മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ഹ്രസ്വചിത്രമായ ഉള്ളറിവ്. മേളയിലെ ഫോക്കസ് സൗത്ത് ഏഷ്യ വിഭാഗത്തിലാണ് സുമി മത്തായി രചനയും സംവിധാനവും നിർവഹിച്ച ചിത്രം പ്രദർശിപ്പിക്കുക. 9 ലക്ഷം രൂപയാണ് ചിത്രത്തിന്റെ നിർമാണച്ചെലവ്. ക്രൗഡ് ഫണ്ടിംഗിലൂടെ 155 പേരിൽ നിന്നായാണ് നിർമാണത്തിനുള്ള പണം സമാഹരിച്ചത്.
കോട്ടയത്തിനടുത്തുള്ള പൂഞ്ഞാറാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ. പ്രകൃതിയും ഒരു പെൺകുട്ടിയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ അടിസ്ഥാനപ്രമേയം. ദേവനന്ദ ഷമേജ് ആണ് പെൺകുട്ടിയുടെ വേഷത്തിലെത്തുന്നത്. പ്രദീപ് ജോസഫ്, നന്ദിനി ഗോപാലകൃഷ്ണൻ, ശിവാർച്ചന രാജേഷ്, ക്രിസ് രാജ്, അരുൺ കലാഭവൻ, മിന്നു എൽസ ജോഷി, അക്സ പ്രസാദ് എന്നിവരാണ് മറ്റുവേഷങ്ങളിൽ.
ആനന്ദ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അൻജോ ജോൺ സംഗീത സംവിധാനവും അഭിഷിക്ത കൈല എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ശ്രീജിത് ശ്രീനിവാസനാണ് സൗണ്ട് ഡിസൈനർ. കലേഷ് ലക്ഷ്മണനാണ് സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റ്. സംവിധായക സുമി മത്തായി തന്നെയാണ് നിർമാണമേൽനോട്ടം.
തിരുവല്ല സ്വദേശിയായ സുമി മത്തായിയുടെ രണ്ടാമത്തെ ചിത്രമാണ് ഉള്ളറിവ്. സുമിയുടെ ആദ്യ ചിത്രമായ ഡീടൂർ ജിയോ സ്റ്റുഡിയോസ് നിർമിക്കുന്ന പത്ത് ചിത്രങ്ങളിലൊന്നായി തിരഞ്ഞെടുത്തിരുന്നു. ബോളിവുഡ് താരങ്ങളായ വിക്രാന്ത് മാസ്സി, സായാനി ഗുപ്ത എന്നിവരായിരുന്നു ഈ ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. 2017 മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]