
കാസർകോട്- ചന്തേര പോലീസ് സ്റ്റേഷനിൽ സിനിമാതാരവും മോഡലുമായ ഷിയാസ് കരീം എന്നയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ അതിജീവിതയുടെ ഫോട്ടോ അടക്കമുള്ള വ്യക്തി വിവരങ്ങളും അപകീർത്തികരമായ വാർത്തകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച അറേബ്യൻ മലയാളി വ്ളോഗ് എന്ന യുട്യൂബ് ചാനലിന്റെ ഉടമയുടെ പേരിൽ ചന്തേര പോലീസ് കേസെടുത്തു. യൂട്യൂബ് ചാനലിന്റെ നടപടി ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കാണിച്ച് അതിജീവിത നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഷിയാസ് കരീം എന്നയാൾ വിവാഹ വാഗ്ദാനം നൽകി സമ്മതമില്ലാതെ നിരവധി തവണ ലൈംഗീക പീഡനത്തിന് വിധേയയാക്കിയും പ്രതിയിൽ നിന്നും ഗർഭിണിയായ അതിജീവിതയെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കിയും അതിജീവിതക്ക് പ്രതിയുടെ ജിമ്മിൽ പാർട്ട്ണർഷിപ്പ് നൽകാമെന്ന് വിശ്വാസിപ്പിച്ച് 11 ലക്ഷത്തോളം രൂപ കൈപ്പറ്റി ജിമ്മിൽ പാർട്ട്ണർഷിപ്പ് നാൽകാതെയും വഞ്ചിച്ചുവെന്ന അതിജീവിതയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചന്തേര ഇൻസ്പെക്ടർ കെ.ജി. മനുരാജ് ആണ് കേസ് അന്വേഷണം നടത്തുന്നത്. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതി നിലവിൽ മുൻകൂർ ജാമ്യത്തിലാണ്. പ്രതി സോഷ്യൽ മീഡിയ വഴിയോ മറ്റേതെങ്കിലും മാർഗത്തിലോ കേസിലെ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിൽ പ്രത്യേകമായി വ്യക്തമാക്കിയിരുന്നു. എന്നാൽ യൂട്യൂബ് ചാനൽ ഒക്ടോബർ 13 ന് അതിജീവിതയുടെ വ്യക്തിഗത വിവരങ്ങളും സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങളും അപകീർത്തിപ്പെടുത്തുന്ന രീതിയിലുമുള്ള വീഡിയോയും പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി.