അന്തരിച്ച പ്രമുഖ സിനിമാ നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരനെ അനുസ്മരിച്ച് സിനിമ-രാഷ്ട്രീയ-സാഹിത്യ രംഗത്തെ പ്രമുഖർ. പി.വി. ഗംഗാധരന്റെ വിയോഗം വലിയ നഷ്ടമാണെന്ന് എം.ടി പറഞ്ഞു. പരിചയപ്പെട്ട കാലംമുതൽ തന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞ ഒരു മനുഷ്യനായിരുന്നു പി.വി.ജിയെന്നായിരുന്നു നടൻ മധുവിന്റെ വാക്കുകൾ.
പി.വി. ഗംഗാധരന്റെ വിയോഗം വലിയ നഷ്ടമാണ്. കലാമൂല്യമുള്ള നല്ല സിനിമകളാണ് അദ്ദേഹം നിർമിച്ചത്. സിനിമാനിർമാതാവും എഴുത്തുകാരനുമെന്നതിലുപരിയായ വ്യക്തിബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു.
സ്നേഹിക്കാൻ മാത്രമറിയാവുന്നയാൾ – മധു
പരിചയപ്പെട്ട കാലംമുതൽ എന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞ ഒരു മനുഷ്യനായിരുന്നു പി.വി.ജി വ്യക്തിപരമായി സഹോദരതുല്യനായ സുഹൃത്തായിരുന്നു അദ്ദേഹം. ജീവിതത്തിലെ ചില പ്രതിസന്ധിഘട്ടങ്ങളിൽ ആ സ്നേഹവും കരുതലും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. വലിയ ആളുകളോടു മാത്രമല്ല, ചെറിയ മനുഷ്യരോടുവരെ ആ സ്നേഹം പി.വി.ജി. കാണിച്ചു.നന്മയുള്ള ഒരു മനസ്സിൽ നിന്നുമാത്രം പ്രതീക്ഷിക്കാവുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ സ്നേഹം.
ആത്മബന്ധത്തിന്റെ ആഴം -ഹരിഹരൻ
അഞ്ചുപതിറ്റാണ്ടിലേറെയായുള്ള ബന്ധമാണ് ഞാനും പി.വി.ജി.യും തമ്മിൽ. എന്നെ ഗുരു എന്നാണ് വിളിച്ചിരുന്നത്. സിനിമാരംഗത്തേക്ക് വരാൻ പി.വി.ജി. ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ പി.വി. സാമി എന്നോടു ചോദിച്ചു: ‘‘അവൻ സിനിമയിലേക്ക് വരണമെന്ന് പറയുന്നുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം?’’ ഒരു കുഴപ്പവുമില്ല, നല്ലതാണെന്ന് ഞാൻ പറഞ്ഞു. അവന്റെ കാര്യം നിങ്ങളേറ്റോ എന്ന് ചോദിച്ചു. ഞാൻ നോക്കിക്കോളാം എന്നുപറയുകയും ചെയ്തു. അങ്ങനെയാണ് സംഗമം എന്ന സിനിമയുണ്ടാവുന്നത്. അന്ന് പി.വി.ജി.ക്കൊപ്പം രണ്ടു സുഹൃത്തുക്കളും ചേർന്നാണ് ആ സിനിമ നിർമിച്ചത്. വിജയിച്ചശേഷം പി.വി.ജി. സ്വന്തമായി ബാനറുണ്ടാക്കി -ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്. മദ്രാസിലെ ആർട്ട് ഗാലറിയിൽനിന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ എംബ്ലം ഞാനുംകൂടി ചേർന്നാണ് വാങ്ങിയത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആദ്യമായി നിർമാണവും വിതരണവും ചെയ്ത സിനിമയായിരുന്നു സുജാത. ആ സിനിമ വലിയ ഹിറ്റായി. അതിനുശേഷം ഐ.വി. ശശി-ദാമോദരൻ മാഷിന്റെ കൂട്ടുകെട്ടിൽ പി.വി.ജി. സിനിമകളൊരുക്കി. ഐ.വി. ശശിക്കൊപ്പം സിനിമകൾ ചെയ്യാൻ നിർദേശിച്ചത് ഞാനാണ്. ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നീ സിനിമകളിലാണ് പിന്നീട് ഞങ്ങളൊന്നിച്ചത്.
