

ന്യൂഡൽഹി: കോടതി മുറിക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കോടതിയിൽ കേസിന്റെ വാദം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകൻ ഫോണിൽ സംസാരിച്ചത്. ഇപ്പോൾ ഇവിടെ വച്ച് ഫോണിൽ സംസാരിക്കാൻ ഇതൊരു ചന്തയാണോ എന്നാണ് ഡി.വൈ.ചന്ദ്രചൂഡ് അഭിഭാഷകനോട് ചോദിച്ചത്.
കോടതി സമയത്ത് ഫോൺ ഉപയോഗിച്ചതിനെതിരെയായിരുന്നു വിമർശനം. പിന്നാലെ അഭിഭാഷകന്റെ ഫോൺ കണ്ടുകെട്ടാനും കോടതി ജീവനക്കാരോട് ഡി വൈ ചന്ദ്രചൂഡ് നിർദ്ദേശിച്ചു. കോടതി നടപടികൾ നിർത്തിവച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം.
ഭാവിയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും, ജഡ്ജിമാർ ഇത്തരം കാര്യങ്ങൾ എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പേപ്പറുകളിലാണ് നോക്കുന്നതെങ്കിലും, ഇത് കാണാനുള്ള കണ്ണുകളും തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.