
കോഴിക്കോട്- ലോകമെമ്പാടും നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലികളുടെ ഭാഗമായി ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി 26ന് കോഴിക്കോട് കടപ്പുറത്ത് മനുഷ്യാവകാശ മഹാറാലി നടത്തുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ യാഥാർത്ഥ്യമാക്കണമെന്ന പരമ്പരാഗത ഇന്ത്യൻ നയം ഉയർത്തിപ്പിടിക്കുന്നതിനും ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മുസ്ലിംലീഗ് മഹാറാലി സംഘടിപ്പിക്കുന്നത്. റാലി വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മലബാർ ജില്ലകളിൽനിന്നുള്ള മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, പോഷക ഘടകം പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്നു. 26ന് വൈകുന്നേരം മൂന്ന് മണിക്കാണ് പരിപാടി. കൂടിയാലോചന യോഗത്തിൽ അഡ്വ.പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഡോ. എം.കെ മുനീർ അധ്യക്ഷത വഹിച്ചു. കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. എം.സി മായിൻ ഹാജി, സി.എ.എം.എ കരീം, ഉമർ പാണ്ടികശാല, കെ. കുട്ടി അഹമ്മദ് കുട്ടി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം ഷാജി തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]