
ലണ്ടന്‍ – ഹാരി കെയ്നിന്റെ ഇരട്ട ഗോളില്‍ ഇറ്റലിയെ 3-1 ന് തോല്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി. ലണ്ടനിലെ വെംബ്ലിയിലായിരുന്നു മത്സരം. ഇതേ ഗ്രൗണ്ടിലാണ് കഴിഞ്ഞ യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഇറ്റലി ഷൂട്ടൗട്ടില്‍ തോല്പിച്ചത്. ജിയാന്‍ലൂക്ക സ്കമാക്കയുടെ ഗോളില്‍ പിന്നിലായ ശേഷം ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു. മിഡ്ഫീല്‍ഡര്‍ ജൂഡ് ബെലിംഗാമിന്റെ മിന്നുന്ന പ്രകടനം ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് ഉത്തേജനം പകര്‍ന്നു. ഇടവേളക്ക് മുമ്പെ പെനാല്‍ട്ടിയിലൂടെ ഇംഗ്ലണ്ട് ഗോള്‍ മടക്കി. ബെലിംഗാമിന്റെ കുതിപ്പാണ് പെനാല്‍ട്ടിക്ക് വഴിയൊരുക്കിയത്.
ഇടവേളക്കു ശേഷം മാര്‍ക്കസ് റാഷ്ഫഡ് നേടിയ രണ്ടാം ഗോളിന്റെയും സൂത്രധാരന്‍ ഇരുപതുകാരനായിരുന്നു. അവസാന വേളയില്‍ കെയ്ന്‍ വീണ്ടും സ്കോര്‍ ചെയ്തു. ഇംഗ്ലണ്ട് ജഴ്സിയില്‍ കെയ്നിന് 61 ഗോളായി. ആറ് കളികളില്‍ അഞ്ചും ജയിച്ച ഇംഗ്ലണ്ടിന് രണ്ട് മത്സരം ശേഷിക്കെ ഗ്രൂപ്പ് സി-യില്‍ ഒന്നാം സ്ഥാനം ഉറപ്പായി. ഇറ്റലി രണ്ടാം സ്ഥാനമെങ്കിലും നേടി മുന്നേറാനുള്ള തത്രപ്പാടിലായിരിക്കും. മാള്ടയെ 3-1 ന് തോല്പിച്ച ഉക്രൈനാണ് രണ്ടാം സ്ഥാനത്ത്. ഉക്രൈനും മൂന്ന് പോയന്റ് പിന്നിലാണ് ഇറ്റലി. കഴിഞ്ഞ രണ്ട് ലോകകപ്പുകള്‍ അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ലോകകപ്പ് പ്ലേഓഫില്‍ തങ്ങളെ തോല്പിച്ച നോര്‍ത്ത് മസിഡോണിയയുമായാണ് ഇറ്റലിയുടെ അടുത്ത മത്സരം.
ഗ്രൂപ്പ് എച്ചില് ഡെന്മാര്ക്കിനെ സാന്മരീനൊ അമ്പരപ്പിച്ചു. 2-1 ന് കഷ്ടിച്ചാണ് ഡെന്മാര്ക്ക് ജയിച്ചത്. യൂസുഫ് പോള്സന് നേടിയ ഗോളാണ് ഡെന്മാര്ക്കിന് വിജയം നല്‍കിയത്. 84 യൂറോ യോഗ്യതാ മത്സരങ്ങളില്‍ 83 തോല്‍വിയും ഒരു സമനിലയുമാണ് സാന്‍മരീനോയുടെ റെക്കോര്‍ഡ്. ഗ്രൂപ്പില്‍ സ്ലൊവേനിയയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ ബഖ്തിയാര്‍ സയ്നുദ്ദീനോവിന്റെ ഗോളില്‍ കസാഖിസ്ഥാന്‍ 2-1 ന് ഫിന്‍ലന്റിനെ തോല്പിച്ചതോടെ ഫൈനല്‍ റൗണ്ട് ബെര്‍ത്തിനായി സ്ലൊവേനിയ കാത്തിരിക്കണം. ലിത്വാനിയയോട് സമനില വഴങ്ങിയതോടെ ഹംഗറിക്കും ഫൈനല്‍ റൗണ്ട് ഉറപ്പായില്ല. മോണ്ടിനെഗ്രോയെ 3-1 ന് തോല്പിച്ച സെര്‍ബിയയാണ് ഗ്രൂപ്പ് ജി-യില്‍ രണ്ടാം സ്ഥാനത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