മാനവികതയുടെ പ്രകാശഗോപുരം -പി.എസ്. ശ്രീധരൻ പിള്ള (ഗോവ ഗവർണർ)
മനുഷ്യന്റെ മഹത്ത്വം മനസ്സിന്റെ മഹത്ത്വമാണെന്ന് പറഞ്ഞത് കൺഫ്യൂഷ്യസാണ്. പി.വി. ഗംഗാധരനെക്കുറിച്ചോർക്കുമ്പോൾ ആ വാക്കുകൾ അന്വർഥമാണെന്ന് തോന്നാറുണ്ട്. മനസ്സിന്റെ വലുപ്പംകൊണ്ടുതന്നെ അദ്ദേഹം ചുറ്റുപാടുകളെ തനിക്കൊപ്പം നിർത്തി. കോഴിക്കോട്ടെ പൊതുവേദികളിലെല്ലാം ഗംഗാധരൻ ഉണ്ടായിരുന്നു. വിവിധ രാഷ്ട്രീയ, മത വിഭാഗങ്ങളിൽപ്പെട്ടവർ പങ്കെടുത്ത പൊരുത്തക്കേടുകൾ നിറഞ്ഞ വേദികളായിരുന്നു അവയിൽ പലതും. എന്നാൽ, ആ വൈരുധ്യത്തെ വൈവിധ്യമായി നിലനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അതാണ് പി.വി. ഗംഗാധരനെ വ്യത്യസ്തനാക്കിയത്. അതൊരു അപൂർവസിദ്ധിതന്നെയാണ്.
സഹോദരതുല്യൻ -കെ.സി. വേണുഗോപാൽ എം.പി.
സിനിമയുടെ വിജയപരാജയങ്ങൾ ഗൗനിക്കാത്ത മനുഷ്യനായിരുന്നു ഗംഗാധരേട്ടൻ. ജീവിതത്തിലുടനീളം സന്തോഷത്തിനും ദുഃഖത്തിനുമെല്ലാം നിമിഷങ്ങളുടെ ആയുസ്സേ പി.വി.ജി. നൽകിയിരുന്നുള്ളൂ. കാണുമ്പോഴെല്ലാം ഒരു ചിരി ആ മുഖത്തുണ്ടാകുമായിരുന്നു. വിദ്യാർഥി രാഷ്ട്രീയകാലത്ത് സഹോദരസ്ഥാനത്തുനിന്ന് സ്നേഹവും കരുതലുംപകർന്നു. അദ്ദേഹം ഡൽഹിയിൽ വരുമ്പോൾ ബന്ധപ്പെടും. ചിലപ്പോഴൊക്കെ ദീർഘനേരം സംസാരിക്കും. രാഷ്ട്രീയവും സിനിമയും കുടുംബവും ചർച്ചയാവും. കെ.എസ്.യു.വിലൂടെ വിദ്യാർഥി രാഷ്ട്രീയം തുടങ്ങി എ.ഐ.സി.സി. അംഗംവരെയെത്തിയപ്പോഴും സാധാരണപ്രവർത്തകർക്കും നേതാക്കൾക്കും അദ്ദേഹം പ്രിയപ്പെട്ട പി.വി.ജി.യായി. ആ സൗഹൃദവലയത്തിന് ജാതിമത രാഷ്ട്രീയഭേദമില്ലായിരുന്നു.
മൗനവ്രതത്തിൽനിന്ന് വീരഗാഥയിലേക്ക് സുരേഷ് ഗോപി
എന്റെ അച്ഛന്റെ സുഹൃത്ത്. പക്ഷേ ആ പ്രായവ്യത്യാസം ഒരിക്കലും തോന്നിയിട്ടില്ല. അച്ഛനെ ഗോപിച്ചേട്ടാ എന്നുവിളിക്കുന്ന ഗംഗേട്ടനിൽ തുടങ്ങി എനിക്ക് അദ്ദേഹത്തെ അറിയാം. അത് പിന്നെ സിനിമകളിലൂടെ വലിയ ആത്മബന്ധമായി. ക്ഷേത്രത്തിൽ മൗനവ്രതത്തിലായിരുന്ന എന്നെ വ്രതം മുറിപ്പിച്ചാണ് ഗംഗേട്ടൻ വടക്കൻ വീരഗാഥയിലേക്ക് കൊണ്ടുവരുന്നത്. പണം ഇരട്ടിപ്പിക്കുന്നതിന് സിനിമയിലേക്ക് വന്നയാളല്ല അദ്ദേഹം. പകരം സർഗാത്മകതയ്ക്ക് തന്റെ പണത്തിന്റെ പിന്തുണയുണ്ടാകണമെന്ന് നിർബന്ധബുദ്ധിയുണ്ടായിരുന്നു. നിർമാതാക്കളുടെ കൂട്ടത്തിലെ അദ്ഭുതപ്രതിഭ തന്നെയാണ് അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Content Highlights: producer and mathrubhumi director pv gangadharan passed away