
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ കഥ നാം ഒരുപാട് കേട്ടിട്ടുണ്ട്. പല വളർത്തുമൃഗങ്ങളും നിസ്വാർത്ഥമായിട്ടാണ് തങ്ങളുടെ ഉടമയെ സ്നേഹിക്കുന്നത്. അത് കാണിക്കുന്ന അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിലും മറ്റും കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു കുരങ്ങൻ തനിക്ക് ഭക്ഷണം നൽകിയിരുന്ന ഒരാളോടുള്ള അഗാധമായ സ്നേഹം വെളിപ്പെടുത്തുന്ന, കരളലിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധയാകർഷിക്കുന്നത്.
തനിക്ക് ഭക്ഷണം നൽകിയിരുന്ന ആ നല്ല മനുഷ്യന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടി ഈ കുരങ്ങൻ യാത്ര ചെയ്തത് 40 കിലോമീറ്ററാണ്. ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നുമുള്ളതാണ് ഈ വീഡിയോ. തനിക്ക് ഭക്ഷണം നൽകിയിരുന്ന ആ മനുഷ്യന്റെ മൃതദേഹത്തിനരികിൽ അവസാന നിമിഷവും വേദനയോടെയിരിക്കുന്ന കുരങ്ങനെ ഈ വീഡിയോയിൽ കാണാം. കുരങ്ങൻ ആ മനുഷ്യൻ മരിച്ചതറിഞ്ഞ് കണ്ണീർ പൊഴിക്കുകയാണ്. ഒരു നിമിഷം പോലും മാറിയിരിക്കാതെ കുരങ്ങ് ആ മൃതദേഹത്തിനടുത്ത് തന്നെ ഇരിക്കുന്നു.
സംസ്കാരത്തിനായി കൊണ്ടുപോകുമ്പോൾ ആ മൃതദേഹത്തോടൊപ്പം കുരങ്ങനും യാത്ര ചെയ്യുന്നു. അതുപോലെ മരിച്ച മനുഷ്യന്റെ കുടുംബത്തോടൊപ്പം ഇരുന്ന് കരയുന്ന കുരങ്ങനെയും വീഡിയോയിൽ കാണാം. ആദ്യാവസാനം വരെ കുരങ്ങും കുടുംബത്തോടൊപ്പം ഇരിക്കുകയാണ്. ഇടയ്ക്ക് അത് കണ്ണ് തുടയ്ക്കുന്നതും കാണാം. ഒടുവിൽ സംസ്കാര ചടങ്ങ് നടക്കുന്നിടത്തേക്കും പോയ കുരങ്ങ് അവസാനം വരെയും അവിടെ തന്നെയുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം രാംകുൻവർ സിംഗ് എന്നാണ് മരിച്ച വ്യക്തിയുടെ പേര്. കഴിഞ്ഞ രണ്ട് മാസമായി രാംകുൻവർ കുരങ്ങന് കഴിക്കാൻ റൊട്ടി നൽകുകയും ഇരുവരും സുഹൃത്തുക്കളാവുകയും ഒരുമിച്ച് സമയം ചെലവഴിക്കാറുമുണ്ട്. എന്നാൽ, 10 -ാം തീയതി പതിവുപോലെ കുരങ്ങൻ സ്ഥലം സന്ദർശിച്ചപ്പോഴാണ് രാംകുൻവർ മരിച്ചതായി മനസിലാക്കുന്നത്. അദ്ദേഹം മരിച്ചുവെന്ന് മനസിലാക്കിയ കുരങ്ങൻ കരഞ്ഞതായും പ്രദേശത്തെ മാധ്യമങ്ങൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Oct 16, 2023, 9:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]