
മുംബൈ: ചരിത്രമാകുന്ന ചില കലാമുഹൂർത്തങ്ങളുണ്ട്. കർണാടകസംഗീതത്തിലെ എതിർസ്വരമായ ടി.എം. കൃഷ്ണയും, എന്നും സ്വയം നവീകരിക്കുന്ന താള ചക്രവർത്തി വിക്കു വിനായകറാമും നഗരത്തിൽ ഒരുക്കിയ സംഗീത സദിര് അത്തരം ഒരു ചരിത്രമുഹൂർത്തമായിരുന്നു. ശിവതാണ്ഡവത്തിന്റെ രൗദ്രതാളത്തിൽ വിക്കു വിനായകറാം ചിട്ടപ്പെടുത്തിയ വായ്ത്താരി, ഘടത്തിൽ മേഘസ്ഫോടനമായി വർഷിച്ചപ്പോൾ ഒരു ഇളം തെന്നലിന്റെ കുളിർമയോടെ ശിവശിവ എന്നരാദ എന്ന ത്യാഗരാജ കീർത്തനം കൊണ്ടാണ് ടി.എം. കൃഷ്ണ ആ ഇടിമുഴക്കത്തെ വരവേറ്റത്. പിന്നെ രാഗമാലികയുടെ വർണവിതാനം കൊണ്ട് ടി.എം. കൃഷ്ണ വസന്തഋതുവിൽ പൂക്കൾ വിതറുകയായി. ഒരു സാമ്പ്രദായിക ജ്ഞാനത്തിന്റെ മുഴുവൻ സാധ്യതകളും സ്വായത്തമാക്കിയ കൃഷ്ണ ഇപ്പോൾ ആലപിക്കുന്ന രാഗം ഭൈരവിയാണ്.
രാഗഗാത്രത്തിന്റെ ഓരോ സൂക്ഷ്മസ്ഥലിയിലും സന്ദർശിക്കുന്ന കൃഷ്ണയുടെ സ്പർശത്തിൽ ഭൈരവി ആലിലപോലെ വിറകൊള്ളുന്നു. നിറയെ നക്ഷത്രങ്ങളുള്ള ആകാശം സ്വപ്നം കാണുന്നു. ഒടുവിലൊരു നീരുറവ പോലെങ്ങോ അപ്രത്യക്ഷമാകുമ്പോൾ, വിദൂരതയിൽനിന്നുള്ള കടലിന്റെ പ്രതിധ്വനിപോലെ, കാലം താഴ്ത്തി, ശ്യാമശാസ്ത്രിയുടെ കാമാക്ഷി എന്ന കീർത്തനം. ഇനി തനിയാവർത്തനമാണ്…ഇപ്പോൾ പ്രപഞ്ചത്തിന്റെ സൂര്യകേന്ദ്രം വിക്കുവും മടിയിൽ ഇരിക്കുന്ന ഘടം എന്ന മൺകുടുക്കയുമാണ്… ഉദിച്ചുയർന്ന് ഉച്ചിയിലെത്തി തീതൈലം പെയ്ത് മെല്ലെമെല്ലെ കടലിലലിഞ്ഞു തീരുന്ന ഈ സിംഫണി രചിക്കുന്ന, ഇനിയും വായിച്ചു തീരാത്ത ഈ മനുഷ്യൻ ആരാണ്. ഏഴേഴര നാഴികനേരം കടന്നു പോയത് ആരുമറിഞ്ഞില്ല.
ഗാനശകലങ്ങൾ കൊണ്ട് ഇന്ത്യയുടെ ഭൂപടം വരയ്ക്കാൻ ശ്രമിക്കുകയാണ് ടി.എം. കൃഷ്ണ. രാജസ്ഥാനിൽ ജനിച്ച്, കൃഷ്ണഗീതികൾ പാടി പ്രണയപരവശയായി നടന്നലഞ്ഞു ദ്വാരകയിൽ യാത്ര അവസാനിപ്പിച്ച മീരയുടെ ഭജൻ…..കേരളത്തിന്റെ ദാർശനിക പ്രകാശമായ ആദി ശങ്കരന്റെ ഭജ ഗോവിന്ദം….കാഞ്ചിയിലെ മഹാപെരിയോരുടെ വിശ്വമാനവികതപാടുന്ന മൈത്രീം ഭജ (ഈ കീർത്തനമായിരുന്നല്ലോ 66-ൽ എം.എസ്. സുബ്ബലക്ഷ്മി യു.എന്നിൽ ആലപിച്ചത്) സബർമതിയുടെ ഓർമപ്പെടുത്തലുകളുടെ ഈണമായ വൈഷ്ണവ ജനതോ….ആഴത്തിൽ വേരുകളുള്ള വന്മരങ്ങൾക്കേ കൊടുങ്കാറ്റിന് നേരെ ശിഖരങ്ങൾ പടർത്താനാകൂ. കൃഷ്ണയുടെ കല കലാപമാകുന്നതും വിക്കുവിന്റെ നിലപാടുകൾ ചരിത്രമാകുന്നതും അങ്ങിനെയാണ്. രാവേറെ വൈകിയിരിക്കുന്നു.. നഗരവും ഉറങ്ങാൻ തുടങ്ങുകയായിരുന്നു.
Content Highlights: tm krishna vikku vinayakram concert in mumbai indian classic music Carnatic


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]