഗരുഡൻ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ രാമചന്ദ്രനും താനുമൊന്നിക്കുന്ന ചിത്രത്തിന് നിർമാതാവായിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിഷയത്തിൽ സംവിധായകൻ രാഹുൽ തന്നെ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ പ്രശ്നം കഴിഞ്ഞ കുറച്ച് നാളുകളായി നേരിടുകയാണ് എന്നത് വാസ്തവം തന്നെയാണെന്ന് അദ്ദേഹം കുറിച്ചു.
തന്റെ സിനിമയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മഹാഭാരതത്തിലെ അശ്വത്ഥാമാവിന്റെ കഥയെ എടുത്തുകാട്ടിക്കൊണ്ടാണ് രാഹുൽരാമചന്ദ്രൻ പറയുന്നത്. ‘ബ്രഹ്മശീർഷവുമായി കുറേ അശ്വത്ഥാമായെ പോലുള്ളവർ ചുറ്റുമുണ്ടെന്നറിയാം. ഉത്തരയുടെ ഗർഭത്തിലെന്ന പോലെ, ഞാൻ ചുമക്കുന്ന എന്റെ സിനിമയെ തകർക്കാൻ ആവനാഴിയിലെ അവസാന അസ്ത്രവും എയ്തു നിൽക്കുന്നവരോടാണ്. ചതിയുടെയും വെറുപ്പിന്റെയും പകയുടെയും എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ ആയിരം എന്ന പോലുള്ള എല്ലാ കൺകെട്ടും നിങ്ങള് കാട്ടുമെന്നറിയാം, അതുകൊണ്ട് മുറിവേറ്റ് ശരശയ്യയിൽ കിടക്കാനും തയ്യാറല്ല. എന്റെ സിനിമയുടെ പിറവിയെ തടുക്കാൻ ഒരു ബ്രഹ്മശീർഷം മതിയാകില്ല നിങ്ങൾക്ക്.’ അദ്ദേഹം എഴുതി
ഒരായിരം പ്രശ്നങ്ങളുടെ ചക്രവ്യൂഹം ഭേദിച്ച് #SG251 പുറത്ത് വരുമെന്നതിൽ സംശയമൊന്നുമില്ല. ഒരുപിടി നല്ല പ്രൊഡ്യൂസർമാരോട് സംസാരിക്കുന്നുണ്ട്, കഥയും ബഡ്ജറ്റും മനസിലാക്കി അവർ ഇത് മുന്നോട്ടുകൊണ്ടു പോകുമെന്നുള്ള പൂർണവിശ്വാസമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
2022 ജൂണിൽ സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചിറങ്ങിയ പോസ്റ്ററാണ് SG251-യുമായി ബന്ധപ്പെട്ട് ഒടുവിൽ വന്ന അപ്ഡേറ്റ്. കൃതാവ് നീട്ടി വളർത്തി കൈയിൽ കത്തിയുമായി ഇരിക്കുന്ന താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. 2021-ലാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആയിരുന്നു ആദ്യ പോസ്റ്ററിൽ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]