
റിയാദ്- കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫ്രഞ്ച് പ്രസിഡന്റുമായും കനേഡിയൻ പ്രധാനമന്ത്രിയുമായും ഫോണിലൂടെ ബന്ധപ്പെട്ട് ചർച്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്റോണും കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോയും സൗദി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
മേഖലയിലും ആഗോളതലത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ആക്രമണങ്ങൾ വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഗാസയിൽ സംഘർഷം ലഘൂകരിക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സൗദി കിരീടാവകാശി പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ നിരാകരിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ എല്ലാവരും പാലിക്കൽ നിർബന്ധമാണ്. സാധാരണക്കാർക്കും പശ്ചാത്തല സൗകര്യങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണം. ഫലസ്തീൻ രാഷ്ട്രം രൂപീകരിച്ചുള്ള നീതിപൂർവകമായ പരിഹാരത്തിലൂടെ ശാശ്വത സമാധാനവും സ്ഥിരതയുമുണ്ടാക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണമെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇമ്മാനുവൽ മാക്റോണിനോട് പറഞ്ഞു.
ഗാസ ഉപരോധം എടുത്തുകളയണമെന്നും റിലീഫ് വസ്തുക്കളും മെഡിക്കൽ സഹായങ്ങളും ഗാസയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നും സംഘർഷം ലഘൂകരിക്കാനും കൂടുതൽ വ്യാപിക്കാതെ നോക്കാനും എല്ലാ ശ്രമങ്ങളും നടത്തണമെന്നും കനേഡിയൻ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കിരീടാവകാശി പറഞ്ഞു. ഗാസയിൽനിന്ന് ഫലസ്തീനികളെ കൂട്ടത്തോടെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്ന നയം സൗദി അറേബ്യ ഒരിക്കലും അംഗീകരിക്കില്ലെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]