
കണ്ണൂർ> തെലങ്കാന സമര നായിക മല്ലു സ്വരാജ്യത്തിന് ആദരമർപ്പിച്ച് വനിതാ അസംബ്ലി. സിപിഐ എം 23-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന കൂട്ടായ്മ പെൺകരുത്തിന്റെ വേദിയായി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി അധ്യക്ഷയായി. കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, സംഘാടക സമിതി കൺവീനർ കെ പി സുധാകരൻ, പി കെ ശ്യാമള എന്നിവർ സംസാരിച്ചു.
ഭരണഘടനയും നീതിന്യായ വ്യവസ്ഥയും സാമൂഹ്യനീതിയും സംരക്ഷിക്കണമെന്ന സന്ദേശം ഞായറാഴ്ച നടന്ന രണ്ട് സെമിനാറുകളിലും മുഴങ്ങി. പിലാത്തറയിൽ ‘സാമൂഹ്യനീതി ഭരണഘടന’ വിഷയത്തിൽ നടന്ന സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ എം വിജിൻ എംഎൽഎ അധ്യക്ഷനായി. ‘ജുഡീഷ്യറിയും ഭരണഘടനാ സംരക്ഷണവും’ സെമിനാറിൽ ജസ്റ്റിസ് കെ ചന്ദ്രു മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. എ പി സുബൈർ അധ്യക്ഷനായി.
തിങ്കൾ വൈകിട്ട് നാലിന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ‘മാർക്സിസത്തിന്റെ പ്രസക്തി’ സെമിനാർ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. കണ്ണൂർ ടൗൺ സ്ക്വയറിൽ‘ കേന്ദ്ര–- സംസ്ഥാന ബജറ്റുകൾ ഒരു താരതമ്യം’ സെമിനാർ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ഞായർ മട്ടന്നൂരിൽ കമ്പവലിയും കണ്ണൂരിൽ ചെസ് മത്സരവും സംഘടിപ്പിച്ചു. കമ്പവലി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും ചെസ് മന്ത്രി എം വി ഗോവിന്ദനും ഉദ്ഘാടനംചെയ്തു.
ലോക വനദിനമായ തിങ്കളാഴ്ച ‘പാർടി കോൺഗ്രസ് ഓർമരം’ നടും. ബർണശേരി നായനാർ അക്കാദമിയിൽ രാവിലെ ഒമ്പതിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് വൃക്ഷത്തൈ നടുക. മാരത്തൺ വൈകിട്ട് 4.30ന് പയ്യാമ്പലത്ത് സ്പോട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ ഫ്ളാഗ് ഓഫ് ചെയ്യും. കബഡി മത്സരം പകൽ 12ന് കരിവെള്ളൂർ എ വി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]